ETV Bharat / state

'പാന്‍ നമ്പര്‍ തെറ്റായി നല്‍കിയത് ആശയകുഴപ്പത്തിനിടയാക്കി': സിപിഎം അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ എം വി ഗോവിന്ദന്‍ - M V GOVINDAN ON CPM ACCOUNT ISSUE

author img

By ETV Bharat Kerala Team

Published : May 10, 2024, 6:23 PM IST

പാൻ നമ്പറിൽ 'T' ക്ക് പകരം 'J' എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പാർട്ടിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ.

M V GOVINDAN  CPM ACCOUNT FROZEN  സിപിഎം അക്കൗണ്ട് മരവിപ്പിച്ച സംഭവം  എം വി ഗോവിന്ദൻ
M V Govindan (Source: ETV Bharat Reporter)

എം വി ഗോവിന്ദൻ മാധ്യമങ്ങളോട് (Source: ETV Bharat Reporter)

തിരുവനന്തപുരം : തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം പാൻ നമ്പർ തെറ്റിനൽകിയത് മൂലമുണ്ടായ ആശയക്കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരം എകെജി സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട രേഖകളും എം വി ഗോവിന്ദന്‍ പുറത്ത് വിട്ടു.

അഖിലേന്ത്യ തലത്തിൽ ഒരു പാൻ കാർഡാണ് സിപിഎമ്മിനുള്ളത്. ജില്ല കമ്മിറ്റി ഉൾപ്പെടെയുള്ള എല്ലാ കമ്മിറ്റികളും ഈ പാൻ നമ്പറാണ് ഉപയോഗിക്കുന്നത്. AAAT0400A എന്ന പാൻ നമ്പർ AAAJ0400A എന്ന് തെറ്റായി രേഖപ്പെടുത്തി. ജില്ല കമ്മിറ്റിയുടെ നിയമവിധേയമായ ചെലവുകൾ നിർവഹിക്കുന്നതിന് 14 മാർച്ചിന് പണം പിൻവലിച്ചിരുന്നു.

മാർച്ച്‌ 5 ന് ബാങ്കിൽ പരിശോധന നടത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ പണം പിൻവലിച്ചത് തെറ്റാണെന്നും അക്കൗണ്ട് മരവിപ്പിക്കുന്നുവെന്നും അറിയിക്കുകയായിരുന്നു. പിൻവലിക്കപ്പെട്ട പണം ചെലവാക്കരുതെന്ന് വാക്കാൽ നിർദേശം നൽകുകയും ചെയ്‌തു. തുടർന്ന് പണം ചെലവാക്കാതെ ഓഫിസിൽ സൂക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 4 ന് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാന് ഇതുസംബന്ധിച്ച് ജില്ല കമ്മിറ്റി കത്ത് നൽകി. ബാങ്കിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്‌ചയെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 18ന് ബാങ്ക് മറുപടി നൽകിയതായും എം വി ഗോവിന്ദൻ പറഞ്ഞു. ഏപ്രിൽ 30 ന് ഹാജരാകാൻ ഇൻകം ടാക്‌സ്‌ ഡെപ്യൂട്ടി ഡയറക്‌ടർ നിർദേശിച്ചു. പിന്നീട് നോട്ടിസ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പണവുമായി എത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി..

രാഷ്ട്രീയ വിരോധത്തിന്‍റെ ഭാഗമായി തെറ്റായ രേഖ പ്രചരിപ്പിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് ഇപ്പോഴും മരവിപ്പിച്ചിരിക്കുകയാണ്. അതിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കെജ്‌രിവാളിന്‍റെ ജാമ്യം, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനേറ്റ തിരിച്ചടി : അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവ് ഇഡിക്ക് ഏറ്റ തിരിച്ചടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിധി സ്വാഗതാർഹമാണെന്നും കെജ്‌രിവാളിനെതിരെ ഉണ്ടായത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ഇപ്പോൾ കോടതിക്കും ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണുണ്ടായതെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ രാഷ്ട്രീയവും വിട്ട് പച്ചയായ വർഗീയ പ്രചരണം മാത്രമാണ് മോദി ഇപ്പോൾ നടത്തുന്നത്. മോദി വെറും ചീപ്പായി മാറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ്‌ വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യവത്കരണം നടപ്പിലാക്കിയാൽ എന്ത് സംഭവിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരത്തിൽ നിന്നും ലോകം കാണുന്നുവെന്നും അദ്ദേഹം ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. തൊഴിലാളികൾ പണിമുടക്കിയാൽ ഒരു വിമാനവും പറക്കില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്‍റെ ക്രമക്കേട് മൂലം'; പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന് എം എം വർഗീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.