ETV Bharat / state

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു; വിട വാങ്ങിയത് നിരവധി സ്‌കൂപ്പുകളുടെ സൃഷ്‌ടാവ് - journalist BC Jojo passes away

author img

By ETV Bharat Kerala Team

Published : Mar 26, 2024, 2:49 PM IST

SENIOR NEWS JOURNALIST  BC JOJO PASSES AWAY  BC JOJO  KERALA NEWS JOURNALIST
Senior news journalist BC Jojo passes away; remembered for exposing Palmolein oil scam, and mullapperiar issue

കേരളത്തെ പിടിച്ചുകുലുക്കിയ വാര്‍ത്തകളിലൂടെ ശ്രദ്ധേയനാണ് വിട വാങ്ങിയ ബിസി ജോജോ. രാഷ്ട്രീയ വാര്‍ത്തകൾ കൈകാര്യം ചെയ്‌തിരുന്ന അദ്ദേഹം ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ പുറത്തെത്തിച്ചിരുന്നു.

തിരുവനന്തപുരം: മലയാള മാധ്യമ മേഖലയില്‍ അന്വേഷണാത്മകതയുടെയും, രാഷ്ട്രീയ സ്‌കൂപ്പുകളുടെയും പരമ്പര സൃഷ്‌ടിച്ച് വായനക്കാരുടെ മനസ്സിലിടം പിടിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

കേരള കൗമുദി ദിനപത്രത്തില്‍ ദീര്‍ഘകാലം എക്‌സിക്യുട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ച അദ്ദേഹം, കേരള കൗമുദിയെ ആധുനികതയുടെ സങ്കേതങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ പിടിച്ചുലച്ച പാമോയില്‍ ഇടപാട് സംബന്ധിച്ച വാര്‍ത്ത പുറത്തു കൊണ്ടുവന്നത് ജോജോയായിരുന്നു (Senior news journalist BC Jojo passes away).

1958 ല്‍ കൊല്ലം മയ്യനാട്ട് ഡി. ബാലചന്ദ്രന്‍റെയും ലീലാവതിയുടെയും മകനായി ജനിച്ച ജോജോ മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി.

മെയിന്‍ സ്ട്രീം, കാരവന്‍ എന്നീ ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 1985 ല്‍ കേരള കൗമുദിയില്‍ ചേര്‍ന്നു. 2003 മുതല്‍ 2012 വരെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ടിവി പ്ലാറ്റ്‌ഫോമായ ഇന്ത്യ പോസ്റ്റ് ലൈവ് സ്ഥാപിച്ച് അതിന്‍റെ മാനേജിംഗ് ഡയറക്‌ടറായി.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നടത്തുന്ന കള്ളക്കളികള്‍ ആദ്യമായി വെളിച്ചത്തു കൊണ്ടു വന്നു. ഇതു സംബന്ധിച്ച നിരവധി തുടര്‍വാര്‍ത്തകള്‍ ജോജോ കേരള കൗമുദിയിലൂടെ പുറത്തു കൊണ്ടു വന്നതോടെയാണ് കേരളം മുല്ലപ്പെരിയാര്‍ അണക്കെട്ടും അതിനുപിന്നില്‍ പതിയിരിക്കുന്ന അപകടവുമെല്ലാം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. മുല്ലപ്പെരിയാർ കരാറിന് നിമയസാധുത ഇല്ലെന്ന് ആദ്യമായി കേരളത്തോട് വിളിച്ചുപറഞ്ഞത് അദ്ദേഹമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് നിയമസഭ ഒരു അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചു. ജോജോയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതായിരുന്നു സമിതിയുടെ കണ്ടെത്തലും. 'മുല്ലപ്പെരിയാറിലേക്ക് വീണ്ടും' എന്ന അദ്ദേഹത്തിന്‍റെ പുസ്‌തകം ഏറെ ശ്രദ്ധേയമായിരുന്നു (Senior journalist BC Jojo passes away).

പിന്നാലെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ വിഷയം ഏറ്റെടുക്കുകയും അദ്ദേഹം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുകയും ചെയ്‌തു. ഇതോടെ മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന്‍റെ പൊതു ഇടങ്ങളില്‍ സജീവ ചര്‍ച്ചയാക്കാനും സര്‍ക്കാരുകളുടെ സജീവമായ ഇടപെടലിനും ഇതു കാരണായി.

മതികെട്ടാന്‍ ചോല കയ്യേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വന്നതും ജോജോയായരിന്നു. മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടര്‍ കൂടിയായ ജോജോ സിപിഎമ്മിലെ അന്തച്ഛിദ്രങ്ങള്‍ സംബന്ധിച്ച നിരവധി സ്‌കൂപ്പുകള്‍ വെളിച്ചത്തു കൊണ്ടു വന്നു. ബിസി ജോജോയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ അനുശോചിച്ചു. ഡോ ടി.കെ. സുഷമയാണ് ഭാര്യ. മക്കള്‍: ദീപു, സുമി. സംസ്‌കാരം പിന്നീട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.