കേരളം

kerala

ഗർഭകാലത്തെ കടുത്ത ചൂട് അപകടകരം. അമ്മയെയും കുഞ്ഞിനെയും എങ്ങനെ പരിപാലിക്കാം..

By ETV Bharat Kerala Team

Published : Jan 27, 2024, 3:47 PM IST

ഗര്‍ഭകാലം ആശങ്കകളുടെ കാലമാണ്. ഏറെ കരുതല്‍ വേണ്ട സമയം. സുഖകരമല്ലാത്ത മനസ്സുമുതല്‍ മറ്റു രോഗങ്ങള്‍ വരെ കുഞ്ഞിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഗര്‍ഭകാലത്തെ ചൂടിനെ ഇനി സിംപിളായി മറികടക്കാം.

Pregnancy Informations  Extreme Heat  ഗർഭകാലത്തെ കടുത്ത ചൂട്  അമ്മയെയും കുഞ്ഞിനെയും പരിപാലിക്കാം  health news
Extreme Heat Can Be Risky During Pregnancy

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തുടർച്ചയായ പ്രത്യാഘാതങ്ങൾ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഉഷ്‌ണ തരംഗങ്ങളുടെ ആവര്‍ത്തനവും തീവ്രതയും ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ചൂടേറിയ വർഷമായിരുന്നു കഴിഞ്ഞുപോയ 2023.

കടുത്ത ചൂട് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഉയർത്തുന്നത ഭീഷണി ചില്ലറയല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയും, പ്രായമായവരെയും, ചില പ്രത്യേക രോഗാവസ്ഥകൾ ഉള്ളവരെയും, മരുന്നുകളോട് ഇണങ്ങാനുള്ള ശാരീരിക ശേഷി കുറഞ്ഞവരെയുമൊക്കെ കടുത്ത ചൂട് ഏറെ അപകടകരമായ രീതിയില്‍ തന്നെ ബാധിക്കാനുള്ള സാധ്യതയുണ്ട് (Complications of preterm birth).

ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് ഗർഭിണികള്‍. കാരണം അവരെ സംബന്ധിച്ച് അപകട സാധ്യത കൂടുതലാണ്. കടുത്ത ചൂടിൽ സമ്പർക്കം പുലർത്തുന്നത് കുഞ്ഞിന് കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു

അപകട സാധ്യതകൾ എന്തൊക്കെ..?

ആഗോളതലത്തിൽ ഓരോ 16 സെക്കൻഡിലും ഒരു പ്രസവം നടക്കുന്നു എന്നാണ് കണ്ടെത്തല്‍. ഇതില്‍ 15 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെയാണ് (ഗർഭാവസ്ഥയുടെ 37 ആഴ്‌ചകൾക്ക് മുമ്പ്) ജനിക്കുന്നത്. ലോകത്ത് തന്നെ ശിശുമരണങ്ങള്‍ ഏറുന്നതിന് പിന്നിലെ പ്രധാന കാരണവും മാസം തികയാതെയുള്ള ജനനത്തിന്‍റെ സങ്കീർണതകളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനും വൈകല്യത്തിനും പ്രധാന കാരണവും ഇതുതന്നെയാണ്.

അന്തരീക്ഷ താപനിലയിലെ ഓരോ 1 സെല്‍ഷ്യസ് വർദ്ധനവിനൊപ്പം തന്നെ മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ജനനത്തിനുമുള്ള സാധ്യതയും 5% വർദ്ധിക്കുന്നതായാണ് 27 രാജ്യങ്ങളിൽ നിന്നുള്ള പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പിന്നോക്കം നിൽക്കുന്ന ജനങ്ങളിൽ അപകടസാധ്യത കൂടുതലാണ്.

ഇവിടെ അമിതമായ ചൂടുമൂലവും, മാസം തികയാതെയുള്ള ജനനത്തിനും സാധ്യത ഏറെയാണ്. കാരണം ഈ രാജ്യങ്ങളിലെ ഭൂരിഭാഗം സ്ത്രീകളും പലപ്പോഴും കൃഷിയോ, മറ്റ് ശാരീരിക പ്രയത്നം കൂടുതല്‍ ആവശ്യമായ ജോലികളോ ചെയ്യുന്നവരാണ്. അവരുടെ ഗർഭാവസ്ഥയുടെ അവസാന നാളുകള്‍ വരെ അവര്‍ അത് തുടരുകയും ചെയ്യും (Avoid the hottest part of the day if you can).

അടുത്തിടെയുണ്ടായ ഓസ്‌ട്രേലിയൻ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രമായ താപനിലയിൽ കഴിയുന്ന അമ്മയുടെ സമ്പർക്കം കുഞ്ഞിന്‍റെ ജനന ഭാരത്തെ സ്വാധീനിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗർഭിണികൾക്ക് താപ സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് (Mother's exposure to extreme temperatures may influence a baby's birth weight).

ഗർഭിണിയാകുമ്പോള്‍ ഊഷ്‌മാവ് നിയന്ത്രിക്കാനുള്ള സ്ത്രീയുടെ ശരീര ശേഷിയ്ക്ക് മാറ്റങ്ങൾ വരുന്നതാണ് ഇതിന് കാരണം. ഗർഭിണിയാകുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് വർദ്ധിക്കുന്നു. ഇത് പുറത്തേക്ക് ചൂട് പുറന്തള്ളാനുള്ള കഴിവ് കുറയ്ക്കുന്നു. കൂടാതെ കുഞ്ഞിൽ നിന്നുണ്ടാകുന്ന അധിക ഊർജ്ജവും അമ്മയുടെ ശരീര താപനില വർദ്ധിപ്പിക്കുന്നു (Drink enough water).

ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാവുന്ന ലക്ഷണങ്ങൾ:

- അസ്വസ്ഥതയും ഉത്കണ്‌ഠയും അനുഭവപ്പെടുക

- വേഗതയേറിയ ശ്വസനം, നാഡിമിടിപ്പ്

- വിയർത്തതും, വിളറിയതും, തണുത്തതും, നനഞ്ഞതുമായ ചർമ്മം

- തലകറക്കം, തലവേദന, ബലഹീനത

- ചൂട് മൂലം ഉണ്ടാകുന്ന കുരുക്കളും, ചുണങ്ങുകളും

- ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

- മലബന്ധം

- ബോധക്ഷയം

അമ്മയിലും കുഞ്ഞിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ:

അന്തരീക്ഷ പരിതസ്ഥിതി ഗർഭിണിയുടെ ശരീര താപനിലയേക്കാൾ കൂടുതലാകുമ്പോള്‍ വിയർക്കുന്നതിനായി ചർമ്മത്തിലേക്ക് രക്തപ്രവാഹം വഴിതിരിച്ചുവിടുന്നു. വായുവിലെ താപനില ഏകദേശം 38 ഡിഗ്രിയോ അതിൽ കൂടുതലോ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

അങ്ങനെ പ്ലാസന്‍റയിലേക്കുള്ള രക്തയോട്ടം കുറയുന്നതിനോടൊപ്പം തന്നെ കുഞ്ഞിന് പോഷകാഹാരവും ഓക്സിജനും കുറയുന്നു. നിർജ്ജലീകരണം സംഭവിക്കുന്നതിലൂടെ ഹോർമോണിലും വ്യതിയാനങ്ങളുണ്ടാകുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ, ഓക്‌സിടോസിൻ എന്നീ ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുകയും ഇത് വഴി മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുകയും ചെയ്യുന്നു.

ഗർഭിണിയായിരിക്കുമ്പോൾ ചൂടിനെ മറികടക്കാനുള്ള 5 വഴികൾ:

1) ആവശ്യത്തിന് വെള്ളം കുടിക്കുക, പുറത്ത് പോകുമ്പോഴും ആവശ്യത്തിന് ദാഹജലം കൈയില്‍ കരുതുക. ഇത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും.

2) പുറത്തുപോകാനായി പരമാവധി ചൂടുകുറഞ്ഞ സമയം തിരഞ്ഞെടുക്കുക. തണലിനായി ഒരു തൊപ്പിയോ കുടയോ കൂടെ കരുതുക.

3) ഫാനുകളോ, എയർകണ്ടീഷനുകളോ പരമാവധി ഉപയോഗിക്കുക.

4) കനം കുറഞ്ഞ, നീളൻ കൈയുള്ള, ഇളം നിറമുള്ള, കോട്ടൺ അല്ലെങ്കിൽ ലിനൻ പോലെയുള്ള പ്രകൃതിദത്ത നാരുകൾ കൊണ്ട് നിർമ്മിച്ച അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

5) നന്നായി ഉറങ്ങുക. ഇത് കുഞ്ഞിന്‍റെ രക്തപ്രവാഹം മെച്ചപ്പെടുത്തും. അസ്വസ്ഥതകള്‍ തോന്നുന്നുവെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടുക.

ABOUT THE AUTHOR

...view details