ETV Bharat / sports

എവിടെ നിങ്ങളുടെ ബാസ്‌ ബോള്‍ ? ; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ 'ട്രോളി' ഇന്ത്യന്‍ ആരാധകര്‍

author img

By ETV Bharat Kerala Team

Published : Jan 26, 2024, 10:34 AM IST

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം : ഒന്നാം ഇന്നിങ്‌സിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന് ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍.

Ind vs Eng 1st Test  Fans Trolls England  Baz ball Trolled  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ട്രോള്‍
Fans Trolled England Cricket Team

ഹൈദരാബാദ് : ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലീഷ് ടീമിനെതിരെ പരിഹാസവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയത്.

ഇംഗ്ലണ്ടിന്‍റെ 'ബാസ് ബോള്‍' ശൈലി മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം റണ്‍സ് കണ്ടെത്തുന്ന ഇംഗ്ലണ്ടിന്‍റെ ഈ രീതി ഇന്ത്യയിലും നടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. എന്നാല്‍, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിരിച്ച വലയില്‍ കുരുങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഹൈദരാബാദില്‍ പ്രതീക്ഷിച്ചത് പോലെ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു.

ഇന്ത്യയുടെ സ്‌പിന്‍ കോംബോ അശ്വിന്‍ - ജഡേജ സഖ്യം ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. മറ്റൊരു സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും നേടി. ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ ജസ്‌പ്രീത് ബുംറയാണ് സ്വന്തം പേരിലാക്കിയത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ കളി നിയന്ത്രിച്ച ഉപ്പലിലെ ആദ്യ ദിനത്തില്‍ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒഴികെ മറ്റാര്‍ക്കും അര്‍ധസെഞ്ച്വറി നേടാനുമായിരുന്നില്ല. 88 പന്തില്‍ 70 റണ്‍സടിച്ച സ്റ്റോക്‌സിനെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഗാലറിയില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ 'നിങ്ങളുടെ ബാസ്‌ ബോള്‍ എവിടെ' എന്ന ചാന്‍റ് മുഴക്കിയത്.

അതേസമയം, ഹൈദരാബാദ് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ബാറ്റ് കൊണ്ടും മേധാവിത്വം സ്ഥാപിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. യശസ്വി ജയ്‌സ്വാളിന്‍റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് ആദ്യ ദിനത്തില്‍ മേല്‍ക്കൈ നല്‍കിയത്. ആദ്യ ദിനം ഇന്ത്യ നേടിയ 119 റണ്‍സില്‍ 76 റണ്‍സും അടിച്ചെടുത്തത് ജയ്‌സ്വാളായിരുന്നു.

Also Read : കമ്മിന്‍സിന്‍റെ '2023', ഐസിസിയുടെ മികച്ച താരമായി ഓസീസ് നായകന്‍ ; നാറ്റ് സ്‌കിവര്‍ ബ്രണ്ടിനും നേട്ടം

എന്നാല്‍, മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ക്കായില്ല. ഇന്ന് നാല് റണ്‍സ് മാത്രം നേടിയ താരത്തെ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് പുറത്താക്കുകയായിരുന്നു. 74 പന്തില്‍ 10 ഫോറിന്‍റെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയില്‍ 80 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ പുറത്തായത്.

നിലവില്‍ 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 145-2 എന്ന നിലയിലാണ് ഇന്ത്യ. ശുഭ്‌മാന്‍ ഗില്‍ (16), കെഎല്‍ രാഹുല്‍ (19) എന്നിവരാണ് ക്രീസില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.