ETV Bharat / entertainment

'വിസ്‌മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല, വിശാലമായ കാഴ്‌ചപ്പാടുണ്ടവള്‍ക്ക്'- ശാരദക്കുട്ടി

വിസ്‌മയയുടെ ശരീര ഭാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനം. ബോഡി ഷെയ്മിങ് കമന്‍റുകളുമായി ഒരുകൂട്ടം പേര്‍.

VISMAYA MOHANLAL ACTING DEBUT  THUDAKKAM MOVIE  MALAYALAM CINEMA NEWS  VISMAYA MOHANLAL LATEST NEWS
Vismaya Mohanlal and Saradakutty (Photo: FB)
author img

By ETV Bharat Entertainment Team

Published : August 6, 2026 at 12:40 PM IST

3 Min Read
Choose ETV Bharat

വിസ്‌മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' എന്ന ചിത്രം നാളെ ( ഓഗസ്റ്റ് 7) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുകയാണ്. മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ മകള്‍ നായികയായി എത്തുന്നുവെന്നത് കൊണ്ട് തന്നെ ചിത്രത്തിനായി വലിയ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂഡ് ആന്തണിയുടെ സംവിധാനത്തിലാണ് സിനിമ ഒരുങ്ങിയത്.

ഇക്കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് വിസ്‌മയ എത്തിയതും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതുമൊക്കെ നമ്മളില്‍ പലരും കണ്ടതാണ്. ഇതിന്‍റെ വീഡിയോ വളരെ വേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് വിസ്‌മയ്ക്കുണ്ടായത്. വിസ്‌മയയുടെ ശരീര ഭാഷയെ വിമര്‍ശിച്ചുകൊണ്ടാണ് ഒരുക്കൂട്ടം പേര്‍ എത്തിയത്.

സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ വിസ്‌മയയ്ക്കുണ്ടായ പരിഭ്രമത്തേയും ചിലര്‍ കളിയാക്കുന്നുണ്ട്. മലയാളം ശരിയായ അറിയാത്തതുകൊണ്ട് ആശങ്കയുണ്ടായിരുന്നുവെന്ന് വിസ്‌മയ പറഞ്ഞിരുന്നുവെങ്കിലുമൊക്കെ ഇതിനെതിരേയും താരത്തിന് നേരെ ആക്രമണമുണ്ടായി.

നേരത്തെ നീറ്റ് ചോര്‍ച്ച പേപ്പര്‍ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ അനുകൂലിച്ചും വിസ്‌മയ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ താന്‍ പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വിസ്‌മയ കടുപ്പിച്ച് പറഞ്ഞതോടെ നിരവധി പേര്‍ വിസ്‌മയയെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ വിസ്‌മയ മോഹന്‍ലാലിനെ കുറിച്ച് എഴുത്തുകാരി ശാരദകുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്.

"പൊതു വേദികളിലെ മോഹൻലാലിന്‍റെ സഭാകമ്പവും ലജ്ജാലുത്വവും നന്നായി ആസ്വദിച്ചിട്ടുണ്ട് മലയാളികൾ. ആ ലജ്ജാലുത്വം കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമമായി മകളിലും കാണാം. മക്കളുടെ സഭാകമ്പങ്ങൾ ധാരാളം കണ്ടിട്ടുള്ള എനിക്ക് ആ മകളോടും അതേ വാത്സല്യമാണ് തോന്നിയത്.

മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ സംഭ്രമിച്ച ശരീരഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ എന്നത് എനിക്ക് മോഹൻലാലിനെ കൂടുതൽ പ്രിയങ്കരനാക്കുന്നുണ്ട്. അഛനധികാരമോ അമ്മയധികാരമോ മോഹൻലാലിലും സുചിത്രയിലും ലവശേലം കണ്ടില്ല എന്നത് സുന്ദരമായ കാഴ്ചയായി. മക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതും അവരെ സോഷ്യല്‍ ഓക്വേര്‍ഡ് ആക്കുന്നതും പലപ്പോഴും രക്ഷിതാക്കളുടെ മുൻവിധികളും സങ്കൽപങ്ങളുമാണ്. സ്വന്തം മകളുടെ സഭാകമ്പത്തെ വളരെ നോര്‍മല്‍ ആയും നാച്ചുറല്‍ ആയും കാണുന്നുണ്ട് മോഹൻലാൽ എന്നത് എത്ര ആശ്വാസകരമാണ്. നാട്ടുകാർ മുഴുവൻ അഛനും അമ്മാവനും കളിക്കാനുള്ളപ്പോൾ താൻ കൂടിയെന്തിന് എന്ന ആ പതിവ് മോഹൻലാൽ കൂൾനെസ്സ് നല്ല കൗതുകം പകർന്നു.

ആദ്യ ചിത്രത്തിന്‍റെ പ്രൊമോഷന്‍ വേളയിൽ മലയാളിശീലങ്ങളുടെ ഓവര്‍സ്മാര്‍ട്ട് മുഖംമൂടികളണിയാതെ വിസ്‌മയ തന്‍റെ ടെൻഷനും പരിഭ്രമവും മറച്ചുവെക്കാതെ ഓടി നടക്കുന്നു.

മോഹൻലാലിന്‍റെ മകളായതു കൊണ്ടല്ലേ ഈ വാത്സല്യം എന്നാണ് ചോദ്യമെങ്കിൽ... സംശയിക്കേണ്ട അതുമുണ്ട്. ഇഷ്ടമുള്ളവരുടെ മക്കളേയും പ്രിയപ്പെട്ടവരേയും ഇഷ്ടമാകും എന്നൊരു ലോജിക് മതി അതിന്.

വിസ്മയ കൂട്ടിലിട്ടു വളർത്തപ്പെട്ട പെൺകുട്ടിയല്ല. ആർജ്ജവവും അഭിപ്രായവും ഉള്ള വ്യക്തിയാണ്. ലോകപരിചയവും വിശാലമായ കാഴ്ചപ്പാടുകളുമുണ്ടവർക്ക്. മലയാളിക്യാമറകളുടെ മുന്നിലെ ഈ സങ്കോചം അവൾക്കൊരു കവചമാകട്ടെ", ശാരദക്കുട്ടി കുറിച്ചു.

അതേസമയം 'തുടക്കം' സിനിമ വെള്ളിയാഴ്‌ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആന്‍റണിയുടെ മകൻ ആശിഷ് ജോ ആന്‍റണിയും

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജോമോൻ ടി. ജോണും അഖിൽ ജോർജുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റിങ്. സായ് കുമാറും മനോജ് കെ. ജയനും ടി.ജി. രവിയുമുൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മോഹൻലാലും അതിഥിവേഷത്തിലുണ്ട്.

Read More:

1. ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിമറിക്കുമോ? ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ റിലീസ് തിയതി പുറത്ത്

2. വിസ്‌മയയുടെ 'തുടക്കം'! 'ഞാനെന്നും ഇത് നിധിയായി സൂക്ഷിക്കും'; ജൂഡിന് ലക്ഷങ്ങള്‍ വിലയുള്ള വാച്ച് സമ്മാനിച്ച് സുചിത്ര മോഹന്‍ലാല്‍

3.ആരാണ് ഈ 'അമ്പലപ്പാറ കൃഷ്‌ണന്‍'! ജയറാമിന്‍റെ മാസ് ലുക്ക് പുറത്ത്; ആര്‍ മാധവന്‍ ചിത്രം ജി ഡി എന്‍ തിയേറ്ററുകളിലേക്ക്