ETV Bharat / state

സ്ഥലം വാങ്ങാന്‍ ആളില്ല; സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ് - land price falls down in Kerala

author img

By ETV Bharat Kerala Team

Published : May 23, 2024, 6:02 PM IST

അര ഏക്കറിന് മുകളിലേക്ക് സ്ഥലം വാങ്ങാൻ ആളില്ലാതായതോടെ സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ്.

REAL ESTATE MARKET RATE DOWN  LOW LAND PRICE IN KERALA  സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ്  സ്ഥലക്കച്ചവടത്തില്‍ പ്രതിസന്ധി
Representative Image (ETV Bharat)

കോഴിക്കോട്: സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ്. അര ഏക്കറിന് മുകളിലേക്കുള്ള സ്ഥലങ്ങൾ വാങ്ങാൻ ആളില്ലാതായതോടെയാണ് വില കുത്തനെ കുറയുന്നത്. ഈ വർഷം തുടങ്ങിയാണ് സ്ഥലക്കച്ചവടങ്ങളിൽ വലിയ മാന്ദ്യം സംഭവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീർത്തും സ്‌തംഭനാവസ്ഥയായി.

രജിസ്ടേഷൻ ഫീ ഇനത്തിൽ 10 ശതമാനത്തിലേറെ വർധനവാണ് വന്നിരിക്കുന്നത്. ഒരു കോടി രൂപയുടെ കച്ചവടം നടക്കുമ്പോൾ മുദ്രപത്രത്തിന് 10 ലക്ഷം രൂപ വരും. ഇത് സ്ഥലം വാങ്ങിക്കുന്നവരാണ് സഹിക്കേണ്ടത്.

അൻപത് ലക്ഷത്തിന് മുകളിലുളള ഇടപാട് നടക്കുമ്പോൾ സ്ഥലം വിൽക്കുന്നവരും രണ്ട് ശതമാനം ആദായ നികുതി അടക്കണം. ക്രമക്കേടുകൾ നടന്നാൽ ഇഡി വരെ വീട്ടിലെത്തും എന്നത് അതിലും വലിയ തലവേദന. എന്നാൽ രാഷ്ട്രീയ സ്വാധീനമുള്ള വമ്പൻ ബിസിനസുകാർക്ക് ഇതൊന്നും ബാധകമല്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

നോട്ട് നിരോധനത്തിന് ശേഷം ഉടലെടുത്ത പ്രതിസന്ധിയേക്കാൾ രൂക്ഷമായ അവസ്ഥയാണിപ്പോൾ. ഗൾഫ് മണിയുടെ വരവ് വലിയ തോതിൽ കുറഞ്ഞു. പണമുള്ളവരാവട്ടെ സ്ഥലം വാങ്ങിയിടുന്നതിന് പകരം ഊഹക്കച്ചവടത്തിലും സ്വർണ്ണക്കച്ചവടത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഒപ്പം ഗുജറാത്തിൽ നിന്നുള്ള മലയാളികളുടെ വരുമാനം കുറഞ്ഞതും മലബാർ മേഖലയിലെ ഭൂമി ഇടപാടുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

REAL ESTATE MARKET RATE DOWN  LOW LAND PRICE IN KERALA  സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ്  സ്ഥലക്കച്ചവടത്തില്‍ പ്രതിസന്ധി
- (ETV Bharat)

ഒരു സെന്‍റ് ഭൂമിക്ക് നഗര പ്രദേശങ്ങളിൽ ഒന്ന് മുതൽ രണ്ട് ലക്ഷം വരെയാണ് കുറവ് വന്നിരിക്കുന്നത്. ഇതിനനുസരിച്ച് ഗ്രാമപ്രദേശങ്ങളിലും വിലക്കുറവ് ബാധിച്ചിട്ടുണ്ട്. പണത്തിന് അത്യാവശ്യമുള്ളവന്‍റെ സ്ഥലം 'ചവിട്ടി'യിട്ട് വളരെ കുറഞ്ഞ തുകക്ക് കച്ചവടം നടത്തുന്ന അവസ്ഥയുമുണ്ട്.

വീടു വെക്കാൻ വേണ്ടി അഞ്ച് മുതൽ 25 സെന്‍റ് വരെ ഭൂമി വാങ്ങുന്ന കച്ചവടമാണ് ഇടക്കെങ്കിലും നടക്കുന്നത്. അതുകൊണ്ട് തന്നെ രജിസ്ട്രാർ ഒഫീസിലും വരുമാനം കുറഞ്ഞു. ആധാരമെഴുത്തുകാരെയും ഇത് ബാധിച്ചു, ബന്ധുക്കൾ തമ്മിലുള്ള ദാനാധാരം, ഒഴിമുറി, ഒസ്യത്ത് ഇവയാണ് കൂടുതലും ഇപ്പോൾ നടക്കുന്നത്.

കോഴിക്കോട് നഗരത്തിൽ ഒരു സെന്‍റ് ഭൂമിക്ക് ഒരു കോടി രൂപ വരെ വിലയുണ്ട്. ഏരിയ അനുസരിച്ച് അതിന് താഴോട്ട് പല റേറ്റാണ്. മലബാറിലെ ഏറ്റവും വലിയ റേറ്റും കോഴിക്കോട് നഗരത്തിലാണ്. 2016-ലെ നോട്ട് നിരോധനത്തിന് ശേഷവും വില നിലവാരം ഒരു കോടിക്കടുത്ത് ഉണ്ടായിരുന്നു. എന്നാൽ ഭൂമി വാങ്ങാൻ ആളില്ലാത്ത അവസ്ഥ വന്നതോടെ നിലവിൽ ഭൂമിയുടെ മൂല്യം കുറഞ്ഞു.

REAL ESTATE MARKET RATE DOWN  LOW LAND PRICE IN KERALA  സംസ്ഥാനത്ത് ഭൂമി വിലയിൽ വൻ ഇടിവ്  സ്ഥലക്കച്ചവടത്തില്‍ പ്രതിസന്ധി
- (ETV Bharat)

വിലപേശാൻ ആളില്ലാതായതോടെ കച്ചവടം നിലച്ചു. നഗരത്തിലെ കണ്ണായ പ്രദേശത്ത് സ്ഥലമുണ്ട് എന്ന മേനി പറച്ചിലിൽ ഒതുങ്ങുന്നു എല്ലാം. മലബാറിലെ മറ്റ് പ്രദേശങ്ങളിൽ ഭൂമിയുടെ ഉയർന്ന വില 25 മുതൽ 30 ലക്ഷം വരെയാണ്. 2016 ന് മുമ്പ് ഇതിലും ഉയർന്ന കച്ചവടം നടന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് സ്ഥലക്കച്ചവടത്തിൽ ഇത്രയും വലിയ ഇടിവ് വന്നത്.

ഇതോടെ സ്ഥലം ബ്രോക്കർമാരുടെ അവസ്ഥയും പരിതാപകരമായി. റിയൽ എസ്റ്റേറ്റ് എന്ന സംവിധാനം തന്നെ കുറഞ്ഞ് വരികയാണ്. സംസ്ഥാനത്ത് ഭൂമിയുടെ വില കുത്തനെ കുറയുമെന്ന യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയുടെ പ്രവചനവും സത്യമായിരിക്കുകയാണ്. സ്ഥലം വില്‍ക്കാനിറങ്ങിയാലും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാകുമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞിരുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് :

ഭൂമിയുടെ വില കേരളത്തില്‍ ഭൂമിയുടെ വില ഒരു ഊഹാപോഹ കുമിള ആണെന്ന് ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും കൃഷിക്കും കെട്ടിട നിര്‍മ്മാണത്തിനും ഉള്ള ഭൂമിയുടെ ആവശ്യം കുറഞ്ഞു വരികയാണ്. ഇപ്പോള്‍ കൃഷി സ്ഥലം എന്ന് നാം പറയുന്നിടത്ത് തന്നെ കൃഷി നടക്കുന്നില്ല, ശ്രദ്ധിക്കപെടുന്നില്ല. വില കൊടുത്തു ഭൂമി വാങ്ങി കൃഷി ചെയ്‌താല്‍ ആദായമായി നടത്താവുന്ന ഒരു കൃഷിയും ഇന്ന് കേരളത്തില്‍ ഇല്ല.

തലക്കാലം ഭൂമി ഉള്ളവര്‍ക്കൊന്നും പണത്തിന്‍റെ വലിയ ആവശ്യമില്ല, ഭൂമി വില്‍ക്കാത്തിടത്തോളം കാലം ഭൂമിയുടെ വില കുറയുന്നതായി തോന്നുകയുമില്ലല്ലോ. അപ്പോള്‍ കോടികളുടെ സ്വത്ത് ഉണ്ട് എന്നൊക്കെ ചിന്തിച്ചിരിക്കാം. ഒരു കുഴപ്പവുമില്ല.
പക്ഷെ പണത്തിന് ആവശ്യക്കാര്‍ ഭൂമിയുമായി കമ്പോളത്തില്‍ ഇറങ്ങിയാല്‍ വാങ്ങാന്‍ ആളില്ല എന്ന സ്ഥിതി വരും. കുമിള പൊട്ടും, ഭൂമിയുടെ വില എവിടെ എത്തും എന്ന് പറയാന്‍ പറ്റില്ല.

ഇതിനൊന്നും അധികം സമയം വേണ്ട. അങ്ങനെ ഭൂമി വില കുറയുന്നത് ഒരു മോശം കാര്യവുമല്ല. ഭൂമി ശരിയായി ഉപയോഗിക്കപ്പെടാന്‍ അത് ഉപകരിക്കും.

ഭൂമി വില ഇടിയുന്നത് കൂടാതെ കേരളത്തിലെ പല വലിയ ബിൽഡിങ്ങുകളും നോക്കുകുത്തിയാവുകയാണ്. കെട്ടിടങ്ങൾക്ക് സംഭവിക്കുന്നതെന്ത്, അടുത്ത ലക്കത്തിൽ..

Also Read : ആമകള്‍ വംശനാശ ഭീഷണിയില്‍, സ്‌നേഹിക്കാം സംരക്ഷിക്കാം... ലോക ആമ ദിനത്തില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പറയുന്നു - World Turtle Day

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.