ETV Bharat / state

'വായ്‌പ തിരിച്ചടയ്‌ക്കാന്‍ ശേഷിയില്ല, കേരളത്തില്‍ നടക്കുന്നത് അഴിമതി പരമ്പര': നിര്‍മല സീതാരാമന്‍ - Nirmala Sitharaman Against Kerala

author img

By ETV Bharat Kerala Team

Published : Mar 30, 2024, 1:25 PM IST

കേരളത്തിന്‍റെ കടമെടുപ്പ് സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നകാര്യ മാനേജ്മെന്‍റ് പൂര്‍ണ പരാജയമാണെന്നും കുറ്റപ്പെടുത്തല്‍. വരുമാനമില്ലാതെ എങ്ങനെ പണം തിരിച്ചടയ്‌ക്കുമെന്നും ചോദ്യം.

NIRMALA SITHARAMAN ON KERALA CRISIS  FINANCIAL MISMANAGEMENT IN KERALA  NIRMALA SITHARAMAN IN KERALA  BJP ELECTION CAMPAIGN KERALA
Minister Nirmala Sitharaman About Kerala's Financial Mismanagement

തിരുവനന്തപുരം : വായ്‌പ തിരിച്ചടക്കാൻ കേരളത്തിന് ശേഷിയില്ലാത്തത് കൊണ്ടാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് തുടർച്ചയായി പരാജയമാണെന്നും കടം എടുക്കാൻ പരിധിയുണ്ടെന്നും പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പെന്നും മന്ത്രി കുറ്റപ്പെടുത്തി. എൻഡിഎയുടെ തിരുവനന്തപുരം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

ഇതാണ് 2016 മുതലുള്ള സ്ഥിതി. കേരളം ബജറ്റിന് പുറത്ത് വൻതോതിൽ കടം എടുക്കുന്നു. കടം തിരിച്ചടക്കാൻ കേരളത്തിന്‍റെ പക്കല്‍ പണമില്ല. ട്രഷറി പണം കടം തിരിച്ചടക്കാൻ ഉപയോഗപ്പെടുത്തുന്നു. നിക്ഷേപങ്ങൾ കേരളത്തിലേക്ക് വരുന്നില്ല.

കിറ്റക്‌സ്‌ കമ്പനി തെലങ്കാനയിലേക്ക് പോയെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുകയാണെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. തന്‍റെ ലാഭം മാത്രം എന്നതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് തൊഴിലില്ലായ്‌മ നിരക്ക്. അഴിമതിയുടെ പരമ്പരയാണ് കേരളത്തിൽ നടക്കുന്നത്.

കടം വാങ്ങി കൂട്ടാൻ വാശി പിടിക്കുകയാണ് കേരളം. നവംബറിൽ തന്നെ കേരളത്തിന് 6000 കോടി രൂപ നല്‍കി. ആർബിഐ റിപ്പോർട്ട് പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങൾക്ക് വരുമാനമില്ല. പിന്നെ എങ്ങനെ കടം തിരിച്ചടയ്ക്കുമെന്നും മന്ത്രി ചോദിച്ചു.

സർക്കാർ എടുത്തുകൂട്ടുന്ന കടം തിരിച്ചടയ്‌ക്കേണ്ടത് സാധാരണ ജനങ്ങളാണ്. പെൻഷൻ നൽകാൻ പണമില്ലെന്ന് സർക്കാർ പറയുന്നു. ലഭിച്ചപ്പോൾ പണം എല്ലാം എന്ത് ചെയ്‌തു? മാസങ്ങളായി പെൻഷൻ മുടങ്ങുന്നു. എന്താണ് അതിന് കാരണം? അത്‌ മാത്രം വ്യക്തമാക്കുന്നില്ല.

ഫിനാൻസ് കമ്മിഷണറുടെ നിർദേശപ്രകാരം കേരളത്തിന് എല്ലായിപ്പോഴും പണം നൽകുന്നുണ്ട്. കൃത്യമായ കണക്കാണ് പറയുന്നത്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ 2016 മുതൽ വർധിച്ചു. എസ്‌എഫ്‌ഐ കൊലപാതകികളായി മാറിയിരിക്കുകയാണ്. സിദ്ധാർഥിന്‍റെ കൊലപാതത്തിന് പിന്നിൽ എസ്എഫ്ഐയാണ്. അവർക്ക് സർക്കാർ പിന്തുണ നൽകുകയാണ്. അന്വേഷണം സിബിഐക്ക് വിടുന്നതിലും കള്ളത്തരങ്ങൾ നടന്നു.

കേരളത്തിൽ തൊഴിൽ നൽകാത്ത എൽഡിഎഫിന് എങ്ങനെയാണ് ദേശീയതലത്തിലെ തൊഴിലില്ലായ്‌മയെ പറ്റി പറയാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു. മലയാളിയെ പോലും സ്ഥാപനം തുടങ്ങാൻ അനുവദിക്കുന്നില്ല. പിന്നെങ്ങനെ പുറത്തുനിന്ന് ആളുകള്‍ വരും. കേരളത്തിലെ യുവാക്കൾ പുറത്ത് സ്ഥാപനങ്ങൾ നടത്തുന്നു. എന്നാൽ കഴിവുള്ള യുവാക്കളെ കേരളത്തിൽ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപിയെ നല്‍കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും. മുമ്പ് ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാരിനെയും നിർമല സീതാരാമൻ വിമർശിച്ചു. യുപിഎ സർക്കാരിന്‍റെ കാലത്ത് 8 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നിട്ടും 40,000 കോടി രൂപയുടെ വികസനമാണ് നടന്നതെന്നും എന്നാൽ മോദി സർക്കാർ ഒരു 1,50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് അനുവദിച്ചുവെന്നും മന്ത്രി മന്ത്രി നിര്‍മല കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.