ETV Bharat / state

ഡോ. വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Feb 6, 2024, 11:56 AM IST

ഡ്യൂട്ടിക്കിടെ ഡോക്‌ടർ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമായിരുന്നു ഡോ. വന്ദനദാസ് കൊലക്കേസ്. എന്നാല്‍ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നും, കേസിൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് ഹൈക്കോടതി നിലപാട്.

ഡോ വന്ദനാദാസ് കൊലക്കേസ്  സിബിഐ അന്വേഷണില്ല  ഹര്‍ജി തള്ളി ഹൈക്കോടതി  Dr Vandana Das murder case  High Court
No CBI Enquiry In Dr Vandana Das Murder Case

എറണാകുളം: ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി വീഴ്‌ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പൊലീസിന്‍റെ വീഴ്‌ച മറച്ചുവെച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നും അത് കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വന്ദനദാസിൻ്റെ പിതാവ് മോഹൻദാസ് ഹർജി സമർപ്പിച്ചത്. കേസിൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നായിരുന്നു സർക്കാരിൻ്റെയും നിലപാട്. കേസ് തള്ളിയ കോടതി നിലവിലെ അന്വേഷണത്തിൽ തൃപ്‌തിയും രേഖപ്പെടുത്തി (No CBI Enquiry In Dr Vandana Das Murder Case).

കേസില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സന്ദീപ് മാത്രമാണ് ഏകപ്രതിയെന്നും കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. അതിനാല്‍ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കേസിൽ പ്രതിയായ സന്ദീപിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.

2023 മെയ് 10ന് പുലർച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പൊലീസ് ചികിത്സക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്‌ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.