ETV Bharat / sports

ഫാന്‍ ഫൈറ്റ് അതിരുവിടുന്നു, ഇതു സിനിമാ സംസ്‌കാരം; തുറന്നടിച്ച് ആര്‍ അശ്വിന്‍ - R Ashwin supports Hardik Pandya

author img

By ETV Bharat Kerala Team

Published : Mar 30, 2024, 7:35 PM IST

MUMBAI INDIANS  R ASHWIN  HARDIK PANDYA  IPL 2024
R Ashwin supports Mumbai Indians skipper Hardik Pandya

ഹാര്‍ദിക് നമ്മുടെ താരമാണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ടെന്ന് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.

മുംബൈ: കനത്ത ആരാധക രോഷം നേരിടുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി രാജസ്ഥാൻ റോയൽസിന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഹാര്‍ദിക്കിനെതിരായ ആരാധകരുടെ ട്രോളും വിമര്‍ശനങ്ങളും അതിരുകടന്നതായാണ് അശ്വിന്‍ പറയുന്നത്. രോഹിത് ശര്‍മ- ഹാര്‍ദിക് ആരാധകര്‍ തമ്മിലുള്ള പോരാട്ടം സിനിമ സംസ്‌കാരത്തിലേത് പോലെയാണെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏറെ മോശമാണെന്നും ആശ്വിന്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് ഒരു ആരാധകന്‍റെ ചോദ്യത്തോട് തന്‍റെ യുട്യൂബ് ചാനലിലാണ് അശ്വിന്‍ പ്രതികരിച്ചിരിക്കുന്നത്. ഹാര്‍ദിക് നമ്മുടെ താരമാണെന്നും ആളുകള്‍ അതു ഓര്‍ക്കേണ്ടതുണ്ടെന്നും 37-കാരന്‍ കൂട്ടിച്ചേര്‍ത്തു.

"നോക്കൂ.. ഹാര്‍ദിക്കിന് എതിരെ തിരിഞ്ഞിരിക്കുന്ന ആളുകള്‍ അവന്‍ ഏത് രാജ്യത്തിനായി കളിക്കുന്ന താരമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. അതു നമ്മുടെ രാജ്യമാണ്. ഫാൻസ് ഫൈറ്റ് ഒരിക്കലും ഇത്തരമൊരു വൃത്തികെട്ട രീതിയിലേക്ക് എത്തരുത്.

ഇത് സിനിമാ സംസ്കാരമാണ്. അതും ഇവിടെ മാത്രം നടക്കുന്നതാണ്. മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, പൊസിഷനിംഗ് എന്നിങ്ങനെ പല കാര്യങ്ങളും ഉണ്ടെന്ന് എനിക്കറിയാം. അക്കാര്യം ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ മറ്റേതെങ്കിലും രാജ്യത്ത് ഇത്തരമൊരു തര്‍ക്കം നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?.

ഉദാഹരണത്തിന്, ജോ റൂട്ടിന്‍റെയും സാക് ക്രൗവ്‌ലിയുടെയും ആരാധകർ ഏറ്റുമുട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?. ജോ റൂട്ടിന്‍റെയും ജോസ് ബട്‌ലറുടെയും ആരാധകർ വഴക്കിടുമോ?. ഇനി ഓസ്‌ട്രേലിയയിൽ പാറ്റ് കമ്മിൻസ് ആരാധകരുമായി സ്റ്റീവൻ സ്‌മിത്ത് ആരാധകർ തമ്മിലടിക്കുന്നത് നിങ്ങൾ കാണുന്നുണ്ടോ. എന്നാല്‍ ഇവിടെ എന്താണ് നടക്കുന്നത്" ആര്‍ അശ്വിന്‍ പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങി നിരവധി ഇന്ത്യന്‍ ഇതിഹാസങ്ങള്‍ പരസ്‌പരമുള്ള ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചപ്പോള്‍ ആരാധകരിൽ നിന്നും ചെറിയ തോതിലുള്ള വിമര്‍ശനങ്ങള്‍ പോലും ഉയര്‍ന്നിരുന്നില്ലെന്നും അശ്വന്‍ ചൂണ്ടിക്കാട്ടി.

"നോക്കൂ,.. സൗരവ് ഗാംഗുലി സച്ചിൻ ടെണ്ടുൽക്കറുടെ ക്യാപ്റ്റന്‍സിയിലും സച്ചിന്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലും കളിച്ചിട്ടുണ്ട്. ഇരുവരും രാഹുല്‍ ദ്രാവിഡിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴിലും കളിച്ചു. ഇവർ മൂന്നു പേരും അനിൽ കുംബ്ലെയുടെ കീഴിലും എംഎസ് ധോണിക്ക് കീഴിലും കളിച്ചവരാണ്.

ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്ന കാലത്ത് മൂന്ന് പേരും ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്. ഇനി ധോണിയാവട്ടെ വിരാട് കോലിയുടെ കീഴിലും കളിച്ചിട്ടുണ്ട്" അശ്വിന്‍ വ്യക്തമാക്കി.

ALSO READ: രോഹിത്തിനെ വാങ്കഡെ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്, ഹാര്‍ദിക്കിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാണാനാണ് ആകാംക്ഷ; സ്‌റ്റീവ് സ്‌മിത്ത് - Steve Smith Advises Hardik Pandya

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സ്വയം തിരുത്താനുള്ള കൂട്ടായ ഉത്തരവാദിത്തം എല്ലാ ആരാധകർക്കും ഉണ്ട്. ഇഷ്‌ടപ്പെടുന്ന ടീമിനെയോ കളിക്കാരനെയോ പിന്തുണയ്‌ക്കാനുള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അതു മറ്റുള്ളവരുടെ ചിലവിലാവരുതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.