മുംബൈ: ഐപിഎല്‍ 17-ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കിയ നടപടി ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഇക്കൂട്ടര്‍ ഉയര്‍ത്തിയത്. സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുക കൂടി ചെയ്‌തതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് എതിരായ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ചയേറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എന്നാല്‍ ഇപ്പോഴിതാ താരത്തിന് കനപ്പെട്ട ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റര്‍ സ്‌റ്റീവ് സ്‌മിത്ത്. അനാവശ്യമായ വിമര്‍ശനങ്ങള്‍ക്ക് 30-കാരന്‍ ചെവികൊടുക്കേണ്ടതില്ലെന്നാണ് സ്‌മിത്ത് പറയുന്നത്. 2018-ലെ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ആരാധക രോഷം നേരിടേണ്ടി വന്ന താരമാണ് സ്‌മിത്ത്.
"അനാവശ്യമായ എല്ലാത്തിനേയും ഹാര്‍ദിക് തടയേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാനായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കില്ലായിരുന്നു. നിങ്ങള്‍ എന്ത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുറത്തുള്ള ഒരാള്‍ക്കും അറിയാനാവില്ല. പുറത്തുള്ള ആരും തന്നെ ഡ്രെസ്സിങ് റൂമിന്‍റെ ഭാഗമല്ല" - സ്‌റ്റീവ് സ്‌മിത്ത് പറഞ്ഞു.
"വ്യക്തിപരമായി പറയുകയാണെങ്കില്‍ ഇതെന്നെ ബാധിക്കില്ല. കാരണം ഞാനത് ശ്രദ്ധിക്കാറില്ല. എന്നാല്‍ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ചിലപ്പോള്‍ ഹാര്‍ദിക്കിനെ ബാധിക്കാന്‍ ഇടയുണ്ട്. ഇതിന് മുമ്പ് തന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരമൊരു സാഹചര്യം അവന് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.
എനിക്ക് തോന്നുന്നത് ആരാധകര്‍ എതിരെ നില്‍ക്കുന്ന ഒരു സംഭവം ഇതിന് മുന്നെ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല എന്നാണ്. തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ഒരു സമയത്തിലൂടെയാണ് ഹാര്‍ദിക് കടുന്നുപോകുന്നത്. സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍ക്കുകയും ചെയ്‌തു.
ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകരില്‍ ഒരാളായ രോഹിത് ശര്‍മയ്‌ക്ക് പകരക്കാരനായാണ് ഹാര്‍ദിക് എത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ ഉയര്‍ത്തിയ ക്യാപ്റ്റനാണ് രോഹിത്. എന്തു തന്നെ ആയാലും മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനായി നല്ല രീതിയിലുള്ള ഒരു തുടക്കമല്ല ഹാര്‍ദിക്കിന് ലഭിച്ചിരിക്കുന്നത്" -സ്‌റ്റീവ് സ്‌മിത്ത് പറഞ്ഞു.
"നിലവില്‍ ഹാര്‍ദിക്കിന് സമ്മര്‍ദമുണ്ടാവും. ഇനി മുംബൈ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങുമ്പോള്‍ വാങ്കഡെയില്‍ എന്ത് തരത്തിലുള്ള സ്വീകരണമാണ് അവന് ലഭിക്കുകയെന്ന് നോക്കാം. കഴിഞ്ഞ മത്സരങ്ങളില്‍ ഗ്യാലറിയില്‍ നിന്നും അവന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ എത്രയെന്ന് നമ്മള്‍ കണ്ടതാണ്. അതു തീര്‍ത്തും നിരാശാജനകമായ കാര്യമാണ്.
മുംബൈയിലെ സ്വീകരണം എങ്ങനെയാണെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്. രോഹിത് എത്ര വലിയ താരമാണെന്നും ആ സ്റ്റേഡിയത്തിനുള്ളിൽ അദ്ദേഹം എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും നമുക്കറിയാം"- സ്റ്റീവ് സ്‌മിത്ത് പറഞ്ഞു നിര്‍ത്തി. തിങ്കളാഴ്ച രാജസ്ഥാന്‍ റോയൽസിന് എതിരെയാണ് മുംബൈ ഇന്ത്യൻസ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്.