കേരളം

kerala

കളമശേരി സ്ഫോടനം : നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

By ETV Bharat Kerala Team

Published : Nov 11, 2023, 10:52 PM IST

Kalamassery Blast Case : സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു. ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്നും ഇയാള്‍ മൊഴി നൽകി.

Etv Bharat Crucial Evidence Found On Kalamassery Blast Case
Crucial Evidence Found On Kalamassery Blast Case

എറണാകുളം/തൃശൂർ: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിച്ചതായി പോലീസ് (Crucial Evidence Found On Kalamassery Blast Case). പ്രതി ഡൊമിനിക് മാർട്ടിന്‍റെ ഇരുചക്ര വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകൾ കണ്ടെത്തി. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിലെത്തിയായിരുന്നു മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയുടെ തെളിവെടുപ്പിനിടെയാണ് സ്‌കൂട്ടറിൽ നിന്ന് പ്രധാന തെളിവായ റിമോട്ട് ലഭിച്ചത്.

നേരത്തെ ഡൊമിനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു. സ്ഫോടനത്തിന് ശേഷം കൊരട്ടിയിലെ മിറാക്കിൾ റസിഡൻസിയിൽ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്. സംഭവശേഷം സീൽ ചെയ്‌ത ഹോട്ടൽ മുറിയിൽ മാർട്ടിനെ എത്തിച്ച് തെളിവെടുത്തു. ഈ സമയത്ത് വീഡിയോ ചിത്രീകരിച്ചത് എങ്ങനെയെന്നും ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളും ഇയാൾ പൊലീസിനോട് വിശദീകരിച്ചു. മുറിയിൽ നിന്ന് മാർട്ടിന്‍റെ വിരലടയാളം ഉൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നായിരുന്നു മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിയത്.

സ്‌ഫോടനം നടന്ന സംറ കൺവെൻഷൻ സെന്‍ററിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൺവെൻഷൻ സെന്‍ററിൽ സ്ഫോടക വസ്‌തുക്കൾ സ്ഥാപിച്ചതും, ഇവിടെ നിന്ന് രക്ഷപെട്ടതും അന്വേഷണ സംഘത്തിന് പ്രതി മാർട്ടിൻ കാണിച്ച് കൊടുത്തിരുന്നു.

Also Read:കളമശ്ശേരി സ്‌ഫോടനം: പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ പരിശോധിക്കും

പ്രതി ഗുണ്ട് വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കകടയിൽ വ്യാഴാഴ്‌ച രാവിലെ തെളിവെടുപ്പ് നടത്തി. കടയിൽ എത്തിച്ച പ്രതിയെ കടയുടമ തിരിച്ചറിഞ്ഞിരുന്നു. ബോംബ് നിർമിക്കാൻ ആവശ്യമായ ഗുണ്ടുകൾ വാങ്ങിയത് ഇവിടെനിന്നാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. വെളളിയാഴ്‌ച പാലാരിവട്ടത്തെ ഇലക്ട്രോണിക്ക് ഷോപ്പുകളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് സ്ഫോടനം നടത്താൻ ആവശ്യമായ ഐ ഇ ഡി നിർമ്മിക്കാനാവശ്യമായ ഇലക്ട്രോണിക്ക് വസ്‌തുക്കൾ വാങ്ങിയത്.

സ്ഫോടനം നടത്തിയത് താൻ തന്നെയെന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾ പ്രതി തന്നെ പൊലീസിന് കൈമാറിയിരുന്നു. സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമിച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു.

തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു ഡൊമിനിക് മാർട്ടിന്‍. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്ന് അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നു.

Also Read:കളമശേരി സ്‌ഫോടന കേസ്: സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടു; 2 വ്ലോഗര്‍മാര്‍ക്കെതിരെ കേസ്

ഒരു മാസത്തേക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മാർട്ടിനെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. പ്രതിയ്‌ക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായെങ്കിലും അഭിഭാക്ഷകന്‍റെ സേവനം ആവശ്യമില്ലന്ന് ഇയാൾ കോടതിയെ അറിയിച്ചു. തന്‍റെ ആശയങ്ങൾ സ്വന്തം ശബ്‌ദത്തിൽ കോടതിയെ അറിയിക്കുമെന്നും, സ്വന്തമായി കേസ് വാദിക്കുമെന്നും ഡൊമിനിക്ക് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details