ETV Bharat / sports

വിനീഷ്യസിന് 'ഡബിള്‍', ബെല്ലിങ്‌ഹാമിന് 'റെഡ് കാര്‍ഡ്'; വലൻസിയ-റയല്‍മാഡ്രിഡ് മത്സരം സമനിലയില്‍

author img

By ETV Bharat Kerala Team

Published : Mar 3, 2024, 8:34 AM IST

Real Madrid  La Liga  Vinicius Junior  Jude Bellingham Red Card  വലൻസിയ vs റയല്‍ മാഡ്രിഡ്
Valencia vs Real Madrid

ലാ ലിഗയില്‍ വലൻസിയ റയല്‍ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും രണ്ട് ഗോളുകള്‍ നേടി. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് റയല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.

വലെൻസിയ (സ്‌പെയിൻ): സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ വലൻസിയക്കെതിരെ പൊരുതി സമനില നേടി റയല്‍ മാഡ്രിഡ് (Real Madrid). വലൻസിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമും കളിയവസാനിപ്പിച്ചത്. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്‍റെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് (Valencia vs Real Madrid La Liga Result).

വിനീഷ്യസ് ജൂനിയറാണ് (Vinicius Junior) മത്സരത്തില്‍ രണ്ട് ഗോളും റയല്‍ മാഡ്രിനായി നേടിയത്. മത്സരത്തിന്‍റെ അവസാനം നിമിഷം ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham) റയലിനായി മൂന്നാമതും സ്കോര്‍ ചെയ്‌തെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ റയല്‍ താരത്തിന് റഫറി റെഡ് കാര്‍ഡ് നല്‍കുകയും ചെയ്‌തു.

സമനില വഴങ്ങിയെങ്കിലും റയല്‍ ലാ ലിഗ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 27 മത്സരങ്ങളില്‍ നിന്നും 20 ജയം സ്വന്തമാക്കിയ അവര്‍ക്ക് 66 പോയിന്‍റാണ് നിലവില്‍. 59 പോയിന്‍റുള്ള ജിറോണയാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് (La Liga Standings).

മത്സരത്തില്‍ ആദ്യ രണ്ട് ഗോളും നേടിയത് ആതിഥേയരായ വലൻസിയയാണ്. 27-ാം മിനിറ്റില്‍ ഹ്യൂഗോ ഡൂറോയാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. 30-ാം മിനിറ്റില്‍ റോമൻ യരെംചുക് അവരുടെ രണ്ടാം ഗോളും നേടി.

ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ റയല്‍ മാഡ്രിഡിന് ഒരു ഗോള്‍ മടക്കാനായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്നാണ് വിനീഷ്യസ് ജൂനിയര്‍ റയലിന്‍റെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 76-ാം മിനിറ്റിലാണ് സന്ദര്‍ശകര്‍ സമനില ഗോള്‍ കണ്ടെത്തിയത്.

ബ്രാഹിം ഡിയസിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്തവണ വിനീഷ്യസ് റയലിനായി വലൻസിയയുടെ വലയില്‍ പന്തെത്തിച്ചത്. തുടര്‍ന്ന് വിജയഗോള്‍ കണ്ടെത്താനുള്ള രണ്ട് ടീമിന്‍റെയും ശ്രമങ്ങള്‍. നിശ്ചിത സമയം അവസാനിക്കുന്നതിനുള്ളില്‍ ഇരു ടീമിനും പിന്നീട് ഗോള്‍ നേടാനായില്ല.

ഏഴ് മിനിറ്റായിരുന്നു മത്സരത്തില്‍ അധിക സമയമായി അനുവദിച്ചത്. ഈ സമയം പിന്നിട്ട് മത്സരത്തിന്‍റെ 99-ാം മിനിറ്റില്‍ റയലിന് അനുകൂലമായി ഒരു കോര്‍ണര്‍ ലഭിച്ചു. ലൂക്ക മോഡ്രിച്ച് എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യപ്പെട്ടെങ്കിലും പന്ത് നേരെ എത്തിയത് ബ്രാഹിം ഡിയസിലേക്കായിരുന്നു.

താരം മൈതാനത്തിന്‍റെ വലതു ഭാഗത്തേക്ക് പോയി ക്രോസ് ചെയ്‌ത പന്താണ് ബെല്ലിങ്‌ഹാം ഗോളാക്കി മാറ്റിയത്. എന്നാല്‍, ബ്രാഹിം ഡിയസ് ക്രോസ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തന്നെ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയിരുന്നു. ഇതോടെ, റയലിന് ഗോള്‍ ലഭിച്ചില്ല. ഗോളിനായി റയല്‍ താരങ്ങള്‍ വാദിച്ചെങ്കിലും തീരുമാനം മാറ്റാൻ റഫറി തയ്യാറായില്ല.

Also Read : രക്ഷകനായി ഡാര്‍വിൻ നൂനസ്, നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ അവസാന മിനിറ്റില്‍ ജയം പിടിച്ച് ലിവര്‍പൂള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.