കേരളം

kerala

സ്വയം സ്‌നേഹിക്കൂ ; സ്‌ത്രീകളുടെ ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്‌ച അരുത്

By

Published : Mar 12, 2023, 2:24 PM IST

തിരക്കിനിടയില്‍ ഭക്ഷണം ഒഴിവാക്കുന്നത് വളരെ അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മറ്റുള്ളവരെ പരിപാലിക്കുന്നതില്‍ വ്യാപൃതരാകുന്ന സ്‌ത്രീകള്‍ സ്വയം പരിചരണത്തിനും കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്

women should maintain good diet and exercise  Women health  health remedies for women  importance of women health  ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്‌ച അരുത്  ആരോഗ്യ പ്രശ്‌നങ്ങള്‍  ഭക്ഷണം  ആരോഗ്യം  സ്‌ത്രീകളുടെ ആരോഗ്യം  ആരോഗ്യ പരിപാലനത്തില്‍ നോ കോമ്പ്രമൈസ്  പോഷക സമൃദ്ധമായ ഭക്ഷണം
സ്‌ത്രീകളുടെ ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്‌ച അരുത്

ഹൈദരാബാദ് :കുടുംബത്തിന്‍റെ നട്ടെല്ലായി കണക്കാക്കപ്പെടുന്നത് എപ്പോഴും സ്‌ത്രീകളെയാണ്. വീട്, കുടുംബം, കുട്ടികള്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ മിക്കപ്പോഴും സ്‌ത്രീകളില്‍ നിക്ഷിപ്‌തമാണ്. മകള്‍, ഭാര്യ, അമ്മ, മരുമകള്‍, സഹോദരി എന്നിങ്ങനെ വിവിധ വേഷങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്ന നമ്മുടെ കുടുംബത്തിലെ സ്‌ത്രീകള്‍ ഒന്ന് തളര്‍ന്ന് പോയാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. പിന്നെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും താളം തെറ്റും. സ്‌ത്രീക്കും പുരുഷനും തുല്യതയുണ്ടെങ്കിലും കുടുംബത്തിലെ പെണ്ണിന് ഒരു അസുഖം വന്ന് കിടപ്പിലായാല്‍ തീര്‍ന്നു എല്ലാം. കുടുംബം നോക്കുക എന്നത് അത്ര ചെറിയ കാര്യമൊന്നും അല്ല.

എന്നാല്‍ ഇത്തരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും കുടുംബാംഗങ്ങളെ പരിപാലിക്കാനും ഓടി നടക്കുമ്പോള്‍ മിക്ക സ്‌ത്രീകളും മറന്നുപോകുന്ന ഒരു പ്രധാന കാര്യമാണ് സ്വന്തം ആരോഗ്യം. വിദ്യാഭ്യാസം കുറഞ്ഞവളോ, ഉദ്യോഗസ്ഥയോ, ഇനി ഗര്‍ഭിണി ആണെങ്കില്‍ പോലും സ്വയം പരിപാലിക്കാന്‍ മറന്നുപോകുന്ന സ്‌ത്രീകളാണ് ചിലരൊക്കെ. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിന് മുമ്പ് നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയമാണ്. സ്വയം സ്‌നേഹിക്കുക എന്നാല്‍ നമ്മെ തന്നെ പരിപാലിക്കുക എന്നതുകൂടിയാണ്. സ്വയം പരിപാലിക്കുകയോ സ്‌നേഹിക്കുകയോ ചെയ്യാന്‍ സാധിക്കാത്ത ഒരാള്‍ എങ്ങനെയാണ് പരിപൂര്‍ണമായി മറ്റൊരാളെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക.

ആരോഗ്യ പരിപാലനത്തില്‍ നോ കോമ്പ്രമൈസ് : അത്ര കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാത്ത പക്ഷം സ്‌ത്രീകള്‍ ചികിത്സ തേടി തങ്ങള്‍ക്കരികില്‍ എത്താറില്ലെന്ന് ഡോക്‌ടര്‍മാരും പറയുന്നു. ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ ഇത്രയധികം പദ്ധതികളും ചര്‍ച്ചകളും നടക്കുമ്പോഴും മിക്ക സ്‌ത്രീകളും ഭക്ഷണം കഴിക്കുന്നതിലും വ്യയാമം ചെയ്യുന്നതിലും ശാരീരിക പരിശോധനകള്‍ നടത്തുന്ന കാര്യത്തിലും വളരെ അശ്രദ്ധരാണെന്ന് ഉത്തരാഖണ്ഡിലെ ഗൈനക്കോളജിസ്റ്റായ ഡോ. വിജയലക്ഷ്‌മി പറയുന്നു. ജോലി ചെയ്യുന്ന സ്‌ത്രീകളിലാണ് ഇത്തരത്തിലുള്ള അശ്രദ്ധ ഏറെയും കാണപ്പെടുന്നത്. വീട്ടിലെ കാര്യവും ജോലിക്കാര്യവും കാരണം ഇവര്‍ എപ്പോഴും തിരക്കിലായിരിക്കും എന്നതുതന്നെയാണ് കാരണവും.

വീട്ടുജോലികൾ തീര്‍ത്ത് ഓഫിസിലെത്താനുള്ള ഓട്ടപ്പാച്ചിലില്‍ പല സ്‌ത്രീകളും ഒന്നുകിൽ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പോഷക ഗുണമുള്ള ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നു. അവരുടെ അത്താഴത്തിലും സമാനമായ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുന്നത്. മിക്ക സ്‌ത്രീകളും അനുഭവിക്കുന്ന ഇരുമ്പിന്‍റെ കുറവ്, മറ്റ് അവശ്യ പോഷകങ്ങളുടെ അഭാവം എന്നിവയുടെ പ്രധാന കാരണം ഇതാണ്.

കരുതല്‍ വേണം, ചെറുപ്പം മുതല്‍:പെൺകുട്ടികളെ ചെറുപ്പം മുതലേ തങ്ങളെയും അവരുടെ ആരോഗ്യത്തെയും നന്നായി പരിപാലിക്കാൻ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഡോ. വിജയലക്ഷ്‌മി പറയുന്നു. ശരിയായ സമയത്ത് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെയും ചിട്ടയായ വ്യായാമം അവരുടെ ദിനചര്യയുടെ ഭാഗമാക്കേണ്ടതിന്‍റെയും പ്രാധാന്യം അവരെ ബോധ്യപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ, തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിന് പകരം അവയെ കുറിച്ച് തുറന്ന് സംസാരിക്കാനും അവരിൽ ആത്മവിശ്വാസം വളർത്തേണ്ടതുണ്ട്.

വീട്ടുജോലികൾ, സ്‌കൂൾ-കോളജ് പഠനം, ഓഫിസ് ജോലികൾ എന്നിവ കാരണം മിക്ക പെൺകുട്ടികളും സ്‌ത്രീകളും ശരിയായ ഭക്ഷണക്രമം പാലിക്കുന്നില്ലെന്ന് ഡോക്‌ടര്‍ പറയുന്നു. ചില സ്‌ത്രീകള്‍ സാധാരണയായി ദിവസവും വ്യത്യസ്‌ത സമയങ്ങളിലായി ഭക്ഷണം ഒഴിവാക്കുകയോ വിശപ്പ് തോന്നുമ്പോഴെല്ലാം അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നു. ഇത് അവര്‍ക്ക് ലഭിക്കേണ്ട പോഷകത്തെ ബാധിക്കുന്നു.

ഈ പ്രവണത ആശങ്കാജനകമാണ്. കാരണം ആർത്തവവും മറ്റ് കാരണങ്ങളും കാരണം സ്‌ത്രീകൾക്ക് എല്ലാ മാസവും താരതമ്യേന കൂടുതൽ പോഷകങ്ങൾ ആവശ്യമാണ്. അത്തരം സാഹചര്യങ്ങളിൽ കാത്സ്യം, ഇരുമ്പ്, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവയടക്കം എല്ലാ അവശ്യ ധാതുക്കളും പോഷകങ്ങളും ആവശ്യമായ അളവിൽ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ഒരു നിശ്ചിത ഭക്ഷണക്രമവും ദിനചര്യയും ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നിര്‍ബന്ധം: 40 വയസിനുശേഷം സ്‌ത്രീകൾക്കും പുരുഷന്മാർക്കും പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ടെന്ന് ഡോക്‌ടര്‍ പറയുന്നു. നമ്മുടെ നിലവിലെ ജീവിത ശൈലിയും നമുക്ക് ചുറ്റുമുള്ള രോഗങ്ങളുടെ എണ്ണം വർധിക്കുന്നതും കാരണം പതിവായി പരിശോധനകൾ നടത്തേണ്ടത് വളരെയധികം ആവശ്യമായി വന്നിരിക്കുന്നു. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ഇത്തരം പരിശോധനകളിലൂടെ പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താനും തുടക്കത്തിൽ തന്നെ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാനും കഴിയും.

രക്തസമ്മർദം, ഹീമോഗ്ലോബിന്‍റെ അളവ്, മൂത്രപരിശോധന, തൈറോയ്ഡ് ടെസ്റ്റ്, ലിപിഡ് ടെസ്റ്റ്, ഡയബറ്റിസ് ടെസ്റ്റ്, പ്രോട്ടീൻ ലെവൽ ടെസ്റ്റ്, മാമോഗ്രാം, പാപ് സ്മിയർ ടെസ്റ്റുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സമൂഹം, പെൺകുട്ടികള്‍ വിവാഹം കഴിച്ച് മറ്റൊരാളുടെ കൂടെ പോകേണ്ടതാണെന്ന് കുട്ടിക്കാലം മുതൽ അവരെ പഠിപ്പിക്കുന്നു.

തന്നേക്കാൾ മറ്റുള്ളവരെ പരിപാലിക്കാനും സ്വന്തം ജീവിത ശൈലിയിൽ വിട്ടുവീഴ്‌ചകളും ക്രമീകരണങ്ങളും നടത്താനും പഠിപ്പിക്കുന്നു. അതിനാൽ പെൺകുട്ടികൾ കുട്ടിക്കാലം മുതൽ തങ്ങളെയും തങ്ങളുടെ ആരോഗ്യത്തെയും അവഗണിക്കാന്‍ തുടങ്ങുന്നു. സ്‌ത്രീകൾക്ക് സ്വയം പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ ആരോഗ്യത്തെ അവഗണിക്കുകയാണെങ്കിൽ, മറ്റുള്ളവരെ പരിചരിക്കാന്‍ അവരുടെ ആരോഗ്യം സമ്മതിക്കില്ലെന്ന കാര്യം ആളുകൾ പലപ്പോഴും മറക്കുന്നു. കാരണം ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു സ്‌ത്രീക്ക് മാത്രമേ ഒന്നിലധികം ഉത്തരവാദിത്തങ്ങളുടെയും ബന്ധങ്ങളുടെയും ഭാരം വഹിക്കാൻ സാധിക്കുകയുള്ളൂ.

ABOUT THE AUTHOR

...view details