ETV Bharat / sports

'പാകിസ്ഥാനെതിരെ ഓറഞ്ച് ജഴ്‌സി ധരിക്കാന്‍ ബിസിസിഐ നിര്‍ബന്ധിച്ചു, എന്നാല്‍ കളിക്കാര്‍ എതിര്‍ത്തു' - Indian Cricket Team orange jersey

author img

By ETV Bharat Kerala Team

Published : May 17, 2024, 6:13 PM IST

2023-ലെ ഏകദിന ലോകകപ്പില്‍ ഓറഞ്ച് ജഴ്‌സി ധരിക്കാന്‍ ബിസിസിഐ കളിക്കാരോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. സ്‌പോര്‍ട്‌സ് മാസികയായ 'വിസ്‌ഡന്‍' പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്.

ODI WORLD CUP 2023  INDIA VS PAKISTAN  ROHIT SHARMA  BCCI
Indian Cricket Team (IANS)

മുംബൈ : കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി മാറ്റാന്‍ ബിസിസിഐ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗതമായ നീല നിറം ഒഴിവാക്കി പാകിസ്ഥാനെതിരായ മത്സരത്തില്‍ ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി അണിയാന്‍ കളിക്കാരോട് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വെളിപ്പെടുത്തല്‍. സ്‌പോര്‍ട്‌സ് മാസികയായ വിസ്‌ഡനിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രമുഖ സ്പോര്‍ട്‌സ് ലേഖികയായ ഷാര്‍ദ ഉഗ്രയാണ് ലേഖനം എഴുതിയത്. അഹമ്മദാബാദില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് രണ്ട് ദിവസം മുന്‍പ് ഓറഞ്ച് ജഴ്‌സി കളിക്കാര്‍ക്ക് നല്‍കി. മത്സരത്തിനായി പ്രസ്‌തുത ജഴ്‌സി അണിയണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കി.

എന്നാല്‍ കളിക്കാര്‍ ഈ നിര്‍ദേശത്തോട് വിയോജിക്കുകയായിരുന്നുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. ഹോളണ്ടിന്‍റേതിന് സമാനമാണ് ജഴ്‌സിയെന്ന് ഒരു വിഭാഗം കളിക്കാര്‍ ചൂണ്ടിക്കാട്ടി. ടീമിലെ എല്ലാവരേയും ഉള്‍ക്കൊള്ളുതന്നല്ല ജഴ്‌സിയെന്ന് മറ്റൊരു വിഭാഗം കളിക്കാര്‍ നിലപാടെടുത്തുവെന്നുമാണ് ഷാര്‍ദ ഉഗ്ര തന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.

ഒക്‌ടോബര്‍ 14-ന് നടന്ന മത്സരത്തിന് പരമ്പരാഗതമായ നീല ജഴ്‌സിയില്‍ തന്നെയായിരുന്നു ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയില്‍ ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ബിസിസിഐ തന്നെ പ്രസ്‌തുത റിപ്പോര്‍ട്ട് തള്ളി രംഗത്ത് എത്തി.

അതേസമയം ടൂര്‍ണമെന്‍റില്‍ പരിശീലന സെഷനുകളിലും യാത്രയിലും ഉപയോഗിക്കാനായി ഓറഞ്ച് ജഴ്‌സിയാണ് താരങ്ങള്‍ക്ക് ബിസിസിഐ നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ ഇന്ത്യന്‍ ടീമിനെ കാവിവത്‌കരിക്കാന്‍ ശ്രമം നടത്തുന്നുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പടെ തോല്‍വി അറിയാതെ 10 മത്സരങ്ങള്‍ വിജയിച്ച ടീമിന് ഫൈനലിലാണ് കാലിടറിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആയിരുന്നു ഇന്ത്യയെ തോല്‍പ്പിച്ചത്.

ALSO READ: 'ചെയ്യാനുള്ളതെല്ലാം ചെയ്‌ത് കഴിഞ്ഞാല്‍ ഞാൻ പോകും'; വിരാട് കോലിയും കളി മതിയാക്കുന്നു..? താരത്തിന് പറയാനുള്ളത് - Virat Kohli Retirement Plans

അതേസമയം അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സിയില്‍ ഓറഞ്ച് നിറവും ഇടം നേടിയിട്ടുണ്ട്. ചുമലിലും കൈകളിലുമാണ് ഓറഞ്ച് നിറം നല്‍കിയിട്ടുള്ളത്. ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളാണ് ടി20 ലോകകപ്പിന് ആതിഥേയരാവുന്നത്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 11 വര്‍ഷത്തിലേറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ടൂര്‍ണമെന്‍റില്‍ ലക്ഷ്യം വയ്‌ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.