ETV Bharat / sports

താരലേലത്തില്‍ പഞ്ചാബിന്‍റെ 'അബദ്ധം', 'ആളുമാറി' ടീമില്‍; പരിഹാസങ്ങള്‍ക്ക് ശശാങ്ക് സിങ്ങിന്‍റെ മധുരപ്രതികാരം - Shashank Singh In Punjab Kings

author img

By ETV Bharat Kerala Team

Published : Apr 5, 2024, 10:42 AM IST

TITANS VS KINGS  SHASHANK SINGH BATTING  ശശാങ്ക് സിങ്  IPL 2024
SHASHANK SINGH

കഴിഞ്ഞ താരലേലത്തില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ശശാങ്ക് സിങ്ങിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.

അഹമ്മദാബാദ് : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആവേശകരമായ ജയമാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് നേടിയെടുത്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ തോല്‍വിയെ മുന്നില്‍ കണ്ടിടത്ത് നിന്നും വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ഈ ജയക്കുതിപ്പിലേക്ക് അവരെ സഹായിച്ചതാകട്ടെ 'ആളുമാറി' ടീമിലേക്ക് എത്തിയ ശശാങ്ക് സിങ് എന്ന 32കാരനും.

പഞ്ചാബ് കിങ്സിലേക്കുള്ള ശശാങ്ക് സിങ്ങിന്‍റെ വരവ് ഏറെക്കാലങ്ങള്‍ക്ക് മുന്‍പ് തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ ആയിരുന്നു ചില ആശയക്കുഴപ്പങ്ങള്‍ക്ക് പിന്നാലെ പഞ്ചാബ് ശശാങ്കിനെ കൂടാരത്തിലേക്ക് എത്തിച്ചത്. മിനി താരലേലത്തില്‍ ശശാങ്കിന്‍റെ പേര് വന്നപ്പോള്‍ ആവേശത്തോടെ തന്നെ പഞ്ചാബും രംഗത്തിറങ്ങി.

മറ്റാരും താരത്തിനായി എത്താതെ വന്നതോടെ പഞ്ചാബ് ക്യാമ്പില്‍ ചില അസ്വസ്ഥതകള്‍ രൂപം കൊണ്ടു. തങ്ങള്‍ ഉദ്ദേശിച്ച താരമല്ല ഇതെന്ന തരത്തിലായിരുന്നു പഞ്ചാബ് മാനേജ്‌മെന്‍റിന്‍റെ പ്രതികരണങ്ങള്‍. എന്നാല്‍, ലേലം ഉറപ്പിച്ച സ്ഥിതിയ്‌ക്ക് താരത്തെ തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന അറിയിപ്പ് വന്നതോടെ ശശാങ്ക് സിങ്ങിനെയും പഞ്ചാബ് കിങ്സ് നിലനിര്‍ത്തി.

ഇക്കാര്യത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തരത്തിലാണ് പരിഹാസങ്ങള്‍ നിറഞ്ഞത്. ഇതോടെ, വിഷയത്തില്‍ ടീം വിശദീകരണവും നല്‍കി. ശശാങ്ക് സിങ് തങ്ങള്‍ ഉദ്ദേശിച്ച താരമായിരുന്നെന്നും ലിസ്റ്റില്‍ ഒരേ പേരുള്ള രണ്ട് പേരെ കണ്ടപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ടീമിന്‍റെ പ്രതികരണം.

തന്നെ വിശ്വസിച്ചതിന് നന്ദി എന്നായിരുന്നു എന്ന് പഞ്ചാബിന്‍റെ എക്‌സ് പോസ്റ്റിന് ശശാങ്ക് നല്‍കിയ മറുപടി. അങ്ങനെ ആളുമാറി എത്തിയ ശശാങ്ക് സിങ്ങാണ് അഹമ്മദാബാദില്‍ പഞ്ചാബിന് തകര്‍പ്പൻ ജയം നേടിക്കൊടുത്തത്. മത്സരത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി ആറാം നമ്പറില്‍ ക്രീസിലെത്തി വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു ശശാങ്ക് നടത്തിയത്.

29 പന്ത് മാത്രം നേരിട്ട താരം അടിച്ചുകൂട്ടിയത് 61 റണ്‍സ്. നാല് സിക്‌സറും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. അതും 210 പ്രഹരശേഷിയില്‍.

111-5 എന്ന നിലയില്‍ പഞ്ചാബ് വീണപ്പോഴായിരുന്നു ക്രീസിലേക്ക് ശശാങ്ക് സിങ്ങിന്‍റെ വരവ്. ജിതേഷ് ശര്‍മയ്‌ക്കും അഷുതോഷ് ശര്‍മയ്‌ക്കുമൊപ്പം നിര്‍ണായക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് ശശാങ്ക് മത്സരത്തില്‍ പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്.

Read More : ശശാങ്ക് സിങ് കത്തിക്കയറി, ത്രില്ലര്‍ പോരില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് - GT Vs PBKS IPL 2024 Match Result

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.