ETV Bharat / sports

'ഹാര്‍ദിക്കിന് മുംബൈയെ കൈകാര്യം ചെയ്യാനാവുന്നില്ല; ബുംറ ഇല്ലാതിരുന്നിട്ടും പ്ലേ ഓഫിലേക്ക് എത്തിയ ടീമാണത്' - Irfan pathan on Hardik pandya

author img

By ETV Bharat Kerala Team

Published : May 1, 2024, 4:17 PM IST

LSG VS MI  IRFAN PATHAN TWEET ON HARDIK PANDYA  ഇര്‍ഫാന്‍ പഠാന്‍  ഹാര്‍ദിക് പാണ്ഡ്യ
IPL 2024 Irfan pathan Criticizes Hardik pandya after LSG vs MI match

മുബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് നിരവധി പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറും കമന്‍റേറ്ററുമായ ഇര്‍ഫാന്‍ പഠാന്‍. കളിക്കളത്തില്‍ ടീമിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഹാര്‍ദിക്കിന് കഴിയുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന് നിരവധി തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഇര്‍ഫാന്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടത്.

രോഹിത് ശര്‍മയുടെ കീഴില്‍ കളിച്ച കഴിഞ്ഞ സീസണില്‍ ജസ്‌പ്രീത് ബുംറ ഇല്ലാതിരുന്നിട്ടും മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ബുംറ കളിച്ചിട്ടും മുംബൈക്ക് തിളങ്ങാന്‍ കഴിയുന്നില്ലെന്നും താരം തന്‍റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

"ജസ്‌പ്രീത് ബുംറ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലേക്ക് എത്താന്‍ മുംബൈക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സീസണില്‍ ബുംറ കളിക്കുന്നുണ്ട്. പക്ഷെ അവരുടെ സ്ഥിതി ഇതാണ്. തീര്‍ച്ചയായും ഗ്രൗണ്ടിൽ ടീമിനെ നന്നായി കൈകാര്യം ചെയ്യാത്തത് കൊണ്ടാണിത് സംഭവിച്ചത്. അവരുടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് ധാരാളം പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ഇതു സത്യമാണ്" ഇര്‍ഫാന്‍ പഠാന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം ലഖ്‌നൗവിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു മുംബൈ തോല്‍വി വഴങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സായിരുന്നു അടിച്ചത്. നെഹാല്‍ വധേര 41 പന്തില്‍ 46 റണ്‍സുമായി ടോപ്‌ സ്‌കോററായി. ടിം ഡേവിഡ് (18 പന്തില്‍ 35*), ഇഷാന്‍ കിഷന്‍ (36 പന്തില്‍ 32) എന്നിവരാണ് നിര്‍ണായക സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.

മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ നാല് പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. മാര്‍ക്കസ്‌ സ്റ്റോയിനിസിന്‍റെ അര്‍ധ സെഞ്ചുറിയാണ് ടീമിന് ഏറെ നിര്‍ണായകമായത്. 45 പന്തില്‍ രണ്ട് സിക്‌സും ഏഴ്‌ ബൗണ്ടറികളും സഹിതം 62 റണ്‍സായിരുന്നു താരം അടിച്ചത്. കെഎല്‍ രാഹുല്‍ (22 പന്തില്‍ 28), ദീപക്‌ ഹൂഡ (18 പന്തില്‍ 18), നിക്കോളാസ് പുരാന്‍ (14 പന്തില്‍ 14*) എന്നിവരും പ്രധാന സംഭാവന നല്‍കി.

ALSO READ: 'അവര്‍ ഒരു ടീമല്ല, വ്യത്യസ്‌ത ഗ്രൂപ്പുകളാണ്; പുറത്ത് കാണുന്നതിനേക്കാള്‍ അധികം അകത്ത് നടക്കുന്നുണ്ട്' - Michael Clarke On Mumbai Indians

തോല്‍വിയോടെ പോയിന്‍റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തേക്ക് മുംബൈ താഴ്‌ന്നു. കളിച്ച 10 മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രം നേടിയ ടീമിന് ആറ് പോയിന്‍റാണുള്ളത്. ഇനി ബാക്കിയുള്ള നാല് മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമേ ടീമിന് പ്ലേ ഓഫിന് നേരിയ പ്രതീക്ഷ പോലും നിലനിർത്താനാവൂ. മത്സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയളാണ് മുംബൈയുടെ വിധി നിര്‍ണയിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.