ETV Bharat / sports

'തീരുമാനം അവന്‍റേതാണ്, ഞങ്ങള്‍ ഒന്നിനും നിര്‍ബന്ധിക്കില്ല'; ഇഷാന്‍റെ മടങ്ങി വരവില്‍ നിലപാട് വ്യക്തമാക്കി ദ്രാവിഡ്

author img

By ETV Bharat Kerala Team

Published : Feb 5, 2024, 7:57 PM IST

Rahul Dravid  Ishan Kishan  ഇഷാന്‍ കിഷന്‍  രാഹുല്‍ ദ്രാവിഡ്  India vs England
Rahul Dravid On Ishan Kishan s Comeback to Indian Team

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കൂവെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ഇഷാന്‍ കിഷന്‍റെ ( Ishan Kishan) തിരിച്ചുവരവില്‍ പ്രതികരിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ( Rahul Dravid ). തിരിച്ച് വരവിന് തയ്യാറാവുമ്പോള്‍ ഇഷാന്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. തങ്ങള്‍ ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് (India vs England 2nd Test) ഇന്ത്യന്‍ പരിശീലകന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍ ഇങ്ങിനെ....

"എല്ലാവർക്കും ടീമിലേക്ക് തിരിച്ചുവരാനുള്ള വഴിയുണ്ട്. ഇഷാൻ കിഷൻ ഞങ്ങളോട് ഒരു ഇടവേള ആവശ്യപ്പെട്ടു. അതു നല്‍കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷവുണ്ട്.

ഒന്നില്‍ നിന്നും ഞങ്ങള്‍ ആരെയും ഒഴിവാക്കുന്നില്ല. ഇഷാന്‍ കിഷനുമായി ബന്ധപ്പട്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതാണ്. വീണ്ടും അതു വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് ഇറങ്ങണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

എന്നാല്‍ തയ്യാറാവുമ്പോള്‍ തീര്‍ച്ചയായും അവന്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. എന്തു തന്നെ ആയാലും തീരുമാനം അവന്‍റേതാണ്. ഒന്നിനായും ഞങ്ങള്‍ അവനെ നിര്‍ബന്ധിക്കുന്നില്ല'' ദ്രാവിഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ ഇഷാന് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞിട്ടില്ല. അഭ്യന്തര മത്സരങ്ങള്‍ കളിച്ചാല്‍ ഇഷാന് ടീമിലേക്ക് തിരികെ എത്താമെന്ന് നേരത്തെ തന്നെ രാഹുല്‍ ദ്രാവിഡ് താരത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫിയില്‍ ഒരൊറ്റ മത്സരവും ഇഷാന്‍ ഇതുവരെ കളിച്ചിട്ടില്ല.

ടൂര്‍ണമെന്‍റില്‍ അഞ്ച് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ടീമിന്‍റെ ഭാഗമാവുന്നതിനായി ഇഷാന്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി നേരത്തെ പ്രതികരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 25-കാരനായ ഇഷാന്‍ കിഷന്‍ പിന്മാറിയതെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അവധിയെടുത്ത താരം ദക്ഷിണാഫ്രിക്കയില്‍ നിന്നും ദുബായില്‍ സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിനായിരുന്നു നേരെ പോയത്. ഇക്കാര്യം ബിസിസിഐക്ക് അത്ര രസിച്ചിട്ടില്ലെന്നും പിന്നാലെ തന്നെ റിപ്പോര്‍ട്ടുകള്‍ എത്തി. ഇഷാനുമായി മാനേജ്‌മെന്‍റിന് പ്രശ്‌നങ്ങളില്ലെന്നും താരവുമായി ബന്ധപ്പെടാറുണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ ഈ വാര്‍ത്ത സമ്മേളനത്തിലും ആവര്‍ത്തിച്ചു.

ALSO READ: ചാമ്പ്യന്‍ ബോളര്‍; ബുംറയെ പ്രശംസകൊണ്ട് മൂടി രോഹിത്

"ഞങ്ങള്‍ ഇഷാനുമായി സംസാരിക്കാറുണ്ട്. അവൻ ഇതുവരെ കളിക്കാൻ തുടങ്ങിയിട്ടില്ല. അതിന്‍റെ അര്‍ത്ഥം അവനിപ്പോഴും തയ്യറായിട്ടില്ല എന്നാണ്.

ഇക്കാരണത്താല്‍ നിലവില്‍ അവനെ ടീമിലേക്ക് പരിഗണിക്കാനുമാവില്ല. എപ്പോഴാണ് തയ്യാറാവേണ്ടതെന്ന് അവന്‍ തീരുമാനിക്കട്ടെ. പരിക്കേറ്റ റിഷഭ്‌ പന്ത് തിരിച്ചുവരവിന്‍റെ പാതയിലാണ്. ഞങ്ങള്‍ക്ക് മറ്റ് ഓപ്‌ഷനുകളുമുണ്ട്. സെലക്‌ടര്‍മാര്‍ ഇതെല്ലാം തന്നെ പരിഗണിക്കും"- രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ALSO READ: വിശാഖപട്ടണത്തെ മിന്നും വിജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.