ETV Bharat / sports

അരങ്ങേറ്റത്തില്‍ 'മിന്നല്‍ വേഗം', പഞ്ചാബിനെ പൂട്ടിയ ലഖ്‌നൗ പേസര്‍; അറിയാം മായങ്ക് യാദവ് ആരാണെന്ന്... - Who Is Mayank Yadav

author img

By ETV Bharat Kerala Team

Published : Mar 31, 2024, 9:25 AM IST

ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഈ സീസണിലെ ഏറ്റവും വേഗതയാര്‍ന്ന പന്ത് എറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം മായങ്ക് യാദവ്.

MAYANK YADAV IPL DEBUT  LSG PACER MAYANK YADAV  FASTEST BALL IN IPL 2024  LSG VS PBKS
MAYANK YADAV

ലഖ്‌നൗ: പഞ്ചാബ് കിങ്‌സിനെതിരെ 21 റണ്‍സിന്‍റെ ജയവുമായി ഐപിഎല്‍ പതിനേഴാം പതിപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സ് നേടിയാണ് മടങ്ങിയത്. മറുപടി ബറ്റിങ്ങില്‍ പഞ്ചാബിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 178-5 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കമായിരുന്നു മത്സരത്തില്‍ ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് 102 റണ്‍സ് പഞ്ചാബിന്‍റെ സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തിരുന്നു. ഇതോടെ, പഞ്ചാബ് അനായാസം തന്നെ ജയത്തിലേക്ക് എത്തുമെന്നാണ് കളി കണ്ടിരുന്നവരില്‍ പലരും കരുതിയത്.

എന്നാല്‍, 21കാരൻ മായങ്ക് യാദവിന്‍റെ തകര്‍പ്പൻ സ്പെല്ലായിരുന്നു ജയത്തിലേക്ക് കുതിച്ച പഞ്ചാബിനെ തടഞ്ഞത്. നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത സൂപ്പര്‍ ജയന്‍റ്‌സ് യുവ പേസര്‍ മായങ്ക് യാദവ് ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തും എറിഞ്ഞാണ് തിരികെ കയറിയത്. പഞ്ചാബ് ഇന്നിങ്‌സിന്‍റെ 12-ാം ഓവറിലാണ് മണിക്കൂറില്‍ 155.8 കി.മീ വേഗതയില്‍ ഉള്ള പന്ത് മായങ്ക് യാദവിന്‍റെ ഈ സീസണിലെ ഫാസ്റ്റസ്റ്റ് ബോള്‍.

ഇതേ ഓവറിലായിരുന്നു ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റെടുത്ത് പഞ്ചാബിന്‍റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടും മായങ്ക് യാദവ് പൊളിച്ചത്. പിന്നീട്, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി മായങ്ക് മത്സരത്തില്‍ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഈ പ്രകടനത്തിന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മായങ്കായിരുന്നു.

ആരാണ് മായങ്ക് യാദവ്... : 2022 മുതല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്ക്വാഡിനൊപ്പമുള്ള താരമാണ് മായങ്ക് യാദവ്. ആ വര്‍ഷത്തെ മെഗ താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനായിരുന്നു ലഖ്‌നൗ യുവതാരത്തെ റാഞ്ചിയത്. എന്നാല്‍, ആദ്യ സീസണില്‍ കെഎല്‍ രാഹുലിന്‍റെ ടീമിനായി കളിക്കാൻ മായങ്കിന് അവസരം ലഭിച്ചില്ല.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ടീമില്‍ നിന്നും മായങ്ക് പുറത്താകുകയും ചെയ്‌തു. പിന്നാലെ മായങ്കിന്‍റെ പകരക്കാരനായി അര്‍പിത് ഗലേറിയയെ ലഖ്‌നൗ ടീമിലെടുക്കുകയും ചെയ്‌തു. എന്നാല്‍, ഈ സീസണില്‍ സ്ക്വാഡിലേക്ക് മടങ്ങിയെത്തിയ താരം ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്‍റ്‌സിനായി കളത്തിലിറങ്ങി.

കഴിഞ്ഞ വര്‍ഷം ദിയോദാര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനായി കളിച്ച മായങ്ക് 12 വിക്കറ്റ് നേടി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി. ടൂര്‍ണമെന്‍റില്‍ നോര്‍ത്ത് സോണിന്‍റെ പ്രധാനിയായിരുന്നു താരം. 2022ല്‍ ഡല്‍ഹിക്കായി കളിച്ചുകൊണ്ടാണ് രഞ്ജി ട്രോഫിയില്‍ താരം അരങ്ങേറ്റം നടത്തിയത്.

രഞ്ജിയിലെ ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ലിസ്റ്റ് എ മത്സരങ്ങളിലും 2022ല്‍ തന്നെ താരം അരങ്ങേറ്റം നടത്തി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ 17 മത്സരങ്ങളിലാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്.

Also Read : ഫാന്‍ ഫൈറ്റ് അതിരുവിടുന്നു, ഇതു സിനിമാ സംസ്‌കാരം; തുറന്നടിച്ച് ആര്‍ അശ്വിന്‍ - R Ashwin Supports Hardik Pandya

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.