ETV Bharat / state

കോട്ടയത്തെ കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവില്‍ കള്ളിങ് നടത്തും - BIRD FLU IN KOTTAYAM

author img

By ETV Bharat Kerala Team

Published : May 23, 2024, 9:40 PM IST

എച്ച്5 എൻ1 ആണ് സ്ഥിരീകരിച്ചത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്‌തു സംസ്‌കരിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ചു  H5N1 CONFIRMED IN KOTTAYAM  കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു  BIRD FLU IN LOCAL POULTRY FARM
Representative Image (ETV Bharat)

കോട്ടയം: മൃഗസംരക്ഷണവകുപ്പിൻ്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്‌ടർ വി. വിഘ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിൻ്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്‌തു ശാസ്‌ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും.

മൃഗസംരക്ഷണ വകുപ്പിൻ്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്‌ത് ശാസ്‌ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സർക്കാരിൻ്റെ 2021ലെ നിർദ്ദേശങ്ങൾ പ്രകാരമാണ് സംസ്‌കരണനടപടി. മണർകാട് പഞ്ചായത്തിലെ 12, 13, 14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം (വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു.

ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്‌ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്‌ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാസേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി.

Also Read : നെല്ലുണ്ട് പക്ഷേ വിലയില്ല; വില കുറച്ചാലും ഏറ്റെടുക്കാൻ ആളില്ല: കോട്ടയത്തെ നെൽ കർഷകർ കണ്ണീരിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.