ETV Bharat / sports

സ്റ്റാര്‍ക്കിന് തിളങ്ങാന്‍ കഴിയാത്തതിന്‍റെ കാരണം ഇതാണ്..; ഇര്‍ഫാന്‍ പഠാന്‍ പറയുന്നു - Irfan Pathan on Mitchell Starc

author img

By ETV Bharat Kerala Team

Published : Mar 30, 2024, 5:48 PM IST

ഐപിഎല്ലില്‍ ഇതേവരെ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തു.

RCB VS KKR  IPL 2024  MITCHELL STARC  KOLKATA KNIGHT RIDERS
Irfan Pathan on Mitchell Starc after RCB vs KKR match in IPL 2024

മുംബൈ: കഴിഞ്ഞ മിനി ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് 24.75 കോടിയ്‌ക്ക് വാങ്ങിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോഡുമായാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 17-ാം സീസണില്‍ കളിക്കാന്‍ എത്തിയത്. എന്നാല്‍ സീസണില്‍ കൊല്‍ക്കത്ത രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിനായിട്ടില്ല. ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, താരം നല്ല അടി വാങ്ങുകയും ചെയ്‌തു.

രണ്ട് മത്സരങ്ങളിലുമായി എറിഞ്ഞ എട്ട് ഓവറുകളില്‍ നിന്നും 100 റണ്‍സാണ് താരം വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 53 റണ്‍സായിരുന്നു സ്റ്റാര്‍ക്ക് വിട്ടുനല്‍കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ രണ്ടാമത്തെ കളിയില്‍ 47 റണ്‍സും 34-കാരനെതിരെ എതിര്‍ ബാറ്റര്‍മാര്‍ കണ്ടെത്തി.

ഇപ്പോഴിതാ ഐപിഎല്ലില്‍ സ്റ്റാര്‍ക്കിന് തിളങ്ങാന്‍ കഴിയാത്തതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പന്ത് സ്വിംഗ് ചെയ്യുമ്പോൾ ഏറ്റവും അപകടകാരിയായ ബോളറാണ് സ്റ്റാര്‍ക്ക്. എന്നാല്‍ പിച്ചുകള്‍ അനുകൂലമല്ലാത്തതോടെ അല്ലെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തിലെ പരിചയക്കുറവോ ആണ് സ്റ്റാര്‍ക്കിന് തിരിച്ചടിയാവുന്നതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

"പന്ത് സ്വിംഗ് ചെയ്യുമ്പോൾ സ്റ്റാർക്ക് ഏറ്റവും അപകടകാരിയാണ്. ആ ലൂപ്പിംഗ് സ്വിംഗ് വലംകൈ ബാറ്റര്‍മാര്‍ക്ക് എതിരെയാണെങ്കില്‍ അതു മാരകമായേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എനിക്കത് കാണാന്‍ കഴിഞ്ഞില്ല.

ഒരു പക്ഷെ പിച്ചുകള്‍ അനുകൂലമല്ലാത്തതോ, അല്ലെങ്കില്‍ സാഹചര്യങ്ങളിലെ പരിചയക്കുറവോ ആവാം ഇതിന് കാരണമായി മാറുന്നത്. എന്നാല്‍ ഒരിക്കല്‍ ആ ഇന്‍ സ്വിങ്ങര്‍ ലഭിച്ചാല്‍ ഐപിഎല്ലിലുടനീളം ശ്രദ്ധിക്കേണ്ട ഒരു ബോളറാകും അദ്ദേഹം" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റെഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് പിന്നാലെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍റെ വാക്കുകള്‍. മത്സരത്തില്‍ ബെംഗളൂരുവിനെ കൊല്‍ക്കത്ത ഏഴ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.

ALSO READ: രോഹിത്തിനെ വാങ്കഡെ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്, ഹാര്‍ദിക്കിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാണാനാണ് ആകാംക്ഷ; സ്‌റ്റീവ് സ്‌മിത്ത് - Steve Smith Advises Hardik Pandya

59 പന്തില്‍ പുറത്താവാതെ 83 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ടോപ് സ്‌കോറര്‍. മറുപടിക്ക് ഇറങ്ങിയ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്നിന് 186 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. വെങ്കടേഷ് അയ്യര്‍ (30 പന്തില്‍ 50), സുനില്‍ നരെയ്‌ന്‍ (22 പന്തില്‍ 47), ശ്രേയസ് അയ്യര്‍ (24 പന്തില്‍ 39*) എന്നിവര്‍ തിളങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.