ETV Bharat / state

അരിക്കൊമ്പന് ശേഷം ചക്കക്കൊമ്പൻ, ചിന്നക്കനാലിന് ഉറങ്ങാനാകുന്നില്ല...

author img

By ETV Bharat Kerala Team

Published : Mar 16, 2024, 2:55 PM IST

ജനവാസ മേഖലയില്‍ ഇറങ്ങി വീടുകള്‍ക്കും കടകള്‍ക്കും നാശം വരുത്തി അരിയും പലചരക്ക് സാധനങ്ങളും അകത്താക്കി ചക്കക്കൊമ്പന്‍.

Arikomban  Chakkakomban  Chinnakanal elephant attack  Chakkakomban Destroys House Idukki
Chinnakanal elephant attack

അരിക്കൊമ്പനാകാന്‍ തുനിഞ്ഞ് ചക്കക്കൊമ്പന്‍

ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ ഓർമയില്ലേ. ഒടുവില്‍ അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് കാട് കടത്തിയപ്പോഴാണ് ചിന്നക്കനാലിലെ ജനങ്ങൾക്ക് ശ്വാസം തിരികെ ലഭിച്ചത്. എന്നാല്‍ ആ ആശ്വാസ ദിവസങ്ങൾ വേഗം അവസാനിച്ചു. അരിക്കൊമ്പന്‍റെ റോൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് ചക്കക്കൊമ്പനാണ്. റേഷന്‍കട മാത്രമല്ല വീടുകൾക്ക് നേരെയും ചക്കക്കൊമ്പന്‍ ആക്രമണം നടത്തുകയാണ്.

അരിക്കൊമ്പന്‍റെ ആക്രമണത്തിന് സ്ഥിരം ഇരയായിരുന്നു പന്നിയാറിലെ റേഷന്‍കട. പൂര്‍ണ്ണമായും തകര്‍ന്ന കട, പിന്നീട് പുനര്‍ നിര്‍മ്മിച്ച് സോളാര്‍ ഫെന്‍സിംഗും സ്ഥാപിച്ചാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഫെന്‍സിംഗും തകര്‍ത്താണ് കഴിഞ്ഞ ദിവസം ചക്കക്കൊമ്പന്‍ കട ആക്രമിച്ചത്.

വന മേഖലയില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാലാണ് കാട്ടാനകള്‍, വീടുകളും കടകളും ആക്രമിയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അരിക്കൊമ്പനെ പോലെ അരിയും ഭക്ഷ്യ വസ്‌തുക്കളും തേടി, ചക്കക്കൊമ്പനും ആക്രമണം തുടങ്ങിയാല്‍ ജനജീവിതം ദുസഹമാകും. വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ ഉയർന്നുവരുന്നത്.

അതേസമയം, വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ വ്യാപാരികളുടെ മാർച്ചും ധർണയും നടന്നിരുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫീസിലേക്കാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിൽ പ്രത്യേകിച്ച് മൂന്നാർ മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.

കടകളടച്ചു കൊണ്ടാണ് വ്യാപാരികൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. മൂന്നാർ നല്ല റോഡിൽ നിന്നും ആരംഭിച്ച മാർച്ച് വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുന്നിൽ സമാപിച്ചു. കഴിഞ്ഞ ദിവസം വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ വിമർശന മുന്നയിച്ച്‌ ഇടുക്കി രൂപതയുടെ നേതൃത്വത്തിലും പൂപ്പാറയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പം സ്വതന്ത്ര കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും വന്യമൃഗ ശല്യത്തിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.