കേരളം

kerala

കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്: ഒത്താശ ചെയ്യാൻ കാബിൻ ക്രൂ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ, പ്രാഥമിക വിവരശേഖരണവുമായി സിബിഐ

By

Published : Aug 22, 2022, 6:10 PM IST

കരിപ്പൂരിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും ഇതിൽ പങ്കാളികളായ ഉന്നതരെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സിബിഐ ഇടപെടൽ.

Gold smuggling through Karippur airport  Gold smuggling  Karippur airport  gold smuggling karippur  കരിപ്പൂർ വിമാനത്താവളം  കരിപ്പൂർ വിമാനത്താവളം സ്വർണക്കടത്ത്  സ്വർണക്കള്ളക്കടത്ത് കരിപ്പൂർ  കസ്റ്റംസ് ഉദ്യോഗസ്ഥർ കരിപ്പൂർ സ്വർണക്കടത്ത്  സിബിഐ ഇടപെടൽ  സിബിഐ അന്വേഷണം സ്വർണക്കടത്ത്  സിബിഐ  കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്  കരിപ്പൂർ സ്വർണക്കടത്ത് പൊലീസ് ഇടപെടൽ  കസ്റ്റംസ് ഉദ്യോഗസ്ഥൻ മുനിയപ്പ  പി മുനിയപ്പ
കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്: ഒത്താശ ചെയ്യാൻ കാബിൻ ക്രൂ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ, പ്രാഥമിക വിവരശേഖരണവുമായി സിബിഐ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമായതോടെ സിബിഐ വിവരശേഖരണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളും, കരിപ്പൂരിൽ സ്വർണം കടത്തുന്നത് ആർക്കുവേണ്ടി എന്നതും സൂപ്രണ്ട് മുതൽ കാബിൻക്രൂ വരെ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നിലനിൽക്കുന്നതുമായ സാഹചര്യത്തിലാണ് സിബിഐ ഇടപെടൽ. ഇതുവരെ 54 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പൊലീസ് സംഘം പിടികൂടിയിട്ടുള്ളത്.

പൊലീസിന്‍റെ ഇടപെടൽ:കസ്റ്റംസിൽ നിന്നും വെട്ടിച്ചുകൊണ്ടുവരുന്ന സ്വർണമാണ് പൊലീസ് പിടികൂടുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പലപ്പോഴും സ്വർണം പിടികൂടുന്നതെങ്കിൽ, വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്‌താണ് പൊലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണക്കടത്തുകാരിൽ ഒതുങ്ങുമ്പോൾ, സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പൊലീസിന്‍റെ അന്വേഷണത്തിൽ പിടിയിലാകുന്നു.

വിമാനത്താവളത്തിന് പുറത്തെ എയ്‌ഡ്‌പോസ്റ്റിൽ പൊലീസ് സ്വർണം പിടികൂടുന്നത് കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പൊലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണം പൊലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിന്‍റെ ഉത്തരവാദിത്തമാണ്. സ്വർണം പിടികൂടിയ ശേഷം പ്രതികളെ തൊണ്ടി വാഹനങ്ങള്‍ സഹിതം റിപ്പോർട്ട് ചെയ്‌ത് പൊലീസ് കസ്റ്റംസിന് കൈമാറാറാണ് പതിവ്.

സ്വർണക്കടത്തിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥരും: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച് ഈ മാസം മാത്രം നടപടിക്ക് വിധേയരായത് 3 കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. ഈ മാസം ആദ്യ വാരം കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥരായ സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഹവിൽദാർ സനിത് കുമാർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഏറ്റവും ഒടുവിലത്തേതാണ് കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ(46). മുനിയപ്പ പിടിയിലായ സംഭവത്തിൽ സിബിഐ പ്രാഥമിക വിവരശേഖരണം തുടങ്ങി.

പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന റാങ്കിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണം കടത്തിയതിന് പിടിയിലാകുന്നത്. ഇത് നടപടികൾ വേഗത്തിലാക്കാൻ സിബിഐക്കു പ്രേരണയായിട്ടുണ്ട്. സ്വർണക്കടത്തിലെ പങ്ക്, പിടിച്ചെടുത്ത പണത്തിന്‍റെയും വിലപിടിപ്പുള്ള വസ്‌തുക്കളുടെയും സ്രോതസ്സ്, മുനിയപ്പയുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്ത പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് പ്രാഥമിക അന്വേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിടിയിലാകുന്നതിന്‍റെ തലേന്ന് യാത്രക്കാരുടെ ലഗേജുകൾ എക്‌സ്‌റേ ഇമേജ് വഴി പരിശോധിക്കുന്ന ചുമതലയിൽ ആയിരുന്നു മുനിയപ്പ.

സ്വർണം കടത്താൻ സഹായവുമായി മുനിയപ്പ:ചില യാത്രക്കാരുടെ ലഗേജുകൾ പരിശോധിക്കാത്തതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ കൃത്യമായ മറുപടി മുനിയപ്പ നൽകിയിരുന്നില്ല. പിന്നാലെയാണ് മുനിയപ്പ പൊലീസ് പിടിയിലായത്. ഇക്കാര്യവും സിബിഐ അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കസ്റ്റംസിന്‍റെ പതിവ് അന്വേഷണവും ഹെഡ് ക്വാർട്ടേഴ്‌സ് വിജിലൻസ് സംഘത്തിന്‍റെ അന്വേഷണവും നടക്കും.

വ്യാഴാഴ്‌ച(18.08.2022) പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസിൽ 2 കാസർകോട് സ്വദേശികൾ കടത്തിക്കൊണ്ടുവന്ന 320 ഗ്രാം സ്വർണം 25,000 രൂപ പ്രതിഫലത്തിന് എയർപോർട്ടിന് പുറത്തെത്തിച്ച് കൈമാറാൻ ശ്രമിക്കുമ്പോഴാണ് മുനിയപ്പ പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് 4,42,980 രൂപയും 500 യുഎഇ ദിർഹവും പാസ്‌പോർട്ടുകളും പിടിച്ചെടുത്തിരുന്നു. യാത്രക്കാരുടെ പാസ്‌പോർട്ടുകൾ കസ്റ്റംസ് സൂപ്രണ്ടിന്‍റെ താമസസ്ഥലത്തു നിന്നു കണ്ടെടുത്തത് ഗൗരവമുള്ള സംഭവമായാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്.

Also read: സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കും, കാരിയർമാർക്ക് ഒത്താശ, കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിൽ

എക്സ്റേ പരിശോധനക്കെത്തിച്ചവർ ഓടിയ സംഭവം: ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ എക്‌സ്‌റേ പരിശോധനയ്‌ക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 2 യാത്രക്കാർ കടന്നുകളയാന്‍ ശ്രമം നടത്തി. രണ്ടുപേരെയും പിടികൂടിയെങ്കിലും ഒരാളിൽ നിന്ന് സ്വർണം കണ്ടെത്തിയില്ല. ദുബായിൽ നിന്നെത്തിയ 2 യാത്രക്കാരെയാണ് കസ്റ്റംസ് കൂടുതൽ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചത്.

രണ്ടുപേരും ഓടിയെങ്കിലും ഒരാളെ ഉടൻ പിടികൂടി. ഇയാളിൽ നിന്ന് ഒരു കിലോയിലേറെ മിശ്രിതം കണ്ടെത്തി. മറ്റൊരു യാത്രക്കാരൻ ആശുപത്രിയുടെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി പരിശോധിച്ചെങ്കിലും സ്വർണം ലഭിച്ചില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാമത്തെ യാത്രക്കാരൻ കടന്നുകളയാന്‍ ശ്രമിച്ച വഴിയില്‍ സ്വർണം ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ

വസ്‌ത്രത്തിൽ തേച്ച് സ്വർണം:അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയിൽ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം പൊലീസ് പിടികൂടി. വസ്‌ത്രത്തില്‍ തേച്ച്‌ പിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ശനിയാഴ്‌ച രാവിലെ 10.15ഓടെ കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീനാണ് (43) സ്വര്‍ണം അതിവിദഗ്‌ധമായി കടത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also read: പാന്‍റിനുള്ളിൽ സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കിലോ സ്വർണം പിടികൂടി പൊലീസ്

Also read: കരിപ്പൂർ വിമാനത്താവളത്തിൽ 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Also read: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട: രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1425 ഗ്രാം സ്വർണം

Also read: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി, മൂന്ന് പേർ പിടിയിൽ

ABOUT THE AUTHOR

...view details