കേരളം

kerala

രണ്ടാം ദിനം ഇ.ഡിക്ക് മുന്നില്‍ രാഹുല്‍ ; ജെബി മേത്തറിനെ വലിച്ചിഴച്ചു, കെ.സി വേണുഗോപാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ്

By

Published : Jun 14, 2022, 1:03 PM IST

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കസ്റ്റഡിയിലെടുത്തു, ജെബി മേത്തർ എംപിയെ പൊലീസ് വലിച്ചിഴച്ചു

national herald case rahul gandhi  enforcement directorate interrogates rahul gandhi  conflict at aicc headquarters  രാഹുൽ ഗാന്ധി ചോദ്യം ചെയ്യൽ രണ്ടാം ദിനം  എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് നാഷണൽ ഹെറാൾഡ് കേസ്  എഐസിസി സംഘർഷം
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ രണ്ടാം ദിനം; ഇ.ഡി ഓഫിസിന് മുന്നിൽ സംഘർഷം, കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി : നാഷണൽ ഹെറാൾഡിന്‍റെ കൈമാറ്റത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചുള്ള കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിനവും എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് മുൻപാകെ ഹാജരായി. സഹോദരിയും പാര്‍ട്ടി നേതാവുമായ പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫിസിലെത്തിയത്.

രാഹുൽ ഗാന്ധിയുടെ വീട്ടിൽ നിന്ന് ഇ.ഡി ഓഫിസിലേക്കുള്ള വഴിയിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് വിന്യാസം ശക്തമാക്കിയിരുന്നു. പൊതുസ്ഥലത്ത് പ്രതിഷേധ മാർച്ച് നടത്താൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഡൽഹിയിലെ അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.

ഇ.ഡി ഓഫിസിലേക്ക് പ്രകടനവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. അതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തർ എംപിയെ പൊലീസ് റോഡിലിട്ട് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. കൊടിക്കുന്നിൽ സുരേഷ് എംപി, രൺദീപ് സുർജേവാല എന്നീ നേതാക്കൾ ഉൾപ്പടെ പ്രകടനവുമായെത്തിയ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വാഹനത്തിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. എംപിമാര്‍ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് അംഗീകരിച്ചില്ല. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

പാർട്ടി ഓഫിസിൽ മാത്രമേ മാർച്ചും പ്രതിഷേധവും നടത്തൂ എന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പുനൽകിയിരുന്നുവെങ്കിലും തിങ്കളാഴ്‌ച അവര്‍ തെരുവിൽ പ്രതിഷേധിക്കുകയും ഇ.ഡി ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലംഘിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പൊലീസ് തടയുകയും ഇന്നലത്തേതിന് സമാനമായി സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

ചൈനീസ് അധിനിവേശം, പണപ്പെരുപ്പം, ഇന്ധന വിലവർധന, തൊഴിലില്ലായ്മ, മതവിദ്വേഷം തുടങ്ങിയ വിഷയങ്ങളിൽ മോദി സർക്കാരിനെ എപ്പോഴും ചോദ്യം ചെയ്‌തിരുന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇ.ഡി അന്വേഷണം അദ്ദേഹത്തിന്‍റെ ശബ്‌ദം കെടുത്താനുള്ള ശ്രമമാണെന്ന് ചൊവ്വാഴ്‌ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു. കഴിഞ്ഞ ദിവസം 9 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തത്.

ABOUT THE AUTHOR

...view details