കേരളം

kerala

ഒരു കുഞ്ഞു പ്രോത്സാഹനം; വിനോദയാത്ര കളറാക്കി സൂര്യ കിരണ്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ പാട്ടുകാരന്‍

By ETV Bharat Kerala Team

Published : Jan 30, 2024, 7:43 PM IST

കണ്ണൂര്‍: സ്‌കൂള്‍ വിനോദ യാത്രക്കിടെ പാട്ട് പാടി വൈറലായിരിക്കുകയാണ് തൃച്ചംബര യുപി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിയായ സൂര്യ കിരണ്‍. കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രയില്‍ വെറുതെയൊന്നും മൂളിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സൂര്യ കിരണിന്‍റെ അതിമനോഹരമായ പാട്ട് കേട്ട് കൂട്ടുകാരും ചെവിയോര്‍ത്തിരുന്നു. സംഗീതം പഠിക്കുന്നുണ്ടെങ്കിലും കൂട്ടുകാരില്‍ അധികമാരും കിരണിന്‍റെ പാട്ട് കേട്ടിരുന്നില്ല. അധ്യാപകരായ ജ്യോതിസും ശ്യാം കൃഷ്‌ണനും പ്രോത്സാഹിപ്പിച്ചതോടെയാണ് എന്നാലൊരു പാട്ട് പാടിയേക്കാമെന്ന് സൂര്യ കിരണും ചിന്തിച്ചത്. പാടാനൊരുങ്ങുമ്പോള്‍ ഇതിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കിരണും കരുതിയില്ല. തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ട് പാടിയ കിരണിന്‍റെ കഴിവ് പുറംലോകം അറിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ് അധ്യാപകരും. ഒരു കുഞ്ഞു പ്രോത്സാഹനം മാത്രം മതി ഇത്തരത്തില്‍ ഓരോരുത്തരുടെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന കഴിവുകളെ പുറത്തെടുക്കാന്‍. കിരണ്‍ പാടിയപ്പോള്‍ അധ്യാപകര്‍ അതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. നിരവധി പേരാണ് കിരണിന്‍റെ പാട്ടിന് കമന്‍റുകളുമായി എത്തിയത്. തൃച്ഛംബരത്തെ സുവർണ ടീച്ചറാണ് കിരണിന്‍റെ ഗുരു. തളിപ്പറമ്പ് ചെപ്പനൂലിലെ ഷാജി- രമ്യ ദമ്പതികളുടെ മകനാണ് സൂര്യ കിരൺ.10ാം ക്ലാസ് വിദ്യാർഥി ഷാരോണാണ് കിരണിന്‍റെ സഹോദരന്‍.

ABOUT THE AUTHOR

...view details