ETV Bharat / state

'ആമയെ ഒരിക്കലും തട്ടി തിരിച്ചിടരുത്' ; മറിച്ചിട്ടാല്‍ സംഭവിക്കുന്നതെന്ത് ? ; മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പറയുന്നു - World Turtle Day

author img

By ETV Bharat Kerala Team

Published : May 23, 2024, 8:25 AM IST

Updated : May 23, 2024, 11:07 AM IST

ലോക ആമ ദിനമാണ് ഇന്ന്. ആമയെ ഏത് തരത്തിലാണ് പരിചരിക്കേണ്ടതെന്ന് വിശദീകരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ അജിത് ബാബു.

WORLD TURTLE DAY  MAY 23  സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്  STATE ANIMAL WELFARE DEPARTMENT
ഇന്ന് ലോക ആമ ദിനം (Source : ETV BHARAT REPORTER)

മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പറയുന്നു (Source : ETV BHARAT REPORTER)

എറണാകുളം : ഇന്ന് ലോക ആമ ദിനം. നമ്മുടെ ആവാസവ്യവസ്ഥയിൽ ഈ ജീവി വര്‍ഗത്തിന്‍റെ നിർണായക പങ്കിനെക്കുറിച്ചും അവയുടെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുന്നതിനാണ് ദിനാചരണം. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഉരഗ വിഭാഗത്തില്‍ ഒന്നാണ് ആമകൾ. അതായത് പാമ്പുകളേക്കാളും മുതലകളേക്കാളും ചീങ്കണ്ണികളേക്കാളും പ്രായമുള്ളവയാണ് അവ. ആമകൾക്ക് പൊതുവെ ആയിരവും രണ്ടായിരവും വർഷം ആയുസ് ഉണ്ടെന്ന് പറയാറുണ്ട്.

എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. സാധാരണ ഒരു ആമയ്ക്ക് 250 മുതൽ 270 വർഷം വരെയാണ് ആയുസ്. ശരാശരി 150 വർഷം കഴിയുമ്പോൾ പല ആമകളും ചത്തുപോകാറാണ് പതിവ്. ഏറ്റവും ആയുസുള്ള ആമയെ കണ്ടെത്തിയത് ഐസ്‌ലാന്‍റിലാണ്. 507 വർഷമായിരുന്നു കണ്ടെത്തിയ ആമയുടെ ആയുസ്. പല ആമ വർഗങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ആമകളെ കുറിച്ചുള്ള ചില വസ്‌തുതകൾ ഇടിവി ഭാരതിലൂടെ വിശദീകരിക്കുകയാണ് ഡോക്‌ടർ അജിത് ബാബു. കടലാമകളെയാണ് ടർട്ടിൽ എന്ന് പറയുന്നത്, കടലാമകൾ മാത്രമല്ല ശുദ്ധജലത്തിലും മറ്റ് തടാകങ്ങളിലും ജീവിക്കുന്ന ആമകളെയും ടർട്ടിലുകൾ എന്നുതന്നെയാണ് പറയുന്നത്. കരയാമകളെ ടോർട്ടോയിസ് എന്നാണ് പറയാറ്. എങ്കിലും ആമകളെ പൊതുവിൽ ടർട്ടിൽ എന്നും വിളിക്കാറുണ്ട്.

കടലാമകൾക്ക് കൈകളും കാലുകളും നീന്തുന്നതിന് വേണ്ടി ചിറകുരൂപത്തിൽ വളരെ നീളമുള്ളതാണ്. എന്നാൽ കരയാമകൾക്ക് കാലുകളും കൈകളും കടലാമകളെ അപേക്ഷിച്ച് ചെറുതാണ്. മാത്രമല്ല കരയാമകൾക്ക് നിലം കുഴിക്കുന്നതിനും ഇര പിടിക്കുന്നതിനും ആയി കൂർത്ത നഖങ്ങളും ഉണ്ട്. ഇന്ത്യൻ നിയമപ്രകാരം ഇവിടുത്തെ ആമ വർഗങ്ങളെ പിടിക്കുന്നതും, അവയെ ഉപദ്രവിക്കുന്നതും, ഭക്ഷിക്കുന്നതും, വിൽപ്പന ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ആമകളെ കാലുകൊണ്ടോ മറ്റോ തട്ടി മറിച്ചിടരുത്. തിരിച്ചിട്ട് അടിവശം പരിശോധിക്കാനും പാടില്ല. ആമയെ ഉയർത്തി മാത്രമേ അവയുടെ അടിവശം നിരീക്ഷിക്കാവൂ. ആമയെ മറിക്കുമ്പോള്‍ അവയുടെ മൂത്രസഞ്ചിക്ക് കേടുപാടുകൾ വരികയും അവ ചത്തുപോകാന്‍ കാരണമാവുകയും ചെയ്യും. റോഡിന്‍റെ വശങ്ങളിലും നദീതീരങ്ങളിലുമൊക്കെ കിടക്കുന്ന ആമയെ ചിലര്‍ കാലുകൊണ്ട് മറിച്ചിട്ട് പോകാറുണ്ട്. എന്നാല്‍ പൂർവസ്ഥിതിയിലേക്ക് ആമയ്ക്ക് തിരികെ വരാൻ അവയുടെ ഘടന അനുവദിക്കില്ല. വളരെ പെട്ടെന്നുതന്നെ ആമകൾ ചത്തുപോകുന്നതിന് ഇത് വഴിവയ്ക്കും.

മഴക്കാലങ്ങളിൽ നദികളും തോടുകളും കവിഞ്ഞൊഴുകുമ്പോൾ ആമകൾ അടക്കമുള്ള പല ഉഭയ ജീവികളും കരയ്ക്ക് കയറുക പതിവാണ്. അത്തരത്തിൽ തിരുവനന്തപുരം കരമനയാറ്റിൽ നിന്നും കരയ്ക്ക്‌ കയറി അവശനിലയിലായ ആമയ്‌ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി. അനക്കമില്ലാതെ കിടന്ന ആമ അവശ നിലയിൽ ആണെന്ന് തിരിച്ചറിഞ്ഞ് അടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത് ചില മൃഗസ്നേഹികൾ ആണ്. സ്വകാര്യ പെറ്റ് ക്ലിനിക്കിൽ നിന്നാണ് ഇതുസംബന്ധിച്ച് അടുത്തുള്ള സർക്കാർ വെറ്ററിനറി കേന്ദ്രത്തിന് വിവരം ലഭിക്കുന്നത്.

വിവരമറിഞ്ഞതോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറും വെറ്ററിനറി സർജനുമായ ഡോക്‌ടർ അജിത് ബാബു നേരിട്ട് സ്ഥലത്തെത്തി. പ്രഥമദൃഷ്‌ട്യാ ആമയ്ക്ക് പരിക്കുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. മറ്റ് അണുബാധ സംബന്ധമായ അസുഖങ്ങളും കണ്ടെത്താനായില്ല. ആരോഗ്യം മെച്ചപ്പെടുത്തുവാൻ ആവശ്യമായ സപ്ലിമെന്‍റുകൾ മാത്രം നൽകി ആമയെ വെള്ളത്തിലേക്ക് ഇട്ടതോടെ മൂപ്പർ ഉഷാർ.

ഒരു ദിവസത്തെ പരിചരണത്തിനുശേഷം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആമയെ കരമനയാറ്റിലോ മറ്റ് ഏതെങ്കിലും ജലാശയത്തിലോ തുറന്നുവിടും. ഇന്ത്യൻ ബ്ലാക്ക് ടോർട്ടോയിസ് എന്ന ഇന്ത്യന്‍ ഇനത്തിൽപ്പെട്ടതും നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്നതുമായ ആമയ്ക്കാണ് ചികിത്സ ലഭിച്ചത്.

ALSO READ : ബോൺസായ് ഭാഗ്യമോ, ദോഷമോ ?: അമ്പരപ്പിക്കുന്ന കുള്ളന്‍ മരങ്ങള്‍ക്ക് പിന്നിലെ അറിയാക്കഥ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, സർക്കാർ വെറ്ററിനറി ആശുപത്രികളും ഏതുതരത്തിലുള്ള മൃഗങ്ങളെ ചികിത്സിക്കാനും സജ്ജമാണ്. ചെറിയ എലി മുതൽ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് വരെ ചികിത്സ ഒരുക്കും. പെരുമ്പാമ്പുകൾ, മ്യൂസിയത്തിലെ അനാക്കോണ്ട, പരിക്കേറ്റ മൂർഖൻ, അണലി തുടങ്ങി നിരവധി ജന്തു ജീവജാലങ്ങൾക്ക് സർക്കാർ മൃഗാശുപത്രികളിൽ ചികിത്സ ഒരുക്കിയ ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ ആമയെ ചികിത്സിക്കുന്നതിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ല.

Last Updated : May 23, 2024, 11:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.