കേരളം

kerala

ആവേശപോരാട്ടത്തിന്‍റെ 'തനിയാവര്‍ത്തനം'; കിവിപ്പടയെ വൈറ്റ്‌വാഷ് ചെയ്‌ത് ടീം ഇന്ത്യ

By

Published : Feb 2, 2020, 5:02 PM IST

അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഏഴ്‌ വിക്കറ്റിന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. 5-0നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഫോമിലേക്ക് തിരിച്ചെത്തിയ ബുംറയാണ് വിജയശില്‍പ്പി. മിന്നും ഫോമിലുള്ള കെഎല്‍ രാഹുലാണ് പരമ്പരയിലെ താരം. 5-0നാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

NZ vs IND  New Zealand vs India 5th T20I  Mount Maunganui  India vs New Zealand T20I series  India vs New Zealand  ന്യൂസിലന്‍ഡ് പരമ്പര  ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം
ആവേശപോരാട്ടത്തിന്‍റെ 'തനിയാവര്‍ത്തനം'; കിവിപ്പടയെ വൈറ്റ്‌വാഷ് ചെയ്‌ത് ടീം ഇന്ത്യ

ബേ ഓവല്‍:അവസാന ഓവറില്‍ ജയം നേടുന്നത് ശീലമാക്കുകയാണ് ടീം ഇന്ത്യ. കോലിയില്ലാതെ അഞ്ചാം ടി-20ക്ക് കളത്തിലിറങ്ങിയ ഇന്ത്യന്‍ പട ഏഴ്‌ വിക്കറ്റിനാണ് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര ഇന്ത്യ തൂത്തുവാരി. ഫോമിലേക്ക് തിരിച്ചെത്തിയ ബുംറയാണ് വിജയശില്‍പ്പി. മിന്നും ഫോമിലുള്ള കെഎല്‍ രാഹുലാണ് പരമ്പരയിലെ താരം. അതേസമയം ബാറ്റിങ്ങിനിടെ പരിക്കേറ്റ് പിന്‍മാറിയ രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട സഞ്ജു സാംസണ്‍ മലയാളികളെയും നിരാശരാക്കി.

പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ (ചിത്രം: ബിസിസിഐ)

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് തുടക്കം പിഴച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ അഞ്ച് റണ്‍സ് മാത്രം നേടി പുറത്തായി. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്. എന്നാല്‍ പിന്നീട് കണ്ടത് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട അതേ കാഴ്‌ചയാണ്. കളം പിടിച്ച സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലും കോലിയുടെ ആഭാവത്തില്‍ ക്യാപ്‌റ്റന്‍ സ്ഥാനം ലഭിച്ച രോഹിത് ശര്‍മയും കിവി ബൗളര്‍മാരെ നിര്‍ഭയം അടിച്ചകറ്റി. പന്ത്രണ്ടാം ഓവറിലാണ് സഖ്യം പിരിഞ്ഞത്. 33 പന്തില്‍ 45 റണ്‍സ് ( 4 ഫോറും 2 സിക്‌സും) നേടി രാഹുല്‍ ബെനറ്റിന് വിക്കറ്റ് നല്‍കിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 96ലെത്തിയിരുന്നു. പിന്നെ കോലിയുടെ സ്ഥാനത്തെത്തിയ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയില്ല. നാലാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന സ്ഥാനം ഉറപ്പിച്ച ശ്രേയസ് ശ്രദ്ധയോടെ കളിച്ച് രോഹിത്തിന് പിന്തുണ നല്‍കി. പതിനേഴാം ഓവറില്‍ പരിക്ക് രൂക്ഷമായ രോഹിത് ശര്‍മ ബാറ്റിങ് മതിയാക്കി പവലിയനിലേക്ക് മടങ്ങി. 40 പന്തില്‍ 60 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും ചേര്‍ന്ന് നിശ്ചിത ഓവറില്‍ ഇന്ത്യയെ 163 റണ്‍സിലെത്തിച്ചു.

കോലിയില്ലാതെയാണ് ഇന്ത്യ ഇന്ന് മൈതാനത്തിറങ്ങിയത് (ചിത്രം: ബിസിസിഐ)

ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ക്യാപ്‌റ്റന്‍ സൗത്തിയാണ് കൂടുതല്‍ 'തല്ലുവാങ്ങിയത്'. നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ സൗത്തിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. മികച്ചു നിന്നത് ഹാമിഷ് ബെന്നറ്റ് മാത്രമാണ്. ബെന്നറ്റിന്‍റെ നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാനായത്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ സ്‌കോട്ടും മികച്ച് നിന്നു.

ആരാധകരെ ആശങ്കയിലാക്കി രോഹിത്തിന് പരിക്ക് (ചിത്രം: ബിസിസിഐ)

ന്യൂസിലാന്‍ഡിലെ ചെറിയ മൈതാനത്ത് അത്ര വലിയ ലക്ഷ്യമായിരുന്നില്ല ഇന്ത്യ മുന്നില്‍ വച്ചത്. തുടക്കം മുതല്‍ ആക്രമിച്ച പന്തെറിഞ്ഞ ബുംറയും കൂട്ടരും കിവിപ്പടയെ വരിഞ്ഞുമുറുക്കി. രണ്ടാം ഓവറില്‍ ഗപ്‌റ്റിലിനെയും മൂന്നാം ഓവറില്‍ മണ്‍റോയെയും നാലാം ഓവറില്‍ ടോംവ ബ്രൂസിനെയും കിവീസിന് നഷ്‌ടമായി. ഇന്ത്യ ആനായാസം ജയത്തിലേക്കടുക്കുമെന്ന് തോന്നിയ നിമിഷം. എന്നാല്‍ പിന്നാലെയെത്തിയ റോസ്‌ ടെയ്‌ലറും ടിം സെയ്‌ഫെര്‍ട്ടും ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. പതിമൂന്നാം ഓവറില്‍ 30 പന്തില്‍ 50 റണ്‍സ് നേടിയ സെയ്‌ഫെര്‍ട്ട് പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ 116ലെത്തിയിരുന്നു. കിവീസ് നിഷ്‌പ്രയാസം ജയത്തിലേക്കടുമെന്ന് തോന്നി. എന്നാല്‍ പിന്നാലെ വന്ന ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് പിഴച്ചു. കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് വഴങ്ങിയതിന് പഴികേട്ട ബുംറ ഫോമിലേക്ക് തിരിച്ചെത്തി. വാഷിങ്ടണ്‍ സുന്ദറും നവ്‌ദീപ് സെയ്‌നിയും ബുംറയ്‌ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ലക്ഷ്യത്തിലേക്കുള്ള ന്യൂസിലന്‍ഡ് യാത്ര കഠിനമായി. ലക്ഷ്യത്തിലേക്കുള്ള റണ്‍റേറ്റ് ഉയര്‍ന്നതോടെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച കിവീസ് ബാറ്റ്സ്‌മാന്‍മാര്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകളിലേക്ക് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. ഒരു ഘട്ടത്തില്‍ ലക്ഷ്യത്തിലേക്ക് അടുത്തെങ്കിലും 18-ാം ഓവറില്‍ ന്യൂസിലന്‍ഡിന്‍റെ അവസാന പ്രതീക്ഷയായ റോസ്‌ ടെയ്‌ലര്‍ പുറത്ത്. 47 പന്തില്‍ 53 റണ്‍സെടുത്ത ടെയ്‌ലറെ സെയ്‌നി പുറത്താക്കി. അവസാന ഓവറില്‍ രണ്ട് സിക്‌സ് നേടിയ സോധി മത്സരത്തിന് ആവേശം നല്‍കി. എന്നാല്‍ ലക്ഷ്യത്തിലേക്കെത്താന്‍ കിവിപ്പടയ്‌ക്കായില്ല. ലക്ഷ്യത്തിന് ഏഴ്‌ റണ്‍സ് അകലെ ന്യൂസിലന്‍ഡ് കീഴടങ്ങി. ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. ഒപ്പം പരമ്പരയും.

പരമ്പരയിലെ താരമായി കെഎല്‍ രാഹുല്‍ (ചിത്രം: ബിസിസിഐ)

ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത് ബുംറയായിരുന്നു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുംറ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ആറ് റണ്‍സ് എക്കോണമിയില്‍ പന്തെറിഞ്ഞ സുന്ദറും അഞ്ച് റണ്‍സ് എക്കോണമിയില്‍ പന്തെറിഞ്ഞ സെയ്‌നിയും ബുംറയ്‌ക്ക് മികച്ച പിന്തുണ നല്‍കി.

വിജയശില്‍പ്പി ജസ്‌പ്രീത് ബുംറ (ചിത്രം: ബിസിസിഐ)

ഇന്ത്യന്‍ ബൗളര്‍മാര്‍ ഫോമിലേക്ക് തിരിച്ചുവന്നത് ഇന്ത്യയ്‌ക്ക് പ്രതീക്ഷയാണ്. അതേസമയം രോഹിത് ശര്‍മക്ക് പരിക്കേറ്റത് തിരിച്ചടിയും. ബുധനാഴ്‌ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്‌ക്ക് മുമ്പ് രോഹിത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട സഞ്‌ജു സാംസണ്‍ വിണ്ടും നിരാശയാണ് സമ്മാനിക്കുന്നത്. പന്തിനെ തിരിച്ചുകൊണ്ടുവരണമെന്ന് വാദിക്കുന്ന ഡല്‍ഹി ലോബിക്ക് സഞ്ജുവിന്‍റെ പ്രകടനം പുതിയ ആയുധമാകും. എന്നിരുന്നാലും ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കാനിടയുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്‌ക്ക് ബുധനാഴ്‌ച ഹാമില്‍ട്ടണില്‍ തുടക്കമാകും.

Intro:Body:

dd


Conclusion:

ABOUT THE AUTHOR

...view details