ETV Bharat / state

അബ്‌ദുൾ റഹീമിന്‍റെ മോചനം: തുക മൂന്ന് അക്കൗണ്ടുകളില്‍, എംബസിക്ക് കൈമാറുന്നതിന് ബാങ്കുകളുമായി ചര്‍ച്ച - BLOOD MONEY TRANSFER DISCUSSIONS

author img

By ETV Bharat Kerala Team

Published : Apr 15, 2024, 9:19 AM IST

34 കോടി രൂപ ദയാധനം ഇന്ന് കൈമാറും  ABDUL RAHIM  INDIAN EMBASSY  DEATH PENALTY
അബ്‌ദുൾ റഹീമിനായുള്ള 34 കോടി രൂപ ഇന്ന് ഇന്ത്യന്‍ എംബസിക്ക് കൈമാറും

മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് 34 കോടി രൂപ സമാഹരിച്ചത്. അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും.

കോഴിക്കോട് : സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. മൂന്നു ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. രണ്ട് ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.

കോടതിയുടെ അനുമതി ലഭിച്ചാല്‍ എംബസി വഴി തുക സൗദി കുടുംബത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറും. കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. റഹീം തിരിച്ചു വരുന്നത് വരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്‌റ്റ് നിലനിര്‍ത്താനാണ് തീരുമാനം.

അക്കൗണ്ടില്‍ അധികമായി ലഭിച്ച തുക എന്തു ചെയ്യണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും. അതിനിടെ, അബ്‌ദുൾ റഹീമിന്‍റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം.

ഇരു വിഭാഗത്തിന്‍റെയും അഭിഭാഷകർ ഇന്ന് ഹാജരായേക്കും. മോചനത്തിനായുള്ള ദയാധനം തയാറാണെന്ന കത്ത് ഇതിനകം നൽകിയിട്ടുണ്ട്. സൗദി കുടുംബത്തിന്‍റെ സമ്മതപത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

അബ്‌ദുൾ റഹീമിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായി നിയമ സഹായ സമിതി അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്‌ടര്‍ ഷഹീൻ മുഹമ്മദുണ്ണിയാണ് ഇക്കാര്യം അറിയിച്ചതെന്നും റഹീം നിയമ സഹായ സമിതി അറിയിച്ചു.

ALSO READ : മഹാലക്ഷ്യത്തിലേക്ക് മലയാളികള്‍ ഒന്നിച്ചു, അബ്‌ദുൾ റഹീമിന്‍റെ മോചനത്തിന് പണം കണ്ടെത്താനുള്ള ദൗത്യം വിജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.