ETV Bharat / sports

'ഒന്നാം സ്ഥാനം' പിടിക്കാൻ രാഹുലും കൂട്ടരും, എതിരാളികള്‍ ഡല്‍ഹി കാപിറ്റല്‍സ്; ഇന്ന് മത്സരം ലഖ്‌നൗവില്‍ - LSG vs DC Matchday Preview

author img

By ETV Bharat Kerala Team

Published : Apr 12, 2024, 12:45 PM IST

IPL 2024  LUCKNOW SUPER GIANTS  DELHI CAPITALS  ലഖ്‌നൗ VS ഡല്‍ഹി
LSG VS DC MATCHDAY PREVIEW

ഐപിഎല്‍ പതിനേഴാം പതിപ്പിലെ 26-ാം മത്സരത്തില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും.

ലഖ്‌നൗ : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ജയക്കുതിപ്പ് തുടരാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്ന് ഇറങ്ങും. തുടര്‍തോല്‍വികളില്‍ നിന്നും കരകയറാൻ ശ്രമിക്കുന്ന ഡല്‍ഹി കാപിറ്റല്‍സാണ് കെഎല്‍ രാഹുലിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.

പോയിന്‍റ് പട്ടികയില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയം സ്വന്തമായുള്ള അവര്‍ക്ക് ആറ് പോയിന്‍റാണുള്ളത്. സ്വന്തം തട്ടകത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്താനായാല്‍ ലഖ്‌നൗവിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം.

മറുവശത്ത്, പത്താം സ്ഥാനക്കാരാണ് ഡല്‍ഹി. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് സീസണില്‍ ഇതുവരെ റിഷഭ് പന്തിനും സംഘത്തിനും നേടാനായത്. അതുകൊണ്ട് തന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.

മായങ്ക് ഇല്ലാതെ ലഖ്‌നൗ : പരിക്കേറ്റ യുവതാരം മായങ്ക് യാദവ് ഇല്ലാതെയാകും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്ന് കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു ഓവര്‍ മാത്രം പന്തെറിഞ്ഞ ശേഷം പരിക്കിനെ തുടര്‍ന്ന് താരം കളം വിടുകയായിരുന്നു. മറ്റൊരു പേസര്‍ മൊഹ്‌സിൻ ഖാന്‍റെ ഫിറ്റ്‌നസും ലഖ്‌നൗവിന് ആശങ്കയാണ്.

എന്നാല്‍, ലഖ്‌നൗവിലെ സ്‌പിൻ ട്രാക്കില്‍ സ്‌പിന്നര്‍മാരുടെ പ്രകടനം ആതിഥേയര്‍ക്ക് പ്രതീക്ഷയാണ്. അവസാന മത്സരത്തില്‍ സ്‌പിന്നര്‍മാരുടെ നിര്‍ണായക ബൗളിങ് പ്രകടനമായിരുന്നു അവര്‍ക്ക് ജയമൊരുക്കിയത്. ബാറ്റിങ്ങില്‍ ക്വിന്‍റണ്‍ ഡി കോക്ക്, ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍, നിക്കോളസ് പുരാൻ എന്നിവരിലാണ് ലഖ്‌നൗ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം : ക്വിന്‍റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാൻ, ആയുഷ് ബഡോണി, കൃണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, നവീൻ ഉല്‍ ഹഖ്, അര്‍ഷാദ് ഖാൻ, എം സിദ്ധാര്‍ഥ്.

തിരിച്ചുവരവിന് ഡല്‍ഹി : ബാറ്റര്‍മാരുടെ മോശം ഫോമും പ്രധാന താരങ്ങളുടെ പരിക്കുമാണ് ഈ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് തിരിച്ചടിയായിരിക്കുന്നത്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവയ്‌ക്കുന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്‍റെ പ്രകടനങ്ങള്‍ മാത്രമാണ് ഡല്‍ഹിക്ക് ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നത്. ക്യാപ്‌റ്റൻ റിഷഭ് പന്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മികവിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ലഖ്‌നൗവില്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

പരിക്കിന്‍റെ പിടിയിലുള്ള സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ അഭാവം ഡല്‍ഹി കാപിറ്റല്‍സിന് ഇന്ന് കനത്ത നഷ്‌ടമായേക്കും. കുല്‍ദീപിന്‍റെ അഭാവത്തില്‍ അക്‌സര്‍ പട്ടേലിന്‍റെ നാല് ഓവറുകള്‍ കാപിറ്റല്‍സിന് ഏറെ നിര്‍ണായകമാണ്.

ഡല്‍ഹി കാപിറ്റല്‍സ് സാധ്യത ടീം : പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, അഭിഷേക് പോറെല്‍, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, ആൻറിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്, കുമാര്‍ കുശാഗ്ര.

Also Read : പൊള്ളാര്‍ഡ്, രോഹിത്, ഹാര്‍ദിക് ഇപ്പോ ഇഷാനും; വമ്പന്‍ നാഴികകല്ല് പിന്നിട്ട് 25-കാരന്‍ - Ishan Kishan Mumbai Indians

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.