കേരളം

kerala

ആലപ്പുഴയിൽ പക്ഷികളെ കൊന്നു തുടങ്ങി ; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സജ്ജം - Duck culling operation in Alappuzha

By ETV Bharat Kerala Team

Published : Apr 19, 2024, 4:40 PM IST

ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഏപ്രില്‍ 25 വരെ രോഗബാധിത പ്രദേശങ്ങളിൽ പക്ഷികളുടെ ഇറച്ചി, മുട്ട തുടങ്ങിയവയുടെ വിപണനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ആലപ്പുഴയിൽ പക്ഷിപ്പനി  കള്ളിങ്  BIRD FLU IN ALAPPUZHA  DUCK CULLING IN ALAPPUZHA
Bird Flu: Culling Of Infected Ducks Started In Alappuzha

ആലപ്പുഴയിൽ പക്ഷികളെ കൊന്നു തുടങ്ങി

ആലപ്പുഴ: ജില്ലയിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ഇന്ന്(ഏപ്രിൽ 19) രാവിലെ ആരംഭിച്ചു. എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും, ചെറുതന പഞ്ചായത്ത് വാര്‍ഡ് മൂന്നിലും ആണ് കള്ളിങ് പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലയിൽ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രത്തിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0477- 2252636 എന്ന നമ്പറിൽ ബന്ധപ്പെടാം. എട്ട് ദ്രുതകര്‍മ്മ സേനകളുടെയും, പിപിഇ കിറ്റ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുടെയും, ദഹിപ്പിക്കുന്നതിനുള്ള സാധന സാമഗ്രികളുടെയും സഹായത്തോടെയാണ് കള്ളിങ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും പ്രതിരോധ മരുന്നുകളും ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുണ്ട്.

വിപണനത്തിന് നിരോധനം: പക്ഷിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളിൽ പക്ഷികളുടെ മുട്ട, ഇറച്ചി ഉൾപ്പടെയുള്ളവരുടെ വിപണനം നിരോധിച്ചതായി ഉത്തരവിറക്കിയിരുന്നു. ഏപ്രില്‍ 25 വരെയാണ് നിരോധനം. കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാര്‍, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ, ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയത്.

താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചതായാണ് ജില്ല കലക്‌ടര്‍ അറിയിച്ചത്. നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളില്‍ വില്‍പനയോ കടത്തലോ നടക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും. ഇതിനായി സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. കുട്ടനാട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തും.

Also Read: ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; പരിശോധനയ്‌ക്കയച്ച സാമ്പിളുകള്‍ പോസിറ്റീവ്

ABOUT THE AUTHOR

...view details