ETV Bharat / sports

ചാമ്പ്യന്‍ ബോളര്‍; ബുംറയെ പ്രശംസകൊണ്ട് മൂടി രോഹിത്

author img

By ETV Bharat Kerala Team

Published : Feb 5, 2024, 6:06 PM IST

India vs England Test  Jasprit Bumrah  Rohit Sharma  രോഹിത് ശര്‍മ  ജസ്‌പ്രീത് ബുംറ
Indian Captain Rohit Sharma lauds Jasprit Bumrah

വിശാഖപട്ടണത്തിലേത് പോലെയുള്ള ഒരു സാഹചര്യത്തില്‍ ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് എളുപ്പമല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ (India vs England 2nd Test) ഇന്ത്യയുടെ വിജയത്തില്‍ പ്രധാനിയായത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ് (Jasprit Bumrah). പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയില്ലാതിരുന്ന ഹൈദരാബാദിലെ പിച്ചില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് താരം തിളങ്ങിയത്. ഇതോടെ മത്സരത്തിലെ താരമായും 30-കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബുംറയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma).

മത്സര ശേഷം സംസാരിക്കവെ ചാമ്പ്യന്‍ ബോളര്‍ എന്നാണ് ബുംറയെ രോഹിത് വിശേഷിപ്പിച്ചിരിക്കുന്നത്. "ജസ്പ്രീത് ബുംറ ഒരു ചാമ്പ്യൻ ബോളര്‍റാണ്. കുറച്ചുകാലമായി ടീമിനായി ഏറെ മികച്ച പ്രകടനമാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മത്സരം ഇതുപോലെ വിജയിക്കുമ്പോള്‍ ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനവും നോക്കേണ്ടതുണ്ട്.

ബാറ്റുകൊണ്ടും ഞങ്ങള്‍ മികച്ച പ്രകടനം നടത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ടെസ്റ്റ് ജയിക്കുക എന്നത് എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടെ ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ടായിരുന്നു. അവര്‍ അതു ചെയ്യുകയും ചെയ്‌തു.

തന്‍റെ കഴിവിനെ പൂര്‍ണ്ണമായി മനസിലാക്കിയാണ് ബുംറ പന്തെറിയുന്നത്. അവന് ഇനിയും ഏറെ ദൂരം പോവാനുണ്ട്. ടീമിന് ഏറെ സംഭാവനകള്‍ ചെയ്യുന്ന അവന്‍ വരും മത്സരങ്ങളിലും അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്‌" - രോഹിത് ശര്‍മ പറഞ്ഞു. (Rohit Sharma on Jasprit Bumrah).

യുവ താരങ്ങളില്‍ അഭിമാനം: മത്സരത്തില്‍ ഇന്ത്യന്‍ യുവ നിരയുടെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും രോഹിത് പറഞ്ഞു. "ബാറ്റിങ്ങിന് ഏറെ അനുകൂലമായ പിച്ചായിരുന്നുവിത്. എന്തെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടെങ്കില്‍, ഏറെ ബാറ്റര്‍മാക്കും മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ സ്‌കോര്‍ അക്കാന്‍ കഴിഞ്ഞില്ല എന്നാണ് എനിക്ക് പറയാനുള്ളത്.

എന്നാൽ അവർ ചെറുപ്പവും കളിയിൽ തുടക്കക്കാരാണെന്നും ഞാൻ മനസ്സിലാക്കുന്നു. അവർക്ക് ആത്മവിശ്വാസം നൽകേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെ പോലെ ശക്തമായ ഒരു ടീമിനെതിരെ അവര്‍ മികച്ച പ്രകടനം നടത്തിയതില്‍ തീര്‍ച്ചയായും അഭിമാനമുണ്ട്" രോഹിത് ശര്‍മ വ്യക്തമാക്കി.

വരും മത്സരങ്ങളില്‍ ഇതിലും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് കരുതുന്നതായും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. ''കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഈ പരമ്പര അത്ര എളുപ്പമുള്ളതാവില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പരമ്പരയില്‍ ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. തെറ്റുകള്‍ തിരുത്തി മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ'' - രോഹിത് പറഞ്ഞു നിര്‍ത്തി.

ALSO READ: സ്റ്റോക്‌സിന് മറുപടി, ഇംഗ്ലീഷ് നായകന്‍റെ വിക്കറ്റ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍

അതേസമയം വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിനാണ് വിജയിച്ചത്. രണ്ടാം ഇന്നിങ്‌സിന് ശേഷം ആതിഥേയര്‍ ഉയര്‍ത്തിയ 399 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് ശേഷം 292 റണ്‍സില്‍ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. രണ്ടാം ഇന്നിങ്‌സില്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറി നേടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.