ETV Bharat / entertainment

അഭിമാനമായി 'വടക്കൻ'; കാനിൽ മാർഷെ ദു ഫിലിമിൻ്റെ ഫെന്‍റാസ്റ്റിക് പവലിയനിൽ തെരഞ്ഞെടുക്കപ്പെട്ടു - Vadakkan at Cannes Film Festival

author img

By ETV Bharat Kerala Team

Published : May 18, 2024, 2:59 PM IST

ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രമാണ് 'വടക്കൻ' എന്ന് നിർമാതാക്കൾ.

VADAKKAN HISTORIC DEBUT AT CANNES  VADAKKAN IN FANTASTIC PAVILION  വടക്കൻ കാൻ ചലച്ചിത്ര മേള 2024  Vadakkan movie
Vadakkan (Source: ETV Bharat Reporter)

ജീദ് എയുടെ സംവിധാത്തിൽ കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയ സിനിമ 'വടക്കൻ' കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫെന്‍റാസ്റ്റിക് പവലിയനിൽ തെരഞ്ഞെടുക്കപ്പെട്ടു. പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ എന്നിവർ അണിയറയിലുള്ള 'വടക്കൻ' ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാള ചിത്രമാണ്.

ഒട്ടനവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്കൊപ്പമാണ് ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിൻ്റെ മാർഷെ ദു ഫിലിമിൽ വടക്കൻ പ്രദർശിപ്പിക്കുന്നത്. വടക്കൻ ഫെന്‍റാസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമാണെന്നും മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്‌കാരവും ഇത്തരമൊരു കഥയിലൂടെ, നിഗൂഢതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്‌ടിക്കുന്നു എന്നും മേളയുടെ സംഘടകർ അഭിപ്രായപ്പെട്ടു.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പുരാതന വടക്കെ മലബാറിലെ നാടോടിക്കഥകളെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ സിനിമയാണ് 'വടക്കൻ'.

ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര - ഹൈപ്പർ - ലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് വടക്കനി'ലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിൻ്റെ നിർമാതാവുമായ ജയ്‌ദീപ് സിംഗ് പറഞ്ഞു. "കാനിലെ ഈ പ്രദർശനം ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ്.

സൂപ്പർനാച്ചുറൽ ത്രില്ലറായ വടക്കൻ ഒരു അഭിമാന പ്രൊജക്‌ടാണ്. ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രം'- അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചിത്രം കന്നഡ, തമിഴ്, തെലുഗു ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാനുള്ള പദ്ധതികളും നിർമാതാക്കൾ ആലോചിക്കുന്നുണ്ട്.

ALSO READ: പ്രവാസിയായ സണ്ണിയും ക്ലാരയും പിന്നെ പിടികിട്ടാത്തൊരു കള്ളനും ; 'കുടുംബസ്‌ത്രീയും കുഞ്ഞാടും' ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.