ETV Bharat / state

അരളി പുറത്ത്, ക്ഷേത്ര നിവേദ്യത്തിന് ഇനി കൃഷ്‌ണതുളസി മാത്രം; നിര്‍ദേശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് - Travancore Devaswom Board

author img

By ETV Bharat Kerala Team

Published : May 8, 2024, 4:01 PM IST

അരളി പൂവിനെ മാറ്റി നിർത്തിയതിന് പുറമെ ക്ഷേത്ര മുറ്റത്ത് മറ്റ് അഞ്ചിനം ചെടികൾ വച്ചുപിടിപ്പിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി

തിരുവിതാംകൂർ ദേവസ്വം ബോർഡ്  കൃഷ്‌ണതുളസി  ARALI  അരളി കഴിച്ച് മരണം
Travancore Devaswom Board decided To Change Arali From Temple Pooja (Source: Etv Bharat Reporter)

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും നിവേദ്യത്തിന് ഇനി കൃഷ്‌ണതുളസി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്‍റെ പുതിയ നിർദേശം.

ഹരിപ്പാട് സ്വദേശിനിയായ സൂര്യ സുരേന്ദ്രൻ മരണപ്പെട്ടത് വീട്ടുമുറ്റത്തെ അരളിപ്പൂവിന്‍റെ ഇതളുകൾ ഉള്ളിൽച്ചെന്നാണെന്ന് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിവേദ്യങ്ങളിൽ ഇടുന്ന പൂക്കളെപ്പറ്റി ദേവസ്വം ബോർഡ് അന്വേഷിക്കുകയും പുതിയ നിർദേശം നൽകുകയും ചെയ്‌തത്. മാത്രമല്ല യുവതിയുടെ രാസപരിശോധന ഫലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചാൽ അരളിപ്പൂക്കളുടെ ഉപയോഗം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നും പൂർണമായി ഒഴിവാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

ക്ഷേത്രങ്ങളിൽ പൂന്തോട്ടം നിർമിക്കും : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന അഞ്ചിനം ചെടികൾ നട്ടുപിടിപ്പിക്കാൻ പദ്ധതി. മുല്ല, തുളസി, തെറ്റി, ജമന്തി, കൂവളം എന്നിവയാണ് നട്ടു വളർത്തുന്നത്. ഇതു കൂടാതെ തെങ്ങും കവുങ്ങും നടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഭൂമി കുറവുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും കുറഞ്ഞത് രണ്ട് കമുകിൻ തൈകളെങ്കിലും നടണമെന്നാണ് ബോർഡിന്‍റെ കർശ നിർദേശം.

മുൻപ് ദേവഹരിതം പദ്ധതി എന്നപേരിൽ ക്ഷേത്രത്തിലെ 15 സെന്‍റ് സ്ഥലത്ത് കപ്പയും, വഴുതനയും മുളകും തക്കാളിയുമുൾപ്പടെ കൃഷി ചെയ്യുകയും നക്ഷത്ര വനങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ പദ്ധതിയുടെ ചുവടു പിടിച്ചാണ് പൂന്തോട്ടം പദ്ധതി തയ്യാറാക്കുന്നത്. ഇതുകൂടാതെ തരിശു ഭൂമി കൂടുതലുള്ള ക്ഷേത്രങ്ങളിൽ തേക്ക് നട്ടുവളർത്തുവാനും നിർദേശമുണ്ട്.

സംരക്ഷണ ചുമതല സബ് ഗ്രൂപ്പ് ഓഫിസ‌മാർക്ക് : ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ പൂന്തോട്ട നിർമാണത്തിന് സബ് ഗ്രൂപ്പ് ഓഫിസർമാർക്കാണ് ചുമതല. മുൻപ് ഇത്തരം പദ്ധതികളിലുണ്ടായ പാളിച്ച പരിഹരിച്ച് പൂന്തോട്ടങ്ങളുടെ സംരക്ഷണം ഇവർ ഉറപ്പു വരുത്തണം. ഇതിനായി ക്ഷേത്രജീവനക്കാർ കൂടാതെ ഉപദേശക സമിതിയുടെയും ഭക്തരുടെയും പിൻതുണ ഉറപ്പാക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.