കേരളം

kerala

WTC Final | ഡേവിഡ് വാര്‍ണറുടെ വിക്കറ്റ്, ഗാലറിയില്‍ ആഘോഷം; 'ഉറക്കത്തില്‍ നിന്നും' ഞെട്ടിയേഴുന്നേറ്റ് മാര്‍നസ് ലബുഷെയ്‌ന്‍ - വീഡിയോ

By

Published : Jun 10, 2023, 7:24 AM IST

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴാണ് കെന്നിങ്‌ടണ്‍ ഓവലില്‍ ഈ രസകരമായ സംഭവമുണ്ടായത്.

Etv Bharat
Etv Bharat

ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്കായിരുന്നു. ഇന്നലെ, 151-5 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ ടീം ഇന്നിങ്‌സ് പുനരാരംഭിച്ചത്. അജിങ്ക്യ രഹാനെ (89), ശര്‍ദുല്‍ താക്കൂര്‍ (51) എന്നിവരുടെ ചെറുത്തുനില്‍പ്പ് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ പിന്നീട് വന്ന മറ്റാര്‍ക്കും കാര്യമായി റണ്‍സ് കണ്ടെത്താനായില്ല.

ഇതോടെ 296 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആകുകയായിരുന്നു. സ്‌കോര്‍ 261ല്‍ നില്‍ക്കെയായിരുന്നു അജിങ്ക്യ രഹാനെയുടെ പുറത്താകല്‍. പിന്നീട് സ്‌കോര്‍ബോര്‍ഡിലേക്ക് 35 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്‌ക്ക് ശേഷിക്കുന്ന മൂന്ന് വിക്കറ്റും നഷ്‌ടപ്പെട്ടത്.

ഇന്ത്യ 296ല്‍ ഓള്‍ ഔട്ട് ആയതോടെ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ അത്ര മികച്ച തുടക്കമായിരുന്നില്ല അവര്‍ക്ക് മത്സരത്തില്‍ നിന്നും ലഭിച്ചത്. ഓസീസ് രണ്ടാം ഇന്നിങ്‌സിന്‍റെ നാലാം ഓവറില്‍ തന്നെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി.

എട്ട് പന്തില്‍ ഒരു റണ്‍ നേടിയ വെറ്ററന്‍ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് കങ്കാരുപ്പടയ്‌ക്ക് തുടക്കത്തില്‍ തന്നെ നഷ്‌ടപ്പെട്ടത്. വാര്‍ണറിനെ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്‍റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജായിരുന്നു വിക്കറ്റ് സ്വന്തമാക്കിയത്. ഓസീസ് ഇടം കയ്യന്‍ ബാറ്റര്‍ പുറത്തായതോടെ രസകരമായ ഒരു സംഭവവും കെന്നിങ്‌ടണ്‍ ഓവലിലെ ഓസ്‌ട്രേലിയന്‍ ഡ്രസിങ് റൂമിലുണ്ടായി.

മൂന്നാമനായി ക്രീസിലേക്കെത്തേണ്ട മാര്‍നസ് ലബുഷെ്യ്‌ന്‍റെ ഉറക്കമാണ് കാണികളിലും കമന്‍ററി ബോക്‌സിലും ചിരിപടര്‍ത്തിയത്. ഇന്ത്യ ഓള്‍ ഔട്ട് ആകുന്നത് വരെ ഫീല്‍ഡ് ചെയ്‌ത ശേഷമായിരുന്നു ലബുഷെയ്‌നും മറ്റ് താരങ്ങളും ഡ്രസിങ് റൂമിലെത്തിയത്. പിന്നാലെ വാര്‍ണറും ഉസ്‌മാന്‍ ഖവാജയും തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനായി മൈതാനത്തേക്കിറങ്ങി.

ഇതോടെ മൂന്നാം നമ്പറില്‍ ക്രീസിലെത്തേണ്ട മാര്‍നസ് ലബുഷെയ്‌ന്‍ ബാറ്റിങ്ങിനിറങ്ങാന്‍ തയ്യാറായി പാഡെല്ലാം അണിഞ്ഞ് ഡ്രസിങ് റൂമിന് പുറത്തായുണ്ടായിരുന്ന കസേരയില്‍ ഇരുന്നു. ഇതിനിടെയാണ് താരം ചെറുതായിട്ടൊന്ന് ഉറങ്ങിപ്പോയത്. നാലാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായതും ആദ്യം ഉറക്കത്തിലായിരുന്ന ലബുഷെയ്‌ന്‍ അറിഞ്ഞിരുന്നില്ല.

കാണികളുടെ വിക്കറ്റ് ആഘോഷമാണ് ഉറക്കത്തിലായിരുന്ന ലബുഷെയ്‌നെ ഉണര്‍ത്തിയത്. അവിടെ നിന്നും ചാടിയേഴുന്നേറ്റ താരം പെട്ടന്ന് തന്നെ റെഡിയായി പിന്നീട് ക്രീസിലേക്കെത്തുകയും ചെയ്‌തു. മൂന്നാമനായി ക്രീസിലെത്തിയ താരം ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കായി കാഴ്‌ചവച്ചത്.

നിലവില്‍ 41 റണ്‍സുമായി ലബുഷെയ്‌ന്‍ ക്രീസില്‍ തുടരുകയാണ്. ലബുഷെയ്‌നൊപ്പം 7 റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ ആണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് നേടിയ ഓസ്‌ട്രേലിയക്ക് 296 റണ്‍സിന്‍റെ ലീഡുണ്ട്.

വാര്‍ണറിന് പുറമെ ഖവാജ (13), സ്റ്റീവ് സ്‌മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്‌ടമായത്. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്.

More Read :WTC Final | മൂന്നാം ദിനവും ഓസീസിന് മേൽക്കൈ; ഇന്ത്യക്കെതിരെ കൂറ്റൻ ലീഡിലേക്ക്

ABOUT THE AUTHOR

...view details