ETV Bharat / state

വസന്ത കാലത്തിന്‍റെ വരവ് അറിയിച്ച് മൂന്നാർ മലനിരകളിൽ ജക്രാന്ത മരങ്ങൾ - Jecrantha Trees Idukki

author img

By ETV Bharat Kerala Team

Published : Mar 29, 2024, 11:05 PM IST

Updated : Mar 30, 2024, 10:16 AM IST

JECRANTHA TREES IDUKKI  VAAKA IDUKKI  MUNNAR IDUKKI  BLUE FLOWERS
Jacaranda Trees In The Hills Of Munnar Idukki

മൂന്നാറിലെ തേയിലക്കാടുകൾക്കിടയില്‍ നീല വര്‍ണം തീര്‍ത്ത് ജക്രാന്ത മരങ്ങള്‍. ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ ജക്രാന്ത വസന്തത്തിന്‍റെ സുഗന്ധം മൂന്നാറിലെ കാറ്റിൽ നിറഞ്ഞ് നിൽക്കും.

വസന്ത കാലത്തിന്‍റെ വരവ് അറിയിച്ച് മൂന്നാർ മലനിരകളിൽ ജക്രാന്ത മരങ്ങൾ

ഇടുക്കി: മൂന്നാറിനെ പച്ചപുതപ്പിക്കുന്ന തേയിലക്കാടുകളില്‍ നീല വര്‍ണം തീര്‍ക്കുകയാണ് ജക്രാന്ത മരങ്ങള്‍. ആകാശ നീലിമ പൂവിതളുകളിൽ നിറച്ച് മറ്റൊരു വസന്തകാലം സമ്മാനിക്കുകയാണ് നീല വാകമരങ്ങൾ എന്ന് വിളിപ്പേരുള്ള ഈ മരങ്ങള്‍. ആനച്ചാൽ മുതൽ മറയൂർ വരെ പാതയോരത്ത് തണൽ വിരിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന നീല വാകകള്‍ സഞ്ചാരികളുടെ മനം കവരും.

കടൽ കടന്നെത്തിയ ജക്രാന്ത മരങ്ങള്‍ സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്റർ ഉയരത്തിൽ തണുപ്പുള്ള കാലാവസ്ഥയിലാണ് സമൃദ്ധമായി വളരുന്നത്. വേനലിന്‍റെ തുടക്കത്തില്‍ തന്‍റെ ഇലകൾ മണ്ണിനും പൂക്കൾ നിറഞ്ഞ കാഴ്‌ച കണ്ണിനും സമ്മാനിക്കും ഇവ. ഇലകൾ കൊഴിയുന്നതോടെ ജക്രാന്ത മരങ്ങള്‍ പൂവിടാന്‍ തുടങ്ങും. ഫെബ്രുവരി മുതൽ ഏപ്രിൽ അവസാനം വരെ ജക്രാന്ത വസന്തത്തിന്‍റെ സുഗന്ധം മൂന്നാറിലെ കാറ്റിൽ നിറഞ്ഞ് നിൽക്കും. 50 അടിവരെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളിൽ കുലകളായിട്ടാണ് പൂക്കൾ വിരിയുന്നത്. മധ്യവേനല്‍ അവധിക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനം നിറയ്‌ക്കും ഇവ.

ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. പാതയോരങ്ങളും ഉദ്യാനങ്ങളും മോടി കൂട്ടാന്‍ വിദേശ രാജ്യങ്ങളില്‍ നീല വാകകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. മറുനാട്ടിൽ നിന്നെത്തി കേരളത്തിന്‍റെ പാതയോരം കീഴടക്കിയ നീലവാകകൾ പൂത്തു നില്‍ക്കുന്നത് കാണാൻ ഒരുപാട് കണ്ണുകൾ കാത്തിരിക്കുകയാണ്.

Also read : വര്‍ണ വൈവിധ്യം വിതറി ടുലിപ് പൂക്കള്‍; കാശ്‌മീരിലെ ടുലിപ് ഗാർഡൻ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു - Tulip Garden Of Kashmir

Last Updated :Mar 30, 2024, 10:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.