ETV Bharat / sports

'അതവന്‍റെ മാത്രം മാജിക്'; ബുംറയുടെ സൂപ്പര്‍ യോര്‍ക്കറിനെ പുകഴ്‌ത്തി പാക് ഇതിഹാസം

author img

By ETV Bharat Kerala Team

Published : Feb 5, 2024, 1:56 PM IST

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒല്ലി പോപ്പിനെ പുറത്താക്കിയ ജസ്‌പ്രീത് ബുംറയുടെ പന്തിനെ പുകഴ്‌ത്തി പാകിസ്ഥാന്‍ ഇതിഹാസ താരം വഖാന്‍ യൂനിസ്.

India vs England Test  Jasprit Bumrah  Waqar Younis  ഇന്ത്യ vs ഇംഗ്ലണ്ട്  ജസ്‌പ്രീത് ബുംറ
Waqar Younis on Jasprit Bumrah's Viral Yorker

ഇസ്ലാമാബാദ്: വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഒല്ലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) ഇന്‍സ്വിങ് യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. 28-ാം ഓവറിന്‍റെ അഞ്ചാം പന്തിലായിരുന്നു ജസ്‌പ്രീത് ബുംറയ്‌ക്ക് മുന്നില്‍ ഒല്ലി പോപ്പ് നിഷ്‌പ്രഭനായി മാറിയത്. ഇന്ത്യന്‍ പേസറില്‍ നിന്നും ഒരു ഷോട്ട്‌ ബോളോ സ്ലോ ബോളോ പ്രതീക്ഷിച്ചായിരുന്നു പോപ്പ് ക്രീസില്‍ നിന്നിരുന്നത്.

എന്നാല്‍ ഇംഗ്ലീഷ് താരത്തിന്‍റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് മിസൈല്‍ കണക്കെ പതിച്ച ബുംറയുടെ ഇന്‍സിങ് യോര്‍ക്കര്‍ മിഡില്‍ സ്റ്റംപും ലെഗ്‌ സ്റ്റംപും മറിച്ചിട്ടാണ് കടന്ന് പോയത്. പുറത്തായതിലുള്ള അവിശ്വസനീയതയും നിരാശയും തിരികെ നടക്കുമ്പോള്‍ ഒല്ലി പോപ്പിന്‍റെ മുഖത്ത് പ്രകടനമായിരുന്നു.

ഇപ്പോഴിതാ ബുംറയുടെ ഈ പന്തിനെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ വഖാര്‍ യൂനിസ് (Waqar Younis). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇതു സംബന്ധിച്ച ആരാധകന്‍റെ ചോദ്യത്തോടാണ് വഖാന്‍ യൂനിസ് പ്രതികരിച്ചത്. ഒല്ലി പോപ്പിന്‍റെ കുറ്റിയിളക്കിയ ജസ്‌പ്രീത് ബുംറയുടെ പന്ത് ആരെയെങ്കിലും ഓർമിപ്പിക്കുന്നുണ്ടോ എന്നായിരുന്നു ഒരു അരാധകന്‍ ചോദിച്ചത്.

'മറ്റാരേക്കുറിച്ചും ചിന്തിക്കാനാകുന്നില്ല. ബുംറയുടെ മാജിക്കാണത്' -എന്നായിരുന്നു 52-കാരന്‍ ഇതിനോട് പ്രതികരിച്ചത്. ( Waqar Younis on Jasprit Bumrah). ഇന്ത്യയുടെ മുന്‍ താരമായ ആകാശ് ചോപ്ര 2024-ലെ പന്ത് എന്നായിരുന്നു ബുംറയുടെ ഇന്‍സ്വിങ് യോര്‍ക്കറിനെ വിശേഷിപ്പിച്ചത്. അതേസമയം ഇന്നിങ്‌സില്‍ ഇതടക്കം ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുംറ ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടിയിരുന്നു. 15.5 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു ഇന്ത്യയുടെ പ്രീമിയം പേസറുടെ ആറ് വിക്കറ്റ് നേട്ടം.

ഇതോടെ ടെസ്റ്റില്‍ 150 വിക്കറ്റുകള്‍ തികയ്‌ക്കാനും 30-കാരനായ ബുംറയ്‌ക്ക് കഴിഞ്ഞു. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസറാണ് ബുംറ. ടെസ്റ്റില്‍ 6781 പന്തുകളില്‍ നിന്നാണ് ബുംറ 150 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഉമേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. 7661 പന്തുകളിലാണ് താരം പ്രസ്‌തുത നേട്ടത്തിലേക്ക് എത്തിയത്. മുഹമ്മദ് ഷമി (7755 പന്ത്), കപിൽ ദേവ് ( 8378 പന്ത് ) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ.

അതേസമയം തന്‍റെ ആറ് വിക്കറ്റ് നേട്ടം മകന്‍ അങ്കദിനാണ് ബുംറ സമര്‍പ്പിച്ചത്. ഇതവന്‍റെ ആദ്യ ടൂറാണെന്നും തന്‍റെ നേട്ടം മകൻ അങ്കദിന് സമർപ്പിക്കുന്നു എന്നുമായിരുന്നു ഇതു സംബന്ധിച്ച് ബുംറ പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് ജസ്പ്രീത് ബുംറ - സഞ്ജന ഗണേശന്‍ (Jasprit Bumrah Sanjana Ganesan) ദമ്പതികള്‍ക്ക് അങ്കദ് (Angad Jasprit Bumrah) എത്തുന്നത്.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.