കേരളം

kerala

Manchester city | പ്രീമിയർ ലീഗിന് തുടക്കം: സിറ്റിക്ക് കിരീടം നിലനിർത്തണം, പക്ഷേ അത്ര ഈസിയല്ല കാര്യങ്ങൾ

By

Published : Aug 8, 2023, 2:41 PM IST

പരിശീലകൻ പെപ്‌ ഗ്വാർഡിയോളയുടെ തന്ത്രങ്ങൾ അതേപടി കളത്തിൽ നടപ്പിലാക്കുന്ന താരങ്ങളാണ് സിറ്റിയുടെ കരുത്ത്. എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അത്ര എളുപ്പമായേക്കില്ലെന്നാണ് സൂചന.

EPL  English premier league  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  English premier league 2023  English premier league new season  Manchester city  മാഞ്ചസ്റ്റർ സിറ്റി  Sports news  football news  English premier league preview  Manchester city team preview  Pep guardiola  josko gvardiol
English premier league Manchester city team preview

ലോകമെമ്പാടുമുള്ള കളിയാരാധകർ ക്ലബ് ഫുട്‌ബോളിന്‍റെ ലഹരിയിൽ അലിഞ്ഞുചേരാൻ ഇനി നാളുകൾ മാത്രം. ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ കിരീടങ്ങൾ നിലനിർത്താനായി പ്രമുഖ ടീമുകൾ കച്ചകെട്ടിയിറങ്ങുമ്പോൾ നിർഭാഗ്യങ്ങളാൽ നൂലിഴ വ്യതാസത്തിൽ കൈവിട്ട ചാമ്പ്യൻപട്ടങ്ങൾ തിരികെപ്പിടിക്കാൻ കാത്തിരിക്കുകയാണ് മറ്റു പ്രധാന ടീമുകൾ. കഴിഞ്ഞ സീസണിന്‍റെ അവസാനത്തിൽ തന്നെ പല വമ്പൻ ക്ലബുകളും നിരവധി പ്രതിഭാധനരായ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ആഗസ്റ്റ് 12ന് മാഞ്ചസ്റ്റർ സിറ്റി - ബേൺലി മത്സരത്തോടെയാണ് 2023-24 പ്രീമിയർ ലീഗ് സീസണിന് തുടക്കമാകുന്നത്.

സമീപകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വമ്പൻ താരങ്ങളുടെ കൂടുമാറ്റങ്ങൾക്കാണ് ഇത്തവണ കാൽപന്തുലോകം സാക്ഷ്യം വഹിക്കുന്നത്. പ്രമീയർ ലീഗ്, ലാ ലിഗ, ഇറ്റാലിയൻ ലീഗ് അടക്കമുള്ള മുൻനിര ലീഗുകൾക്ക് ഭീഷണിയായി സൗദി പ്രോ ലീഗ് ട്രാൻസ്‌ഫർ ജാലകത്തിലേക്ക് രംഗപ്രവേശനം നടത്തി. ഇതോടെ പല മുൻനിര ക്ലബുകളുടെ പ്രമുഖ താരമടക്കമുള്ളവർ പണക്കൊഴുപ്പിന് പിന്നാലെ പോയി സൗദി ലീഗിലെ വിവിധ ക്ലബുകളിലേക്ക് ചേക്കേറി. പല ടീമുകളും ഈ താരങ്ങൾക്കെല്ലാം പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.

പ്രീമിയർ ലീഗില്‍ ടീമുകൾക്ക് പുതിയ മുഖം: പ്രമുഖ ടീമുകളെല്ലാം ടീമിൽ വലിയ അഴിച്ചുപണി നടത്തിയതോടെ പ്ലെയിങ് ഇലവനിലും കാര്യമായ മാറ്റങ്ങൾക്ക് തന്നെയാകും പുതിയ സീസൺ സാക്ഷിയാകുക. ആദ്യ ഇലവനിൽ ആരെല്ലാം സ്ഥാനം പിടിക്കും എന്നറിയാനും പുതിയ ടാക്റ്റിക്‌സുകളുമായി ടീമുകൾ കളത്തിലിങ്ങുന്നതിനുമായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും വിദഗ്‌ദരുമടക്കമുള്ള ഫുട്ബോൾ ലോകം.

ക്ലബ് ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയതും മത്സര സ്വഭാവുമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ കിക്കോഫിനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നിലവിലെ ജേതാക്കാളായ മാഞ്ചസ്റ്റർ സിറ്റിയും റണ്ണേഴ്‌സ് അപ്പായ ആഴ്‌സണലും അണിയറയിൽ പോരാട്ടത്തിനുള്ള കോപ്പുകൂട്ടുന്ന തിരക്കിലാണ്. ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ പഴയകാല പ്രതാപം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.

സൈഡ് ലൈനിനരികിൽ പരിശീലകൻ പെപ്‌ ഗ്വാർഡിയോള മെനഞ്ഞ ചാണക്യ തന്ത്രങ്ങൾ അതേപടി കളത്തിൽ നടപ്പിലാക്കിയ താരങ്ങളുടെ മികവിലാണ് സിറ്റി ചാമ്പ്യൻപട്ടം നിലനിർത്തിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമായേക്കില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ ആഴ്‌സണലിന് മുന്നിൽ പെപിനും സംഘത്തിനും കാലിടറിയിരുന്നു. അതോടൊപ്പം തന്നെ ചില താരങ്ങൾ ടീം വിട്ടതും മറ്റു താരങ്ങൾ ടീം വിടാനൊരുങ്ങുന്നതും പെപിന് തലവേദനയായേക്കും.

നായകനും മധ്യനിരയിലെ പ്രധാനതാരവുമായിരുന്ന ഇൽകായ് ഗുണ്ടോഗൻ സീസണിനൊടുവിൽ ബാഴ്‌സലോണയുമായി കരാറിലെത്തിയിരുന്നു. മുന്നേറ്റനിരയിൽ നിന്ന് അൽജീരിയൻ താരമായ റിയാദ് മെഹ്‌റസ് സൗദി ക്ലബ് അൽ അഹ്‌ലിയേക്കാണ് കൂടുമാറിയത്. അതോടൊപ്പം തന്നെ പ്രതിരോധത്തിലെ പരിചയസമ്പന്നനായ കെയ്‌ൽ വാക്കർ ബയേൺ മ്യൂണിക്കിലേക്കും മധ്യനിരയിൽ കളിമെനയുന്ന ബെർണാഡോ സിൽവ ബാഴ്‌സലോണയിലേക്കും ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഗുണ്ടോഗന് പകരക്കാരനായി ചെൽസിയിൽ നിന്നും ക്രൊയേഷ്യൻ മിഡ്‌ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെയാണ് സിറ്റി കൂടെക്കൂട്ടിയത്. പ്രതിരോധത്തിന് കൂടുതൽ കരുത്ത് പകരാൻ ജർമൻ ക്ലബ് ആർബി ലെയ്‌പ്‌സിഗിൽ നിന്ന് 21-കാരനായ ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോളിനെ ടീമിലെത്തിക്കാനും ധാരണയായിട്ടുണ്ട്. കൊവാസിച്ചിനായി 30 മില്യൺ പൗണ്ടാണ് മുടക്കിയതെങ്കിൽ ഏകദേശം 80 മില്യൺ പൗണ്ടിന്‍റെ വമ്പൻ കരാറാണ് ഗ്വാർഡിയോളിനായി സിറ്റി മുടക്കിയെതെന്നാണ് റിപ്പോർട്ടുകൾ. പരിചയസമ്പന്നരായ റൂബൻ ഡിയാസ്, ജോൺ സ്റ്റോൺസ്, മാനുവൽ അകാഞ്ചി തുടങ്ങിയ താരങ്ങൾ അണിനിരയ്‌ക്കുന്ന പ്രതിരോധത്തിൽ ഗ്വാർഡിയോൾ കൂടെയെത്തുന്നതോടെ സിറ്റിയുടെ പത്മവ്യൂഹം തകർക്കാൻ എത് വമ്പൻമാരും വിയർക്കുമെന്നുറപ്പാണ്.

കഴിഞ്ഞ സീസൺ വരെ സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെ കളിച്ചിരുന്ന സിറ്റിയിലേക്ക് ഗോളടിയന്ത്രം എർലിങ് ഹാലണ്ടിന്‍റെ വരവ് ഗുണം ചെയ്‌തു. പ്രീമിയർ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ റെക്കോഡുകൾ പൊളിച്ചെഴുതിയാണ് ഹാലണ്ട് സിറ്റിക്കൊപ്പമുള്ള ആദ്യ സീസൺ അവസാനിപ്പിച്ചത്. അതുവരെ ഗോളടിക്കാനായി വിങർമാരെയും മിഡ്‌ഫീൽഡർമാരെയും ആശ്രയിച്ചിരുന്ന സിറ്റിയുടെ കളിരീതിയിൽ വലിയ മാറ്റങ്ങളുണ്ടായി. ഇത്തവണയും ഹാലണ്ടിൽ തന്നെയാകും സിറ്റിയുടെ പ്രതീക്ഷ, ഒപ്പം യുവ അർജന്‍റൈൻ താരം ജൂലിയൻ അൽവാരസും ഉണ്ടാകും.

ABOUT THE AUTHOR

...view details