ETV Bharat / state

കളമശേരി സ്‌ഫോടന കേസ്: സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടു; 2 വ്ലോഗര്‍മാര്‍ക്കെതിരെ കേസ്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 3:09 PM IST

Woman vlogger held for objectionable social media remarks with regard to Kalamassery blast  Two Vloggers Arrested  Kalamassery Blast  Kalamassery Blast Hate Propaganda Case  കളമശേരി സ്‌ഫോടന കേസ്  സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടു  2 വ്ലോഗര്‍മാര്‍ക്കെതിരെ കേസ്  വ്ലോഗര്‍മാര്‍ക്കെതിരെ കേസ്
Two Vloggers Arrested Kalamassery Blast Hate Propaganda Case

Kalamassery Blast Case: കളമശേരി സ്‌ഫോടനവുമായി സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചരണം. രണ്ട് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസ്. ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പത്തനംതിട്ടയിലും സമാന കേസില്‍ അറസ്റ്റ്.

കൊച്ചി: കളമശേരി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകളിട്ടതിന് വ്ലോഗര്‍മാര്‍ക്കെതിരെ കേസ്. വ്ലോഗര്‍മാരായ ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പിഡിപി നേതാവും കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ അബ്‌ദുല്‍ നാസര്‍ മഅദനിയെ പരാമര്‍ശിച്ച് കൊണ്ട് പോസ്റ്റിട്ടതിനാണ് പൊലീസ് നടപടി.

പിഡിപി പ്രവര്‍ത്തകന്‍റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. കളമശേരി സ്‌ഫോടന കേസിനെ അബ്‌ദുല്‍ നാസര്‍ മഅദനിയുമായി ബന്ധപ്പെടുത്തും വിധത്തിലുള്ള പോസ്റ്റുകളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഐപിസി സെക്ഷൻ 153 എയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

മതം, വംശം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ എന്നിവയെ ചൊല്ലി ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പാണ് 153 എ. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും വ്ലോഗര്‍ ലസിത പാലക്കലിനെതിരെ കേസെടുത്തിട്ടുണ്ട്.

പത്തനംതിട്ടയിലും സമാന കേസ് : കളമശേരി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് പത്തനംതിട്ടയിലും ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴഞ്ചേരി സ്വദേശിയായ റിവ തോളൂര്‍ ഫിലിപ്പിനെതിരെയാണ് കേസ്. ഒരു പ്രത്യേക സംഘടനയുടെ പേര് പരാമര്‍ശിച്ച് അവരാണ് കളമശേരിയില്‍ സ്‌ഫോടനം നടത്തിയതെന്നും ആരോപിച്ചാണ് ഇയാള്‍ പോസ്റ്റ് പങ്കിട്ടത്.

'യഹോവ സാക്ഷികളുടെ പള്ളിയില്‍ അവര്‍ (പ്രത്യേക സംഘടന) സ്‌ഫോടനം നടത്തി. ഒരാള്‍ മരിച്ചു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു' എന്നുമാണ് ഇയാള്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തുകയാണെന്നും സംഘടനയെ സമൂഹത്തില്‍ മോശമായി ചിത്രീകരിച്ച് കലാപമുണ്ടാക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

കളമശേരിയിലെ സ്‌ഫോടനവും കേസും: ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29നാണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം ഉണ്ടായത്. രാവിലെ 9.40 ഓടെ യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്‌ക്കിടെയായിരുന്ന സ്ഫോടനം. സ്‌ഫോടനത്തില്‍ പരിക്കേറ്റ് നാല് പേരാണ് മരിച്ചത്.

നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ തമ്മനത്ത് താമസിക്കുന്ന ഡൊമിനിക്ക് മാര്‍ട്ടിന്‍ എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയുമുണ്ടായി. അത്താണിയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്‍റില്‍ വച്ചാണ് സ്‌ഫോടക വസ്‌തു നിര്‍മിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

also read: Kalamassery Blast Accused Dominic Martin: സ്‌ഫോടക വസ്‌തു നിർമ്മിച്ചത് അത്താണിയില്‍, കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമനിക്ക് മാർട്ടിനുമായി തെളിവെടുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.