ETV Bharat / state

തെരഞ്ഞെടുപ്പ് തലേന്നും ഇരട്ട വോട്ട് വിവാദം; ഉടുമ്പൻചോലയിൽ 200 ലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്ന് ബിജെപി - Double vote controversy

author img

By ETV Bharat Kerala Team

Published : Apr 25, 2024, 6:17 PM IST

IDUKKI DOUBLE VOTE CONTROVERSY  LOK SABHA ELECTION 2024  UDUMBANCHOLA DOUBLE VOTE  ഇരട്ട വോട്ട് വിവാദം
Lok sabha election 2024: Double vote controversy in Idukki Udumbanchola

ഉടുമ്പൻചോലയിൽ വീണ്ടും ഇരട്ട വോട്ട് വിവാദം. റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയ 200 ൽ അധികം ഇരട്ട വോട്ടുകൾ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയെന്ന് ബിജെപി.

ഉടുമ്പൻചോലയിൽ വീണ്ടും ഇരട്ട വോട്ട് വിവാദം

ഇടുക്കി: തെരഞ്ഞെടുപ്പ് തലേന്ന് ഉടുമ്പൻചോലയിൽ വീണ്ടും ഇരട്ട വോട്ട് വിവാദം. ഉടുമ്പൻചോലയിൽ റവന്യൂ അധികൃതർ കണ്ടെത്തിയ 200ലധികം ഇരട്ട വോട്ടുകൾ 19ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. വോട്ട് ചെയ്‌തതിന് തെളിവുണ്ടെന്നും ബിജെപി ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ഇടുക്കിയിൽ ഇത്തവണയും മുറ തെറ്റാതെ ഇരട്ട വോട്ട് വിവാദം സജീവമാക്കി യുഡിഎഫും, എൻഡിഎയും രംഗത്ത് വന്നിരുന്നു. ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ അൻപതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫും എൻഡിഎയും ആരോപിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ രേഖകള്‍, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്.

പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തില്‍ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകള്‍ രണ്ടു സംസ്ഥാനങ്ങളിലായതിനാല്‍ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.

ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ ഉടുമ്പൻചോല പഞ്ചായത്തിൽ 200ലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു. വകുപ്പ് നടത്തിയ ഹിയറിങ്ങിൽ കേരളത്തിൽ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലവും നൽകി. എന്നാൽ ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയവർ തമിഴ്‌നാട്ടിൽ വോട്ട് ചെയ്‌തതായാണ് ബിജെപി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്. സംഭവത്തിൽ നാളെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് ബിജെപിയുടെ നീക്കം.

Also Read: ഉടുമ്പൻചോലയിലെ ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപ്പെടണമെന്ന് ഡീൻ കുര്യാക്കോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.