പന്നിയാൻമലയിൽ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു; കടുവയ്ക്ക് വിദഗ്‌ധ ചികിത്സ നൽകും

By ETV Bharat Kerala Team

Published : Feb 13, 2024, 5:10 PM IST

thumbnail

കണ്ണൂർ: കൊട്ടിയൂർ പന്നിയാൻമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി. നിലവിൽ കടുവയ്ക്ക് കാര്യമായ പരിക്കില്ലെന്നും പൂർണ്ണ ആരോഗ്യവാനായാൽ ഏത് വന്യ ജീവി സങ്കേതത്തിൽ തുറന്ന് വിടണമെന്ന് തീരുമാനിക്കുമെന്നും കണ്ണൂർ ഡിഎഫ്ഒ ബി. കാര്‍ത്തിക് പറഞ്ഞു. കണ്ണൂർ കൊട്ടിയൂരിനടുത്തുള്ള പന്ന്യാന്‍മലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തിയാണ് കടുവയെ മയക്കുവെടി വച്ചത്. പിന്നീട് കൂട്ടിലേക്ക് മാറ്റിയ കടുവയെ ആറളം വന്യജീവി സങ്കേതത്തിലെത്തിച്ചു. ഇവിടെ വച്ച് വിദഗ്‌ധ ചികിത്സ നൽകും. കടുവ പൂർണ്ണ ആരോഗ്യവാനായതിന് ശേഷം എവിടെ തുറന്ന് വിടണമെന്നു തീരുമാനിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവ കമ്പിവേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്. വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും പൊലീസിന്‍റെ ഭാഗത്ത് നിന്നും മികച്ച ഇടപെടൽ ഉണ്ടായതിനാലാണ് കടുവയെ മണിക്കൂറുകൾക്കുളിൽ പിടികൂടാനായത്. ആറളം വന്യജീവി സങ്കേതത്തിനടുത്തായതിനാൽ സ്ഥലത്ത് സ്ഥിരമായി വന്യമൃഗ ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.