ETV Bharat / state

സ്‌മാർട്ട് സിറ്റി മിഷൻ കാലാവധിക്ക് മുന്നേ വിഭാവന ചെയ്‌ത എല്ലാ പദ്ധതികളും പൂർത്തിയാക്കും; മന്ത്രി എം ബി രാജേഷ്

author img

By ETV Bharat Kerala Team

Published : Mar 3, 2024, 4:09 PM IST

സ്ഥലം എം.പിയായ തന്നെയും എം.എൽ.എ ആയ ടി.ജെ. വിനോദിനെയും സർക്കാർ പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനവുമായി ഹൈബി ഈഡൻ രംഗത്തെത്തി.

MB Rajesh  Smart City  Kochi  സ്‌മാർട്ട് സിറ്റി  എം ബി രാജേഷ്
Minister MB Rajesh smart city plan evaluation

കൊച്ചി : കൊച്ചി സ്‌മാർട്ട് സിറ്റി മിഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ടെത്തി അവലോകനം ചെയ്‌തു. സ്‌മാർട്ട് സിറ്റി മിഷൻ കാലാവധി ജൂണിൽ പൂർത്തിയാകുമ്പോഴേക്കും വിഭാവനം ചെയ്‌ത എല്ലാ പദ്ധതികളും പൂർത്തിയാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് സർക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ലഭ്യമായ മുഴുവൻ തുകയും വിനിയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

MB Rajesh  Smart City  Kochi  സ്‌മാർട്ട് സിറ്റി  എം ബി രാജേഷ്
കൊച്ചി സ്‌മാർട്ട് സിറ്റീസ് മിഷന്‍റെ പ്രവർത്തനങ്ങള്‍ മന്ത്രി എം ബി രാജേഷ് അവലോകനം ചെയ്യുന്നു

പദ്ധതികളിൽ ഏറ്റവും പ്രധാനം പൊതു ഇടങ്ങളുടെ വികസനമാണ്. മികച്ച രീതിയിൽ ലോകോത്തര നിലവാരത്തിലാണ് സി എസ് എം എൽ പദ്ധതികൾ നടപ്പിലാക്കിയിരിക്കുന്നത് അതിൽ പ്രധാനമാണ് രാജേന്ദ്ര മൈതാനവും മറൈൻ ഡ്രൈവ് വാക്ക് വേയും. 773 കിലോമീറ്റർ റോഡുകളിൽ എൽ ഇ ഡി പദ്ധതി നടപ്പിലാക്കുന്നുണ്ട്. 40,000 എൽ ഇ ഡി ലൈറ്റുകളാണ് നഗരത്തിൽ വരുന്നത്. ഇതോടെ 9 കോടി രൂപ വൈദ്യുതി ഇനത്തിൽ കോർപ്പറേഷന് ലാഭിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

MB Rajesh  Smart City  Kochi  സ്‌മാർട്ട് സിറ്റി  എം ബി രാജേഷ്
കൊച്ചി സ്‌മാർട്ട് സിറ്റീസ് മിഷന്‍റെ പ്രവർത്തനങ്ങള്‍ മന്ത്രി എം ബി രാജേഷ് അവലോകനം ചെയ്യുന്നു

നഗരത്തിലെ പ്രധാന പ്രശ്‌നമായ വെള്ളക്കെട്ട്, വലിയ തോതിൽ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. സ്‌മാർട്ട് സിറ്റി മിഷൻ ഫണ്ടിൽ നിന്നും ഓടകൾ വൃത്തിയാക്കാനുള്ള സക്ഷൻ കം ജെറ്റിങ് മെഷീൻ നിലവിൽ ഒന്ന് വാങ്ങിയിട്ടുണ്ട്, ജൂണിനു മുൻപ് ഒന്നുകൂടി വാങ്ങും. കനാലുകൾ വൃത്തിയാക്കുന്ന വീഡ് കട്ടർ,സിൽട് പുഷർ തുടങ്ങിയ മറ്റു ഉപകരണങ്ങളും വാങ്ങുന്നുണ്ട്.

മാലിന്യ സംസ്‌കരണത്തിൽ സ്‌മാർട്ട് സിറ്റി മിഷൻ ഫണ്ടിൽ നിന്നും കോംപാക്‌ടറുകൾ വാങ്ങി കോർപ്പറേഷന് നൽകുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തുള്ള വാഹനങ്ങളാണ് കോർപ്പറേഷൻ നൽകുന്നത് മാലിന്യ സംസ്‌കരണത്തിന്‍റെ കാര്യത്തിലും വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കും.

195 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയപദ്ധതി സ്‌മാർട്ട് സിറ്റി മിഷന്‍റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു. 60% പണികൾ പൂർത്തിയായി. 44 കോടി ചിലവഴിച്ച് 13 നിലകളിലായാണ്‌ ഭവന സമുച്ചയം വരുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് മാർക്കറ്റ് നവീകരണം. 72 കോടി രൂപയാണ് മാർക്കറ്റ് നവീകരണത്തിനായി ചെലവഴിക്കുന്നത്.

കേരളത്തിനാകെ മാതൃകയായ ഒരു മാർക്കറ്റ് ആയി ഇതിന്‍റെ പണി മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതികളാണ് സ്‌മാർട്ട് സിറ്റി മിഷന്‍റെ കീഴിൽ നടപ്പിലാക്കുന്നത്.

ജൂൺ മാസത്തോടെ വളരെ വിജയകരമായ രീതിയിൽ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം, സർക്കാർ പരിപാടിയിൽ നിന്നും സ്ഥലം എം.പിയായ തന്നെയും എം.എൽ.എ ടി.ജെ. വിനോദിനെയും ഒഴിവാക്കിയെന്ന വിമർശനവുമായി ഹൈബി ഈഡൻ രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.