ETV Bharat / bharat

എഞ്ചിന് തീപിടിച്ചു; ബെംഗളൂരു - കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി - Air India Express caught fire

author img

By ETV Bharat Kerala Team

Published : May 19, 2024, 8:36 AM IST

അപകടം ശ്രദ്ധയില്‍പ്പട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു, ഒഴിവായത് വന്‍ ദുരന്തം.

AIR INDIA EXPRESS FLIGHT  AIR INDIA EXPRESS EMERGENCY LANDING  എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം  BENGALURU KOCHI AIR INDIA EXPRESS
Air India Express Flight (Source: ETV Bharat Network)

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ എഞ്ചിനുകളിൽ ഒന്നിൽ തീപിടിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കിയതായി ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കിയതായും ആർക്കും പരിക്കില്ലെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രസ്‌താവനയിൽ പറഞ്ഞു.

മെയ് 18ന് രാത്രി 11:12 മണിക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 1132 വിമാനത്തിന്‍റെ എന്‍ജിനാണ് തീപിടിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം തന്നെ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഉടൻ തന്നെ ക്രൂ അംഗങ്ങൾ എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (കെഐഎ) അടിയന്തര ലാൻഡിങ് നടത്തിയയുടൻ തീ അണച്ചു.

179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് അറിയിച്ചു. വിമാനത്തിന്‍റെ വലത് എഞ്ചിനിൽ നിന്ന് തീപിടുത്തം ഉണ്ടായതായാണ് സംശയിക്കുന്നത്.

അതേസമയം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിച്ചേരാനുള്ള ബദൽ ക്രമീകരണങ്ങൾ ഉടൻ ഒരുക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കി.

ALSO READ: സമരം അവസാനിച്ചു, പക്ഷെ പ്രതിസന്ധി ഒഴിയുന്നില്ല; 11 സര്‍വീസുകള്‍ ഇന്നും റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.