കേരളം

kerala

കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വെറും കണ്ടം കളിക്കാര്‍ : വിമര്‍ശനവുമായി മുന്‍ പാക് താരം

By ETV Bharat Kerala Team

Published : Mar 13, 2024, 6:21 PM IST

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിരാട് കോലിയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍റെ മുന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍

Virat Kohli in T20 world cup 2024  T20 world cup 2024  Mohammad Irfan
Mohammad Irfan backs Virat Kohli to retain spot for T20 world cup 2024

ഇസ്ലാമബാദ് :നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഇടം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഇരു രാജ്യങ്ങളിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിയ്‌ക്ക് യോജിച്ചതല്ലെന്ന വിലയിരുത്തലാണ് താരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്‌ടര്‍മാരെ ചിന്തിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയെ ശക്തമായി പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാന്‍ (Mohammad Irfan). വിരാട് കോലിയുടെ കഴിവുകളിൽ സംശയം പ്രകടിപ്പിക്കുന്നവരെ വിമർശിച്ച മുഹമ്മദ് ഇർഫാൻ ക്രിക്കറ്റിനെക്കുറിച്ചുള്ള അവരുടെ ധാരണയെ ചോദ്യം ചെയ്യുകയാണ് ചെയ്‌തിരിക്കുന്നത്.

ഇതുസംബന്ധിച്ച് പാകിസ്ഥാന്‍റെ മുന്‍ താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ. "വിരാട് കോലിയുടെ കഴിവിനെക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല. കോലിയെ ഒഴിവാക്കിക്കൊണ്ട് ഒരു ടീം തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം വളരെ വലിയൊരു ബാറ്ററാണ് കോലി. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹം എന്താണ് ചെയ്‌തതെന്ന് നമ്മളെല്ലാവരും കണ്ടതാണ്.

ലോകകപ്പിലെ 3-4 മത്സരങ്ങളില്‍ സ്വന്തം നിലയിലാണ് അദ്ദേഹം ഇന്ത്യയെ വിജയിപ്പിച്ചത്. ആ അവസരത്തില്‍ കോലിയുടെ മിന്നും പ്രകടനമില്ലാതിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ പരാജയപ്പെടുമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലന്‍ഡിനും എതിരായ മത്സരങ്ങളും ഇതില്‍ പെടും. ആ മത്സരങ്ങളില്‍ കോലിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഇന്ത്യയെ ഇത്തരത്തില്‍ നിരവധി മത്സരങ്ങളില്‍ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

ടീമില്‍ കോലിയുടെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നത് തീര്‍ത്തും അന്യായമാണ്. ടി20 ലോകകപ്പില്‍ കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ കണ്ടം കളിക്കാര്‍ മാത്രമാണ്" - മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു. തന്‍റെ ഉയരത്താല്‍ പാകിസ്ഥാന്‍റെ 'ബുര്‍ജ്‌ ഖലീഫ' എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് ഇര്‍ഫാന്‍.

ജൂണ്‍ ഒന്ന് മുതലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്‍റില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴിലാവും നീലപ്പട കളിക്കുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മെയ് ഒന്നിനാണ് ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. അതേസമയം ഇന്ത്യയുള്‍പ്പടെ ആകെ 20 ടീമുകളാണ് ടി20 ലോകകപ്പില്‍ മത്സരത്തിന് ഇറങ്ങുന്നത്.

ALSO READ: ലോകകപ്പ് ടി 20 ടീമില്‍ വിരാട് കോലി വേണം, കാരണം പറഞ്ഞ് അനില്‍ കുംബ്ലെ

ടീമുകളെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക ഘട്ടം അരങ്ങേറും. ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ ടീമുകളാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ എതിരാളികള്‍.

ABOUT THE AUTHOR

...view details