ETV Bharat / state

കയ്യൂരിന്‍റെ ഊര്‍ജവുമായി കാസര്‍കോട് പോരാട്ടം; വോട്ടുറപ്പിക്കാന്‍ ഒരുചുവട് മുന്നേ എല്‍ഡിഎഫ്

author img

By ETV Bharat Kerala Team

Published : Feb 27, 2024, 7:48 PM IST

കാസര്‍കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എല്‍ഡിഎഫ്. നടക്കാനിരിക്കുന്നത് വാശിയേറിയ രാഷ്ട്രീയ പോരാട്ടമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്‌ണന്‍. വിജയിച്ചാൽ മണ്ഡലത്തില്‍ ജനങ്ങള്‍ക്കൊപ്പം എംപിയുണ്ടാകുമെന്ന് സ്ഥാനാര്‍ഥിയുടെ ഉറപ്പ്.

LDF Election Campaign  LDF Kasaragod  തെരഞ്ഞെടുപ്പ് പ്രചാരണം കാസര്‍കോട്  എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കാസര്‍കോട്  തെരഞ്ഞെടുപ്പ് 2024
LDF Started Election Campaign In Kasaragod

തെരഞ്ഞെടുപ്പ് പ്രചാരണവുമായി എല്‍ഡിഎഫ്

കാസർകോട്: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിന് തുടക്കം കുറിച്ച് എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്‌ണന്‍. രക്തസാക്ഷികൾ ഉറങ്ങുന്ന കയ്യൂരിൽ നിന്നാണ് എംവി തന്‍റെ പ്രചാരണം ആരംഭിച്ചത്. രക്തസാക്ഷികളുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പ ചക്രം സമർപ്പിച്ചായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ പ്രവർത്തകർ ആനയിച്ചത്. 200 ഓളം പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തു. ചീമേനി, പാടിച്ചാലിലെ മുനയൻകുന്ന്, കോറോം, പെരളം, കരിവെള്ളൂർ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിലൂടെയായിരുന്നു ഇന്നത്തെ പര്യടനം. കാസർകോട് മണ്ഡലം തിരിച്ചുപിടിക്കുമെന്നും കഴിഞ്ഞ തവണ ജനങ്ങൾക്ക് കൈപ്പിഴ പറ്റിയതാണെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കാസർകോട്ടെ എംപി എന്ത് ചെയ്‌തുവെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ചാൽ എംപിയുടെ സാന്നിധ്യം എന്നിലൂടെയുണ്ടാകുമെന്ന് ഉറപ്പ്. എൽഡിഎഫിന് മണ്ഡലത്തിൽ വിജയം ഉറപ്പാണെന്നും ബാലകൃഷ്‌ണന്‍ പറഞ്ഞു.

കാസർകോട് മണ്ഡലം നിലനിർത്താൻ യുഡിഎഫും തിരിച്ചു പിടിക്കാൻ എൽഡിഎഫും വോട്ടെണ്ണം കൂട്ടാന്‍ ബിജെപിയും രംഗത്ത് ഇറങ്ങുമ്പോൾ തീപാറുന്ന പോരാട്ടത്തിനാകും ഇത്തവണ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. കന്നഡ മണ്ണ് മുതൽ കണ്ണൂരിലെ കല്ല്യാശേരി വരെ ഉൾപ്പെടുന്ന കാസർകോട് ലോക്‌സഭ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും ഉറച്ച ഇടതുകോട്ട എന്ന് എല്ലാ കാലത്തും വിലയിരുത്തപ്പെട്ടരുന്നെങ്കിലും 2019 ൽ ചിത്രം മാറിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചു കയറുമ്പോൾ ഇടതു കോട്ടകളിലെ വിള്ളൽ നേതാക്കളെ പോലും ഞെട്ടിച്ചിരുന്നു. ഇത് ഇത്തവണ ഇല്ലാതിരിക്കാൻ സിപിഎം താഴെ തട്ടിൽ നിന്ന് നേരത്തെ തന്നെ പ്രവർത്തനം തുടങ്ങി. കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് കാസർകോട് ലോക്‌സഭ മണ്ഡലം. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ നിയമസഭ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ നിയമസഭ മണ്ഡലങ്ങളും കാസർകോട് ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്.

2019 തെരഞ്ഞെടുപ്പിൽ പെരിയയില്‍ നടന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ കൊലപാതകം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെങ്കിൽ ഇത്തവണ ഈ കേസിലെ കോടതി വിധി തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഇരട്ടക്കൊലപാതകത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അന്ന് അനുകൂലമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതുകോട്ടകളായ പയ്യന്നൂരും കല്ല്യാശേരിയും തൃക്കരിപ്പൂരും ഉൾപ്പെടെ തിരിച്ചു പിടിച്ചാൽ എംവി ബാലകൃഷ്‌ണന് പാർലമെന്‍റിൽ എത്താം.

ഭാഷ ന്യൂനപക്ഷ വോട്ടുകളിലെ സ്വാധീനവും ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണ സാധ്യതയും കാസർകോടിനെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ബിജെപി ഉൾപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പ്രത്യേക ചാർജ് നൽകി മാസങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം സാമുദായിക, അതിർത്തി സമവാക്യങ്ങൾ പോലും കാസർകോട് മണ്ഡലത്തിൽ നിർണായകമാകുമെന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചത് മുതല്‍ ഉയര്‍ന്ന് കേട്ട പേരാണ് സിപിഎം ജില്ല സെക്രട്ടറി കൂടിയായ എംവി ബാലകൃഷ്‌ണന്‍റേത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.