ETV Bharat / state

ഡൽഹി ലഫ്. ഗവർണർ കേരളത്തിൽ ; സിറോ മലബാർ സഭ അധ്യക്ഷന്മാരുമായി കൂടിക്കാഴ്‌ച - DELHI GOVERNOR SYRO MALABAR SABHA

author img

By ETV Bharat Kerala Team

Published : Apr 24, 2024, 3:51 PM IST

LIEUTENANT GOVERNOR OF DELHI  VINAI KUMAR SAXENA  SYRO MALABAR SABHA  LOK SABHA ELECTION 2024
ഡൽഹി ലഫ്. ഗവർണർ കേരളത്തിൽ

ഡൽഹി ലഫ്. ഗവർണർ വിനയ്‌കുമാർ സക്സേന സിറോ മലബാർ സഭ ആസ്ഥാനത്ത് എത്തി ചർച്ച നടത്തി. കൂടിക്കാഴ്‌ചയെ കുറിച്ച് പ്രതികരിക്കാൻ സഭാനേതൃത്വമോ, ലഫ്. ഗവർണറോ തയ്യാറായില്ല.

ഡൽഹി ലഫ്. ഗവർണർ കേരളത്തിൽ

എറണാകുളം : കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ സിറോ മലബാർ സഭ ആസ്ഥനത്ത് എത്തി ചർച്ച നടത്തി ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ്‌കുമാർ സക്സേന. ചൊവ്വാഴ്ച (ഏപ്രിൽ 23) രാത്രി കൊച്ചിയിലെത്തിയ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ, സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. തെരഞ്ഞെടുപ്പിൻ്റെ തലേന്നാൾ നടന്ന അസാധാരണമായ കൂടിക്കാഴ്‌ചയെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സഭാനേതൃത്വമോ, ലഫ്റ്റനൻ്റ് ഗവർണറോ തയ്യാറായിട്ടില്ല.

അതേസമയം സഭാനേതൃത്വം വൈകാതെ ഇതുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പ് ഇറക്കാനാണ് സാധ്യത. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ്‌കുമാർ തങ്ങളോട് കൂടിക്കാഴ്‌ചയ്ക്ക് അനുമതി തേടി, തങ്ങൾ അനുവാദം നൽകി. അതിനപ്പുറത്തുള്ള ഒരു രാഷ്ട്രീയ പ്രാധാന്യവും ഇതിനില്ലെന്നാണ് സഭാവൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം തൃശൂർ ഉൾപ്പടെ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ സഭയുടെ സഹായം അഭ്യർഥിച്ചാണ് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ ആർച്ച് ബിഷപ്പിനെ കണ്ടെതെന്നാണ് സൂചന.

തെരഞ്ഞെടുപ്പിൽ വ്യക്തമായൊരു രാഷ്ട്രീയ നിലപാട് സിറോ മലബാർ സഭ ഒരിക്കലും പ്രഖ്യാപിക്കാറില്ല. അതേസമയം ലത്തീൻ സഭ തങ്ങളുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ സമദൂര നിലപാട് തുടരുമെന്നും രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന, ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർക്കെതിരെ വോട്ടുചെയ്യണമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.

മധ്യകേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അതിരൂപതകൾ ഉള്ള സിറോ മലബാർ സഭയുടെ പിന്തുണ നേടിയെടുക്കൻ ബിജെപി കുറച്ച് കാലങ്ങളായി പല രീതിയിൽ ശ്രമം തുടരുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ കാക്കനാട് സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിലെത്തിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അതേസമയം മെത്രാന്മാരെ കേസുകൾ കാണിച്ച് ഭീഷണിപ്പെടുത്തി സംഘപരിവാർ കൂടെ നിർത്താൻ ശ്രമിക്കുകയാണെന്ന് വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‍മായ മുന്നേറ്റത്തിൻ്റെ വക്താവ് റിജു കാഞ്ഞുക്കാരൻ കഴിഞ്ഞ ദിവസം ഇടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. മെത്രാന്മാർ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചാൽ പോലും വിശ്വാസികൾ അത് തള്ളി കളയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ഡൽഹി ഗവർണർ സഭ ആസ്ഥാനത്ത് എത്തി നേരിട്ട് ചർച്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.

ALSO READ : ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപിയുടെ ആഗ്രഹമെന്ന് പ്രിയങ്ക ഗാന്ധി; മോദി-ഷാ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാല്‍ ജനാധിപത്യം അവസാനിക്കുമെന്ന് ഖാർഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.