ETV Bharat / state

അധ്യാപകന്‍റെ കൈവെട്ടിയ കേസ്; സവാദിന്‍റെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി എൻഐഎ

author img

By ETV Bharat Kerala Team

Published : Jan 28, 2024, 6:01 PM IST

Hand chopping case  NIA will conduct DNA test to Savad  അധ്യാപകന്‍റെ കൈവെട്ടിയ കേസ്  ഡിഎൻഎ പരിശോധന
NIA prepares for DNA test to first accused Savad in Thodupuzha hand chopping case

തൊടുപുഴയിലെ അധ്യാപകന്‍റെ കൈപ്പത്തി വെട്ടിയ കേസിൽ പ്രതി സവാദിന്‍റെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. പ്രതി മറ്റൊരു പേരിൽ ഒളിവിൽ കഴിഞ്ഞത് 13 വർഷം.

എറണാകുളം: തൊടുപുഴയിലെ പ്രൊഫ. ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിൽ ഒന്നാം പ്രതി സവാദിന്‍റെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി എൻഐഎ (NIA will conduct DNA test to Savad in Thodupuzha hand chopping case). കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനായാണ് പരിശോധന നടത്തുന്നത്. ഇതിനായി കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്നാണ് വിവരം.

എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് 13 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു. ഷാജഹാനെന്ന പേരിൽ ആൾമാറാട്ടം നടത്തി മട്ടന്നൂരില്‍ മരപ്പണിക്കാരനായി കഴിയുകയായിരുന്ന സവാദിനെ കഴിഞ്ഞ മാസമാണ് പിടികൂടുന്നത്. ഇയാൾക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജറാക്കുന്നതിനായാണ് ഡിഎൻഎ പരിശോധന.

സവാദ് റിമാൻഡിൽ കഴിയുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡ് കാലാവധി. കേസിൽ (Thodupuzha hand chopping case) അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.

2010 ജൂലൈ 4നാണ് കേസിനാസ്‌പദമായ സംഭവം. സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചാകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന് വിമർശനമുയർന്നിരുന്നു. ഇത് വിവാദമായതോടെ കോളേജ് അധികൃതർ അധ്യാപകനെ സസ്പെന്‍റ്‌ ചെയ്‌തിരുന്നു.

ഇതിനു പിന്നാലെയാണ് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടി.ജെ. ജോസഫിനെ സവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ക്രൂര കൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പോപുലർ ഫ്രണ്ട് നിരോധിക്കുന്നത്.

ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ കുടുംബമായി കണ്ണൂർ ജില്ലയിൽ മറ്റൊരു പേരിർ താമസിച്ച് വരുന്നതിനിടെയാണ് എൻഐഎ പിടികൂടിയത്. എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. സവാദിനെ പിടികൂടാന്‍ സഹായകമായത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റായിരുന്നു.

വിവാഹ സർട്ടിഫിക്കറ്റിൽ നൽകിയ പേര് ഷാജഹാൻ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർത്ഥ പേരാണ് നൽകിയിരുന്നത്. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിടി കൂടിയത് (Thodupuzha hand chopping case first acccused Savad arrest).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.