കേരളം

kerala

കേരള യൂണിവേഴ്‌സിറ്റി കോഴ ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു, ഗവർണർക്ക് കത്ത് നൽകി

By ETV Bharat Kerala Team

Published : Mar 14, 2024, 3:42 PM IST

വിദ്യാർഥി താല്‍പര്യത്തിന് മുകളിലായി രാഷ്ട്രീയ താല്‍പര്യങ്ങളെ സ്ഥാപിക്കാൻ എസ്എഫ്ഐയും സർവകലാശാലയിലെ ഇടത് അധ്യാപക-അനധ്യാപക സംഘടനകളും ശ്രമിച്ചു - കെഎസ്‌യു

ksu  sfi  KSU Precident Aloshious Xavier  Kerala University
Kerala University Youth Festival; KSU Precident Aloshious Xavier Against SFI

തിരുവനന്തപുരം: എസ്എഫ്ഐയുടെ അമിത രാഷ്ട്രീയവത്കരണത്തിൻ്റെ ഇരയാണ് കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കോഴ ആരോപണ വിധേയനായി ആത്മഹത്യ ചെയ്‌ത ഷാജി പൂത്തട്ടയെന്ന് രൂക്ഷ വിമർശനവുമായി കെഎസ്‌യു. കലോത്സവത്തിൻ്റെ തുടക്കം മുതൽ വലിയ കോഴ ആരോപണം നിലനിന്നിരുന്നുവെന്നും എസ്എഫ്ഐ നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും കെഎസ്‌യു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതൃത്വത്തിന് തങ്ങളുടെ രാഷ്ട്രീയ ലാഭം സംരക്ഷിക്കുന്നതിന് വേണ്ടി എന്ത് വില കുറഞ്ഞ ശൈലിയും സ്വീകരിക്കാൻ മടിയില്ല. ഷാജിയുടെ ആത്മഹത്യാ കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലന്നും, അർഹതപ്പെട്ടതിന് മാത്രമാണ് മാര്‍ക്ക് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നും പറയുന്നു.

കലോത്സവം അലങ്കോലപ്പടുത്താനും അട്ടിമറിക്കാനും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നുവെന്നതിൻ്റെ തെളിവാണ് ഈ വരികളെന്നും കെഎസ്‌യു ആരോപിച്ചു. കലോത്സവത്തിൽ മുമ്പില്ലാത്ത വിധം ജീവനക്കാരുടെ ഇടത് സംഘടന ഇടപെട്ടു. ഇടത് സംഘടനയുടെ ഓഫീസിൽ വച്ചാണ് സംഘാടക സമിതി യോഗം പോലും കൂടിയത് (Kerala University Youth Festival; KSU Against SFI).

കലോത്സവം നിയന്ത്രിച്ചത് ഇടത് സംഘടനയായ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍റെ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ഇടത് സംഘടനയുടെ നിയന്ത്രണത്തിലുള്ള കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി എന്നിവരാണ്. ഇടത് അധ്യാപക സംഘടനാ ഭാരവാഹിയാണ് സ്റ്റുഡന്‍റ്സ് സർവീസസ് ഡയറക്‌ടർ. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ താല്‍പര്യവും കഴിവുകേടും കലോത്സവം കുളമാക്കിയെന്നും നൂറുകണക്കിന് വിദ്യാർത്ഥികളെ എസ്എഫ്ഐ അപമാനിച്ചുവെന്നും കെഎസ്‌യു ആരോപിച്ചു.

എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള കോളേജ് യൂണിയൻ ഉള്ള കോളേജുകളിലെ വിദ്യാർഥികൾ വരെ സ്റ്റേജിൽ പ്രതിഷേധിക്കുന്ന സംഭവം ഉണ്ടായി. കലോത്സവം പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്തം സ്റ്റുഡന്‍റ്സ് സർവീസസ് ഡയറക്‌ടർ സിദ്ദിഖ് ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും ആലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

വിദ്യാർഥി താല്‍പര്യത്തിന് മുകളിലായി രാഷ്ട്രീയ താല്‍പര്യങ്ങളെ സ്ഥാപിക്കാൻ എസ്എഫ്ഐയും സർവകലാശാലയിലെ ഇടത് അധ്യാപക-അനധ്യാപക സംഘടനകളും ശ്രമിച്ചിട്ടുണ്ടെന്നും കെഎസ്‌യു വാർത്താക്കുറിപ്പിൽ ആരോപിച്ചു (KSU Precident Aloshious Xavier Against SFI).

അതേസമയം കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാനിടയായ സംഭവത്തിലും, കോഴ ആരോപണത്തിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി.

കലോത്സവം നിർത്തിവെച്ചത് വിദ്യാർഥി സമൂഹത്തിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും, ഏത് സാഹചര്യത്തിലാണ് കലോത്സവം നിർത്തിവെക്കാൻ ഇടയായതെന്ന് പരിശോധിക്കണമെന്നും കത്തില്‍.

നിർത്തിവെച്ച കലോത്സവം പുനരാരംഭിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നും അലോഷ്യസ് സേവ്യർ കത്തിൽ ആവശ്യപ്പെടുന്നു. കലോത്സവത്തെ അലോങ്കോലപ്പെടുത്തിയത് സർവകലാശാല യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐയുടെ തെറ്റായ സമീപനമാണെന്നും അമിതമായ രാഷ്ട്രീയവത്കരണം കലോത്സവത്തിലുണ്ടായെന്നും കത്തിൽ പറയുന്നു.

കലോത്സവത്തെ അട്ടിമറിക്കാനും അലങ്കോലപ്പെടുത്താനും ഒരു സംഘം എസ്എഫ്ഐ പ്രവർത്തിച്ചിട്ടുണ്ട്. കോഴ വിവാദത്തിൽ എസ്എഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കേണ്ടതും അനിവാര്യമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തിൽ കെഎസ്‌യു പറഞ്ഞു.

ABOUT THE AUTHOR

...view details