ETV Bharat / business

ഇന്ത്യൻ സുഗന്ധന വ്യഞ്ജനങ്ങൾക്ക് നിരോധനമില്ല; എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് സ്പൈസസ് എക്‌സ്‌പോർട്ട് സംഘടനകൾ - ETHYLENE OXIDE IN SPICES

author img

By ETV Bharat Kerala Team

Published : May 17, 2024, 6:55 PM IST

എഥിലീൻ ഓക്‌സൈഡ് സാന്നിധ്യത്തെ തുടർന്ന് സിംഗപ്പൂരും ഹോങ്കോങ്ങും സുഗന്ധവ്യഞ്ജന കയറ്റുമതി നിരസിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പൈസസ് എക്‌സ്‌പോർട്ട് സംഘടനകൾ.

SPICES EXPORT ORGANIZATIONS  INDIAN SPICE INDUSTRY  REFUSAL OF EXPORT SPICES  ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായം
Prakash Namboothiri about spices (Source: Etv Bharat Reporter)

പ്രകാശ് നമ്പൂതിരി എഐഎസ്ഇഎഫ് (Source: Etv Bharat Reporter)

എറണാകുളം: സുഗന്ധവ്യഞ്ജനങ്ങളിലെ എഥിലീൻ ഓക്സൈഡ് ഉപയോഗത്തെകുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് സ്പൈസസ് എക്‌സ്‌പോർട്ട് സംഘടനകൾ. എഥിലീൻ ഓക്‌സൈഡ് (ഇടിഒ) സാന്നിധ്യത്തെ തുടർന്ന് സിംഗപ്പൂരും ഹോങ്കോങ്ങും പ്രത്യേക സുഗന്ധവ്യഞ്ജന കയറ്റുമതി നിരസിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പൈസസ് എക്‌സ്‌പോർട്ട് സംഘടനകൾ ആവശ്യപ്പെട്ടു.

സിംഗപ്പൂരും ഹോങ്കോങ്ങും രണ്ട് കമ്പനികളുടെ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ തിരിച്ചയക്കുക മാത്രമാണ് ചെയ്‌തതെന്നും ഇന്ത്യൻ സുഗന്ധന വ്യഞ്ജനങ്ങൾക്ക് നിരോധനമില്ലെന്നും ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്‌സ്‌ ഫോറം മാനേജിംഗ് കമ്മിറ്റി മെമ്പർ പ്രകാശ് നമ്പൂതിരി ഇടിവി ഭാരതിനോട് പറഞ്ഞു. എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് തെറ്റിദ്ധാരണകൾ മാറണമെന്നും ഇത് ഒരു കീടനാശിനിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന സാൽമൊണല്ല ഇ കോളി തുടങ്ങിയ രോഗാണുക്കളും സൂക്ഷമജീവികളുടെയും മലിനീകരണം നിയന്ത്രിക്കുന്നതിനും, ഭക്ഷ്യവസ്‌തുക്കളെ അണുവിമുക്തമാക്കാനും ഏറെ നിർണായകമായ ഒരു സ്റ്ററിലൈസിങ്ങ് ഏജൻ്റാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ തനിമയും സ്വാദും ഗുണങ്ങളും നിലനിർത്തുന്നതിൽ ആവിയോ ചൂടോ ഉപയോഗിച്ചുള്ള ഇതര മാർഗങ്ങളേക്കാൾ വളരെ മികച്ചതാണ് ഇടിഒ പ്രയോഗം.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ അതിന്‍റെ അനുവദനീയമായ പരിധിയിലുള്ള ഉപയോഗം നിലവിലുണ്ട്. സ്പൈസസ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഭക്ഷ്യ സുരക്ഷാ-ഗുണനിലവാര നിബന്ധനകൾ പാലിച്ചു തന്നെ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഇടിഒ പ്രയോഗം നിയമപ്രകാരം അനുവദിക്കേണ്ടതാണ്.

ഇടിഒ ഉപയോഗിച്ച് സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യാൻ ഇന്ത്യൻ കയറ്റുമതിക്കാരെ അനുവദിച്ചില്ലെങ്കിൽ അത് ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ രാജ്യത്തിന്‍റെ സ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രകാശ് നമ്പൂതിരി ചൂണ്ടികാണിച്ചു. ഇന്ത്യൻ സുന്ധവ്യജ്ഞന മേഖലയുടെ പ്രധാന വിപണിയായ യുഎസിൽ ഇടിഒ അനുവദിച്ചിട്ടുണ്ട്. ഇടിഒ ഉൾപ്പടെയുള്ള രീതികളിലൂടെ സൂക്ഷ്‌മാണുക്കളുടെ സാന്നിധ്യം ഇല്ലാതാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഗുണനിലവാര മാനദണ്ഡങ്ങളും പരമാവധി ഉപയോഗത്തിൻ്റെ പരിധികളും (എംആർഎൽ) നിശ്ചയിച്ചിട്ടുണ്ട്. ശാസ്ത്രീയമായി അപകടസാധ്യത വിലയിരുത്തേണ്ടത് അതിൻ്റെ അടിസ്ഥാനത്തിലാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടികാണിക്കുന്നു.

നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജനങ്ങളുടെ നാടായി അറിയപ്പെടുന്ന ഇന്ത്യ, കഴിഞ്ഞ വർഷം ഏകദേശം 4.2 ബില്യൺ ഡോളറിന്‍റെ (14.26 ലക്ഷം ടൺ) സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്‌തു. കയറ്റുമതി ഇത്രയും വലിയ തോതിൽ നടക്കുമ്പോളും അത്തരം കയറ്റുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഹോങ്കോങ്ങിലേക്കും സുഗന്ധവ്യഞ്ജന കയറ്റുമതി നിരോധിച്ചിട്ടില്ല.

ഇടിഒ പ്രയോഗത്തിന്‍റെ സുരക്ഷിതത്വവും ഫലപ്രാപ്‌തിയും എഐഎസ്ഇഎഫ് പ്രതിനിധികൾ വിശദീകരിച്ചു. ഇത് അനുവദിക്കാതിരിക്കുന്നത് മൈക്രോബയോളജിക്കൽ രോഗാണുക്കൾ വഴിയുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനും, നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്നതിനും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഉത്പ്പന്നങ്ങൾ മടക്കുന്നതിനും ഇടയാക്കും. ഇത് ഇന്ത്യയുടെ വിപണി വിഹിതത്തെ അപകടത്തിലാക്കും.

അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ, സ്പൈസസ് ബോർഡിന് അയച്ച കത്തിൽ, യുഎസ്എയിലെ സുഗന്ധവ്യഞ്ജനങ്ങളിൽ ഇടിഒ ഉപയോഗിക്കുന്നതിന് നിലവിൽ അനുമതിയുണ്ടെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. എഫ്‌ഡിഎ നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള പ്രാഥമിക രീതികളിലൊന്നായി യുഎസ് സുഗന്ധവ്യഞ്ജന വ്യവസായം ഇടിഒ ട്രീറ്റ്‌മെൻ്റാണ് ആശ്രയിക്കുന്നത്.

ഇടിഒ വഴി സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ മേൽനോട്ടവും പരിശോധനയും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ശക്തമായ ഒരു നിയന്ത്രണം രാജ്യത്ത് ആവശ്യമാണ്. ഇങ്ങനെ സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെയും സുരക്ഷയെയും കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളും ആവശ്യമാണ്.

ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഗുണനിലവാരം, സുരക്ഷ എന്നിവ ഉയർത്തിപ്പിടിക്കുന്നതിനു റെഗുലേറ്ററി അതോറിറ്റികളുമായും വ്യവസായ പങ്കാളികളുമായും യോജിച്ച് പ്രവർത്തിക്കാൻ വ്യവസായ സംഘടനകൾ പ്രതിജ്ഞാബദ്ധമാണ് എന്നും ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്‌സ്‌ ഫോറം ചെയർമാൻ സഞ്ജീവ് ബിഷ്ട്ട് അറിയിച്ചു.

ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്‌സ്‌ ഫോറം (എഐഎസ്‌ഇഎഫ്), ഇന്ത്യൻ സ്പൈസ് ആൻഡ് ഫുഡ്സ്റ്റഫ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ (ഐഎസ്‌എഫ്‌ഇഎ). ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡ് അസോസിയേഷൻ (ഐപിഎസ്‌ടിഎ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റേക്ക്ഹോൾഡേഴ്‌സ് (എഫ്ഐഎസ്എസ്) എന്നീ സംഘടനകളാണ് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായ രംഗത്തുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമായി രംഗത്തെത്തിയത്.

ALSO READ: കൊക്കോവില കുത്തനെ താഴേക്ക്; ഒരാഴ്‌ച കൊണ്ട് വില പകുതിയായി, വ്യാപാരികള്‍ക്ക് 'നഷ്‌ട' കച്ചവടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.