ETV Bharat / state

കൊടും ചൂട്, കൃഷി കരിഞ്ഞുണങ്ങി, വെള്ളം ഒരുതുള്ളിയില്ല; ഹൈറേഞ്ചിനെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം - Summer Effected To Farmers

author img

By ETV Bharat Kerala Team

Published : May 15, 2024, 2:23 PM IST

ജലസ്രോതസുകളെല്ലാം വറ്റിവരണ്ട് കൃഷി പാടെ നശിക്കുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

SUMMER HEAT  DROUGHT AFFECTED AREA  ഇടുക്കി കർഷകർ  കടുത്ത വേനൽ ചൂടിൽ ഹൈറേഞ്ച്
Locals And Farmers Demand That High Range Should Be Declared As A Drought Affected Area (Etv Bharat Network)

വേനലില്‍ പൊറുതിമുട്ടി ഹൈറേഞ്ച് (Source: ETV Bharat Reporter)

ഇടുക്കി : വേനൽ ചൂടിൽ കടുത്ത വറുതിയിലായ ഹൈറേഞ്ചിനെ വരൾച്ച ബാധിത പ്രദേശമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി നാട്ടുകാർ. കാർഷിക മേഖല അപ്പാടെ കരിഞ്ഞുണങ്ങി, നീർച്ചാലുകളും പുഴകളും തോടുകളും ചെക്കു ഡാമുകളും പോലും വറ്റി വരണ്ടതോടെ ജനം ജലത്തിനായി നെട്ടോട്ടമോടുകയാണെന്നും കൃഷി ഏതാണ്ട് പൂർണമായി നശിച്ചതോടെ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് കർഷകർ പറയുന്നത്.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിലെ പ്രധാന താലൂക്കുകളായ ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങളിലാണ് വരൾച്ച അതി കഠിനമായി ബാധിച്ചിട്ടുള്ളത്. ഏലംകൃഷി ഏതാണ്ട് പൂർണമായും കരിഞ്ഞുണങ്ങി. മറ്റ് ഇടവിള കൃഷികളായ കുരുമുളക്, കാപ്പി, പച്ചക്കറി തുടങ്ങിയവയേയും വേനൽ പ്രതികൂലമായി ബാധിച്ചു. കുളങ്ങളും കിണറുകളും മറ്റ് ജലസ്രോതസുകളുമെല്ലാം വറ്റിയതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടമാണ് ഹൈറേഞ്ചിൽ.

കാർഷിക മേഖലയുടെ ആശ്രയമായിരുന്ന ചെക്ക് ഡാമുകള്‍ പൂർണമായും വറ്റി. ഉടുമ്പൻചോലയിൽ മാത്രം ഹെക്‌ടർ കണക്കിന് കൃഷിയാണ് ഇതുവരെ നശിച്ചിട്ടുള്ളത്. ഇതിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയും ജനജീവിതത്തെ ദുസഹമാക്കുന്നുണ്ട്. അടുത്ത സീസണിൽ കൃഷി പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നാണ് കർഷകർ പറയുന്നത്. ഇതിനാൽ തന്നെ ഹൈറേഞ്ചിനെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് അടിയന്തര ധനസഹായം ഒരുക്കുവാൻ സര്‍ക്കാരും സ്പൈസസ് ബോർഡും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതിനോടൊപ്പം മേഖലയിലെ മൊട്ടക്കുന്നുകൾക്കും പുൽമേടുകൾക്കും തീപിടിച്ചതോടുകൂടി വന്യമൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വിതയ്ക്കുകയാണ്. കാലിവളർത്തൽ ഉപജീവനമാർഗമാക്കിയിട്ടുള്ള കർഷകർക്ക് പുല്ല് ഇല്ലാത്തത് വൻ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. മുമ്പ് മഴനിഴൽ പ്രദേശമായി കണ്ടെത്തിയിരുന്ന മേഖലകളിൽ ഇപ്പോൾ കൊടും വരൾച്ചയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരുള്ളത്.

Also Read : തെങ്ങ് ഒറ്റത്തടി വൃക്ഷം തന്നെ..? രണ്ട് ശാഖകളിലും നിറയെ തേങ്ങയുമായി സതീഷിന്‍റെ തെങ്ങ് - COCONUT TREE WITH BRANCHES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.