കേരളം

kerala

ഇന്‍ഡോര്‍ പിച്ചിന്‍റെ വിധി മാറ്റിയെഴുതി ഐസിസി; നടപടി ബിസിസിഐ അപ്പീലില്‍

By

Published : Mar 27, 2023, 3:42 PM IST

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ റേറ്റിങ്ങില്‍ മാറ്റം വരുത്തി ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെ തീരുമാനത്തിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിയിരുന്നു.

border gavaskar trophy  ICC Revises Indore Pitch Rating  Indore Pitch Rating  india vs australia  border gavaskar trophy 2023  ഐസിസി  ബിസിസിഐ  ഇന്‍ഡോര്‍ പിച്ച് റേറ്റിങ്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  റോജർ ഹാർപ്പർ  വസീം ഖാൻ  Wasim Khan  Roger Harper
ഇന്‍ഡോര്‍ പിച്ചിന്‍റെ വിധി മാറ്റിയെഴുതി ഐസിസി

ദുബായ്‌: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ റേറ്റിങ്ങില്‍ മാറ്റം വരുത്തി ഐസിസി. 'മോശം' റേറ്റിങ്ങില്‍ നിന്നും 'ശരാശരിയില്‍ താഴെ' എന്ന റേറ്റിങ്ങിലേക്കാണ് മാറ്റിയത്. മൂന്നാം ദിനത്തില്‍ അവസാനിച്ച മത്സരത്തിന് ശേഷം പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീ മെറിറ്റ് പോയിന്‍റുമായിരുന്നു അപെക്സ് ബോഡി നല്‍കിയത്.

മോശം റേറ്റിങ് വിധിച്ച ഐസിസി മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐസിസി ജനറൽ മാനേജർ വസീം ഖാൻ, ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി അംഗം റോജർ ഹാർപ്പർ എന്നിവരടങ്ങുന്ന ഐസിസി അപ്പീൽ പാനൽ മത്സരത്തിന്‍റെ ദൃശ്യങ്ങൾ അവലോകനം ചെയ്‌താണ് റേറ്റിങ്ങില്‍ മാറ്റം വരുത്തിയത്.

"ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന പിച്ചിന് ആദ്യം 'മോശം' എന്ന റേങ്ങിങ്ങാണ് നല്‍കിയിരുന്നത്. കൂടാതെ മൂന്ന് ഡീമെറിറ്റ് പോയിന്‍ കളും വിധിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ (ബിസിസിഐ) അപ്പീലിനെത്തുടർന്ന് റേറ്റിങ്‌ മാറ്റി. 'മോശം' റേറ്റിങ്ങില്‍ നിന്ന് 'ശരാശരിയിൽ താഴെ' എന്നതിലേക്കാണ് മാറ്റിയത്". ഐസിസി പ്രസ്‌താവനയില്‍ അറിയിച്ചു.

പിച്ചിന്‍റെ റേറ്റിങ്ങ് മോശത്തില്‍ നിന്നും 'ശരാശരിയിൽ താഴെ' എന്നതിലേക്ക് എത്തിയതോടെ ഡീ മെറിറ്റ് പോയിന്‍റ് മൂന്നില്‍ നിന്നും ഒന്നായും കുറഞ്ഞിട്ടുണ്ട്. റേറ്റിങ്ങിലെ മാറ്റത്തിന് വിശദീകരണവും ഐസിസി അപ്പീൽ പാനൽ നല്‍കിയിട്ടുണ്ട്. പിച്ച് മോണിറ്ററിങ്‌ പ്രക്രിയയുടെ അനുബന്ധം എ അനുസരിച്ച് മാച്ച് റഫറി മാർഗനിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാല്‍ മോശം റേറ്റിങ് ലഭിക്കാന്‍ മാത്രം പ്രവചനാതീത ബൗൺസ് പിച്ചില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഐസിസി അപ്പീൽ പാനല്‍ വ്യക്തമാക്കിയത്.

മത്സരം അവസാനിച്ചതിന് പിന്നാലെ മാച്ച് റഫറിയായിരുന്ന ക്രിസ് ബ്രോഡാണ് പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീ മെറിറ്റ് പോയിന്‍റും വിധിച്ചത്. ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് സ്‌പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ച പിച്ചില്‍ പ്രവചനാതീതമായ ബൗണ്‍സ് ഉണ്ടായിരുന്നു.

ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായ പിച്ച് ആയിരുന്നില്ല ഇതെന്നുമായിരുന്നു ക്രിസ് ബ്രോഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് പിച്ച് തകരാന്‍ തുടങ്ങിയെന്നും ബ്രോഡിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു പിച്ചിന് അഞ്ച് വർഷത്തിനിടെ അഞ്ചോ അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തുന്നതിന് വിലക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് നടന്ന റാവല്‍പിണ്ടിയിലെ പിച്ചിന് ഐസിസി മോശം റേറ്റിങ് നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്‌ത പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുകൂല വിധി സമ്പാദിച്ചിരുന്നു.

ഇതേ മാതൃകയിലാണ് ഇന്‍ഡോര്‍ പിച്ചിനെതിരായ വിധിയും ബിസിസിഐ ചോദ്യം ചെയ്‌തത്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ശേഷം മാച്ച് റഫറിമാർ പിച്ചിനെക്കുറിച്ച് ഐസിസിക്ക് റിപ്പോർട്ട് നല്‍കേണ്ടതുണ്ട്. പിച്ചിന്‍റെ ഔട്ട്ഫീൽഡ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അഞ്ച് തരത്തിലാണ് പിച്ചിന് റേറ്റിങ് നല്‍കുക. വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയിലും താഴെ, മോശം, മത്സരത്തിന് യോജ്യമല്ലാത്തത് എന്നിങ്ങനെയാണ് റേറ്റിങ്ങുകള്‍.

ALSO READ:എലൈറ്റ് പട്ടികയിൽ രവീന്ദ്ര ജഡേജ, രാഹുലിന് തരം താഴ്‌ത്തൽ ; വാർഷിക കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

ABOUT THE AUTHOR

...view details