ETV Bharat / state

ഗുണ്ടാതലവൻ പ്രസാദ് പൂജാരിയെ ചൈനയിൽ നിന്ന് ഇന്ത്യയിലെത്തിച്ച് പൊലീസ് - Gangster Prasad Pujari

author img

By ETV Bharat Kerala Team

Published : Mar 23, 2024, 9:44 AM IST

മുംബൈയിൽ 15 ലധികം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രസാദ് പൂജാരിയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞ വർഷം മുതൽ പൊലീസ് ചൈനയുമായി നടപടികൾ ആരംഭിച്ചിരുന്നു

GANGSTER PRASAD PUJARI  KUMAR PILLAI GANG PRASAD PUJARI  POLICE BROUGHT BACK PRASAD PUJARI  GANGSTER PRASAD PUJARI IN CUSTODY
Gangster Prasad Pujari

മുംബൈ : 2005ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട കുമാർ പിള്ള സംഘത്തിൻ്റെ (Kumar Pillai Gang) തലവൻ പ്രസാദ് പൂജാരിയെ രാജ്യത്തേക്ക് തിരികെ എത്തിച്ച് മുംബൈ പൊലീസ്. ഇന്ന് (മാർച്ച് 23, ശനിയാഴ്‌ച) പുലർച്ചെയാണ് ചൈനയിൽ നിന്ന് ഗുണ്ടാതലവനായ പ്രസാദ് പൂജാരിയെ ഇന്ത്യയിൽ എത്തിച്ചത്. പ്രസാദ് പൂജാരിയെ കൈമാറുന്നതിനായി കഴിഞ്ഞ വർഷം മുതൽ മുംബൈ പൊലീസ് ചൈനയുമായി നടപടികൾ ആരംഭിച്ചിരുന്നു.

ഇന്ന് പുലർച്ചെ 2.00 നും 2.30 നും ഇടയിൽ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ പ്രസാദ് പൂജാരിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദത്ത നലവാഡെ പറഞ്ഞു. മുംബൈയിൽ 15 ലധികം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഗുണ്ട നേതാവാണ് പ്രസാദ് പൂജാരി. പ്രസാദ് പൂജാരിയുടെ അമ്മയെ 2020ൽ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു.

ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട പ്രസാദ് പൂജാരിക്ക് 2008 മാർച്ചിലാണ് ചൈന താത്കാലിക വിസ അനുവദിച്ചത്. 2012 മാർച്ചിൽ താത്കാലിക വിസ കാലാവധി അവസാനിച്ചു. ചൈനയിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രസാദ് പൂജാരി തൻ്റെ സുരക്ഷയ്‌ക്കായി ഒരു ചൈനീസ് യുവതിയെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. പ്രസാദ് പൂജാരിയ്‌ക്ക് ഈ ബന്ധത്തിൽ നാല് വയസുള്ള ഒരു മകനുമുണ്ട്. വിവാഹ ശേഷം ഷെൻഷെൻ സിറ്റിയിലെ ലുവോഹു ജില്ലയിലാണ് ഇയാൾ താമസിച്ചിരുന്നത്.

2019 ഡിസംബർ 19ന് വിക്രോളി മേഖലയിൽ വച്ച് ശിവസേന പ്രവർത്തകൻ ചന്ദ്രകാന്ത് ജാദവിന് വെടിയേറ്റ കേസിലാണ് ഗ്യാങ്സ്റ്റർ പ്രസാദ് പൂജാരിയുടെ പേര് പുറത്ത് വരുന്നത്. അതേസമയം ചൈനയിൽ പിടിയിലായ പ്രസാദ് പൂജാരിയെ മുംബൈ പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ കഴിഞ്ഞ വർഷം മുതൽ വേഗത്തിലാക്കിയിരുന്നു.

2023 മാർച്ചിൽ ഹോങ്കോങ്ങിൽ നിന്ന് പ്രസാദ് പൂജാരിയെ ചൈനീസ് അധികൃതർ തടഞ്ഞുവച്ചതിന് പിന്നാലെയാണ് നടപടഡികൾ വേഗത്തിലാക്കിയത്. വ്യാജ പാസ്‌പോർട്ടിൻ്റെ പേരിലാണ് ഹോങ്കോങ്ങിൽ ഇയാൾ പിടിയിലായത്. പിന്നീട് പൂജാരിയെ കൈമാറുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കുകയായിരുന്നു. മുംബൈയിലും താനെ ജില്ലയിലും പ്രസാദ് പൂജാരിക്കെതിരെ 15 മുതൽ 20 വരെ കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കൊള്ളയടിക്കൽ, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വിവിധ കേസുകൾ ഇതിൽ ഉൾപ്പെടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.